
ഇന്ത്യയിലെ രണ്ട് പ്രമുഖ ആഭ്യന്തര വാഹന ബ്രാൻഡുകളാണ് ടാറ്റയും മഹീന്ദ്രയും. വാഹന വില്‍പ്പനയില്‍ ഇരു കമ്പനികളും തമ്മിലുള്ള പോര് കനക്കുകയാണ്. മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും 2023 സെപ്റ്റംബർ മാസത്തെ അവരുടെ വിൽപ്പന നമ്പറുകൾ പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. മൂന്നാംസ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് ഇരുകമ്പനികളും തമ്മില്‍. ടാറ്റയെ ഞെട്ടിച്ചുകൊണ്ടാണ് വില്‍പ്പനയില്‍ മഹീന്ദ്രയുടെ കുതിപ്പ്.
വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സിന് മൂന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞു. അതേസമയം കഴിഞ്ഞ മാസം 41000 എസ്‌യുവികൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇത് ഇപ്പോൾ ടാറ്റയുടെ മൂന്നാം സ്ഥാനത്തിന് ഭീഷണിയാണ്. 2023 സെപ്റ്റംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 20 ശതമാനം വിൽപ്പന വളർച്ച നേടിയപ്പോൾ ടാറ്റയുടെ വിൽപ്പനയിൽ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2023 സെപ്റ്റംബറിലെ വിൽപ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും ആൻഡ് മഹീന്ദ്രയും തമ്മിലുള്ള അന്തരം 3,000 യൂണിറ്റിൽ താഴെയായിരുന്നു. മഹീന്ദ്ര എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാണുമ്പോൾ, അതിന്റെ വിൽപ്പനയിൽ തുടർച്ചയായ വർദ്ധനവ് പ്രതീക്ഷിക്കാം.
ടാറ്റ മോട്ടോഴ്‌സ് 2023 സെപ്റ്റംബറിൽ ആഭ്യന്തര വിപണിയിൽ 44,809 യൂണിറ്റുകൾ വിറ്റഴിച്ചു.കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 47,654 യൂണിറ്റായിരുന്നു. ബ്രാൻഡിന്റെ പാസഞ്ചർ വാഹന വിൽപ്പനയിൽ ആറ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവികള്‍ ഉൾപ്പെടെയുള്ള ടാറ്റയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന കഴിഞ്ഞ മാസം 45,317 യൂണിറ്റായിരുന്നു. 2022 സെപ്റ്റംബറിലെ 47,864 യൂണിറ്റുകളിൽ നിന്ന്, വാര്‍ഷിക വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി.
അതേസമയം 2023 സെപ്റ്റംബറിൽ മഹീന്ദ്രയുടെ വിൽപ്പനയിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 34,262 യൂണിറ്റുകളിൽ നിന്ന് എസ്‌യുവികളും എംപിവികളും ഉൾപ്പെടെ 41,267 യുവി കാറുകൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പ്രതിമാസം 49,000 യുവി കാറുകൾ നിർമ്മിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു, ഇത് വിൽപ്പനയിലെ തുടർച്ചയായ വർധനയിൽ നിന്ന് വളരെ വ്യക്തമാണ്. സ്‍കോര്‍പിയോ എൻ, XUV700, സ്‍കോര്‍പിയോ ക്ലാസിക്ക് എന്നിവയുൾപ്പെടെയുള്ള പുതിയ എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി അതിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചു.
മാരുതി സുസുക്കിയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. രണ്ട് ബ്രാൻഡുകളും 2023 സെപ്റ്റംബറിൽ പോസിറ്റീവ് വാര്‍ഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി.