ചുരുക്കം ദിവസങ്ങള്‍; മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കിയത് 80,000 ഫെയ്‌സ്‍ ഷീല്‍ഡുകള്‍!

By Web TeamFirst Published Apr 19, 2020, 11:43 AM IST
Highlights

ഇതുവരെ രാജ്യത്തുടനീളം 80,000 ഫെയ്‌സ്ഷീല്‍ഡുകള്‍ മഹീന്ദ്ര വിതരണം ചെയ്‍ത് കഴിഞ്ഞു എന്നാണ് പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പിറന്നു വീണിരുന്ന നിര്‍മ്മാണ ശാലകളില്‍  ജീവന്‍ രക്ഷാ ഉപകരണങ്ങളും നിര്‍മ്മിക്കാനാകുമെന്ന് തെളിയിച്ചാണ് ഈ കൊറോണക്കാലത്ത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ജനഹൃദയങ്ങളില്‍ നിറഞ്ഞത്. വെന്റിലേറ്ററുകളും ഫെയ്‌സ്‌ ഷീല്‍ഡുകളും മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുമൊക്കെയാണ് ഇപ്പോള്‍ കമ്പനി നിര്‍മ്മിക്കുന്നത്.

ഇതുവരെ രാജ്യത്തുടനീളം 80,000 ഫെയ്‌സ്ഷീല്‍ഡുകള്‍ മഹീന്ദ്ര വിതരണം ചെയ്‍ത് കഴിഞ്ഞു എന്നാണ് പുതിയ വാര്‍ത്തകള്‍. മാര്‍ച്ച് 30-നാണ് രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഫെയ്‌സ്ഷീല്‍ഡുകളുടെ നിര്‍മാണം മഹീന്ദ്ര ആരംഭിച്ചത്. അതിവേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് മുമ്പ് മഹീന്ദ്ര അറിയിച്ചിരുന്നു. ഏപ്രില്‍ 17-ാം തീയതിയിലെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിലായി 80,000 ഫെയ്‌സ് ഷീല്‍ഡുകള്‍ നല്‍കി കഴിഞ്ഞെന്നാണ് മഹീന്ദ്ര അറിയിച്ചത്. 

മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. വളരെ ലളിതമായ ഡിസൈനില്‍ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഷീല്‍ഡുകളാണ് മഹീന്ദ്രയുടെ പ്ലാന്റില്‍ ഒരുങ്ങുന്നത്. മഹീന്ദ്രയുടെ പാര്‍ട്‍ണര്‍ കൂടിയായ അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫോര്‍ഡില്‍ നിന്നുമാണ് മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകൽപ്പന സ്വന്തമാക്കിയയത്.  

നിര്‍മാണം ആരംഭിച്ച് 17 ദിവസത്തിനുള്ളില്‍ 80,000 ഫെയ്‌സ് ഷീല്‍ഡുകള്‍ വിവിധ പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഈ നീക്കത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. 

മഹീന്ദ്രയുടെ വെന്റിലേറ്റര്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. മാതൃകയില്‍ നല്‍കിയതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് എയര്‍100 അല്ലെങ്കില്‍ ആംബു ബാഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വെന്റിലേറ്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. വെന്‍റിലേറ്റര്‍ നിര്‍മ്മിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ജീവനക്കാര്‍ അതിന്‍റെ മാതൃക പുറത്തിറക്കിയത്. വെറും 7500 രൂപ മാത്രമാണ് ഇതിന്‍റെ വില. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വെന്‍റിലേറ്റര്‍ ഒന്നിനു വില വരുന്നിടത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണായക ചുവടുവയ്‍പ്.  

click me!