വേഗതയില്‍ ടെസ്‍ലയെ മലര്‍ത്തിയടിച്ചൊരു കാര്‍!

By Web TeamFirst Published Sep 9, 2020, 12:10 PM IST
Highlights

ഇലക്ട്രോണിക് കാർ നിർമാണ രംഗത്തെ വമ്പനായ ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഇതോട് ലൂസിഡ് മോട്ടോർസ് ഉയര്‍ത്തിയിരിക്കുന്നത്

പത്ത് സെക്കന്റിനുള്ളില്‍ ക്വാര്‍ട്ടര്‍ മൈല്‍ (0.402 കിലോമീറ്റര്‍) പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇലക്ട്രിക്ക് കാറെന്ന റെക്കോഡ് സ്വന്തമാക്കി ലൂസിഡ് മോട്ടോഴ്‌സിന്‍റെ ലൂസിഡ് എയര്‍ കാർ. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ടെസ്‌ലയുടെ റെക്കോർഡാണ് ലൂസിഡ് മോട്ടോഴ്‌സ് തകർത്തിരിക്കുന്നത്. അടുത്ത ആഴ്ച്ചയില്‍ വിപണിയിലിറങ്ങാനിരിക്കുകയാണ് ലൂസിഡ് എയർ.

9.9 സെക്കന്റില്‍ ഒരു ക്വാര്‍ട്ടര്‍ മൈല്‍ മറികടന്നുവെന്നാണ് ലൂസിഡ് മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. കമ്പനി ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ടെസ്ല മോഡല്‍ എസ് അടക്കം ഒരു ഇലക്ട്രിക് കാറിനും ക്വാര്‍ട്ടര്‍ മൈല്‍ പത്ത് സെക്കന്റിനുള്ളില്‍ മറികടക്കാനായിട്ടില്ല.

ഇലക്ട്രിക് കാറുകളില്‍ ലൂസിഡ് എയറിന്റെ ക്വാര്‍ട്ടര്‍ മൈല്‍ റെക്കോഡിന് നിലവില്‍ എതിരാളികളില്ല. അതേസമയം, ഇലക്ട്രിക് ഇതരകാറുകളില്‍ പലതിനും ക്വാര്‍ട്ടര്‍ മൈല്‍ വേഗം പത്ത് സെക്കന്റിനകം മറികടക്കാനാകും. ബാറ്ററി നിര്‍മ്മാതാക്കളായ അട്ടെയ്‌വയാണ് 2007ല്‍ ലൂസിഡ് മോട്ടോഴ്‌സ് സ്ഥാപിക്കുന്നത്.

ഇലക്ട്രോണിക് കാർ നിർമാണ രംഗത്തെ വമ്പനായ ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഇതോട് ലൂസിഡ് മോട്ടോർസ് ഉയര്‍ത്തിയിരിക്കുന്നത്.  പ്രത്യേക ട്രാക്കില്‍ അനുഭവസമ്പന്നരായ ഡ്രൈവര്‍മാരുടെ സഹായത്തിലാണ്  ലൂസിഡ് എയര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
 

click me!