ഇനി ചെറിയ കളികളില്ല, ഇന്ത്യക്കായി പുത്തന്‍ വാഹനങ്ങളുടെ പട്ടികയുമായി ഒരു വണ്ടിക്കമ്പനി

By Web TeamFirst Published Jan 15, 2020, 9:14 AM IST
Highlights

ഇന്ത്യക്കായി പുത്തന്‍ വാഹനങ്ങളുടെ പട്ടികയുമായി ഈ വണ്ടിക്കമ്പനി

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍.

കമ്പനി നാല് മോഡലുകൾ പ്രദർശിപ്പിക്കും. ഇവയെല്ലാം എസ്‍യുവികളാണ്. ഈ മോഡലുകളെല്ലാം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലുമെത്തും. എസ്‌യുവികളുടെ ഷോയിലെ അവതരണം വ്യക്തമാക്കി ഒരു ടീസർ ചിത്രവും ഫോക്സ്‌വാഗൺ ഇന്ത്യ തങ്ങളുടെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാല് പുതിയ മോഡലുകളിൽ ഫോക്‌സ്‌വാഗൺ A0 എസ്‌യുവിയുടെ ലോക പ്രീമിയറും നടത്തും. പുതിയ ഫോക്‌സ്‌വാഗൺ A0 മോഡൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കും. ഓട്ടോ എക്‌സ്‌പോ 2020 -ൽ വാഹനത്തിന്റെ ഏറെ കുറെ പ്രൊഡക്ഷൻ-സ്‌പെക്ക് രൂപത്തിലാവും പ്രദർശിപ്പിക്കുക.

ഫോക്‌സ്‌വാഗൺ A0 എസ്‌യുവിയെ കൂടാതെ T-റോക്ക്, ടിഗുവാൻ ഓൾസ്‌പേസ്, ID ക്രോസ് ഇലക്ട്രിക് എസ്‌യുവി എന്നിവയുടെ ഇന്ത്യ-സ്പെക്ക് പതിപ്പുകളാണ് കമ്പനി പുറത്തിറക്കുക. ഫോക്‌സ്‌വാഗനിൽ നിന്നുള്ള T-റോക്ക് എസ്‌യുവി ഇന്ത്യ നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിലാവും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണികളിൽ ഉപയോഗിക്കുന്ന MQB A0 ആർക്കിടെക്ച്ചറിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ഇതോടൊപ്പം രാജ്യത്ത് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ടിഗ്വാൻ എസ്‌യുവിയുടെ ഏഴ് സീറ്റ് പതിപ്പായ ടിഗ്വാൻ ഓൾസ്പെയിസും ഇവയ്ക്കൊപ്പം ഓട്ടോ എക്സ്പോയിൽ ജർമ്മൻ നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകോത്തര മോഡലുകൾ പലതും തങ്ങളുടെ അന്താരാഷ്ട്ര നിരയിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതായി കമ്പനി വ്യക്തമാക്കി.

2008-ലാണ് ഫോക്സ്‌വാഗൺ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. പോളോ എന്ന ഒരൊറ്റ ഹാച്ച്ബാക്ക് മോഡൽ കൊണ്ടുതന്നെ ഫോക്സ്‌വാഗൺ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടു. പക്ഷെ പിന്നീട് ഫോക്സ്‌വാഗൺ പുറത്തിറക്കിയ ഒരു മോഡലിനും മികച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. അമേയോ, വെന്റോ, പസ്സാറ്റ് എന്നിങ്ങനെ ധാരാളം മോഡലുകളുണ്ടെങ്കിലും ഇന്ത്യയിൽ ഒരു ശക്തമായ സാന്നിധ്യമായി വളർന്നു വരാൻ ഒരു ദശകത്തിനു ശേഷവും കഴിഞ്ഞിട്ടില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

എന്തായാലും പുതിയ മോഡലുകളുടെ അവതരണത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

click me!