ഇടിപരീക്ഷയില്‍ മിന്നുംപ്രകടനം, സുരക്ഷയില്‍ താരമായി ഇന്ത്യയിലുണ്ടാക്കിയ ഫിഗോ!

By Web TeamFirst Published Oct 14, 2019, 2:54 PM IST
Highlights

യാത്രികരുടെ സുരക്ഷ ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് ഫോര്‍ഡ് ഫിഗോ

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കുകളിലൊന്നാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷാമികവിലും മുന്നിലാണ്.

ഇപ്പോഴിതാ ഈ സുരക്ഷ ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ് ഫിഗോ. വാഹനങ്ങള്‍ക്കുള്ള സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റിലാണ് ഫിഗോയുടെ ഈ നേട്ടം. ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മിന്നുന്നപ്രകടനം കാഴ്‍ചവച്ചത്. 

ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തി. 

2019 മാര്‍ച്ചിലാണ് പുത്തന്‍ ഫിഗോയെ ഫോര്‍ഡ് നിരത്തിലെത്തിച്ചത്. ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഫിഗോ വിപണിയിലെത്തുന്നത്. പുതുക്കിപ്പണിത ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം,  ഹെഡ്‍ലാമ്പ്,  പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് പുത്തന്‍  ഫിഗോയുടെ പ്രധാന പ്രത്യേകതകള്‍. ബ്ലാക്ക് ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റും ബ്ലൂ ട്രിം, ഡ്യുവല്‍ ടോണ്‍ റൂഫ്, ബ്ലാക്ക് മിറര്‍, റിയര്‍ സ്‌പോയിലര്‍, 15 ഇഞ്ച് വീല്‍, ബ്ലൂ തീമിലുള്ള ഇന്റീരിയര്‍ എന്നിങ്ങനെ പുതുതായി എത്തിയ ടൈറ്റാനിയം ബ്ലു വേരിയന്റിലെ പ്രത്യേകതകള്‍ നീളുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് മിറര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, റെയ്ന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയും ഉയര്‍ന്ന വേരിയന്റിനെ വേറിട്ടതാക്കുന്നു. 

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസലിനൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും പുതിയ ഫിഗോയിലുണ്ട്. 96 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കും ഈ പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്‍ടിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 123 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ലഭിക്കും. 100 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സൃഷ്‍ടിക്കും. 1.5 ലിറ്ററില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ബാക്കി രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമാണ്. 1016 മുതല്‍ 1078 കിലോഗ്രാമാണ് ഭാരം. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്‌), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനം.

പെട്രോളില്‍ 42 ലിറ്ററും ഡീസലില്‍ 40 ലിറ്ററുമാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന  മൈലേജ്. 5.79 ലക്ഷം മുതല്‍ 8.66 ലക്ഷം വരെയാണ് വിവിധ വേരിയന്‍റുകളിലായി വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. 

click me!