ഥാര്‍ വാങ്ങാന്‍ രാജകുമാരന്‍, താക്കോല്‍ നല്‍കാന്‍ മഹീന്ദ്ര മുതലാളി!

By Web TeamFirst Published Sep 2, 2019, 2:16 PM IST
Highlights

മഹീന്ദ്രയുടെ ജനപ്രിയവാഹനം ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 സ്വന്തമാക്കി ഒരു രാജകുമാരന്‍

മഹീന്ദ്രയുടെ ജനപ്രിയവാഹനം ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഥാര്‍ 700 സ്വന്തമാക്കി മഹാറാണ പ്രതാപിന്റെ പിന്തുടർച്ചക്കാരനായ ഉദയ്പുര്‍ രാജകുമാരന്‍ ലക്ഷ്യരാജ് സിങ്ങ് മേവാര്‍. രാജസ്ഥാനിലെ മഹീന്ദ്ര ഷോറൂമില്‍ വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്നെയാണ് രാജകുമാരന് പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.  

ഉദയ്‍പൂര്‍ രാജകുടുംബത്തിന്റെ വാഹനപ്രേമം പ്രസിദ്ധമാണ്. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു വിന്റേജ് കാര്‍ മ്യൂസിയം തന്നെയുണ്ട്. റോള്‍സ് റോയിസ്, റൈറ്റ് ഹാന്‍ഡ് കാഡിലാക്, മെഴ്‌സിഡസ് കാറുകള്‍, 1947 ഷെവര്‍ലെ ബസ്, 1950 മോറിസ് ടൈഗര്‍, ഫോര്‍ഡ് മോഡല്‍ എ, 1942 ഫോര്‍ഡ് ജീപ്പ് തുടങ്ങിയ വാഹനങ്ങളുടെ ആദ്യകാല മോഡലുകളുടെ ശേഖരമാണ് മ്യൂസിയം നിറയെ. ലക്ഷ്യരാജ് സിങ് മേവാറിന് ഥാർ 700 നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്രം ട്വീറ്റ് ചെയ്‍തു. 

ഉല്‍പ്പാദനം അവസാനിപ്പിക്കുന്ന ഥാറിന്‍റെ അവസാന  യൂണിറ്റുകൾ പ്രത്യേക പതിപ്പാക്കി പുറത്തിറക്കുന്നതാണ് ഥാര്‍ 700.  മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോട് കൂടിയ സ്‌പെഷ്യല്‍ ബാഡ്‍ജാണ് അക്വാമറൈന്‍, നാപോളി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലെത്തുന്ന ഥാര്‍ 700 ന്റെ മുഖ്യ ആകര്‍ഷണം. ബ്ലാക്ക് ഫിനിഷ് ഗ്രില്‍, സില്‍വര്‍ ഫിനിഷ് ബോണറ്റ്, വശങ്ങളിലും ബോണറ്റിലുമുള്ള ഡീക്കല്‍സ്, 5 സ്‌പോര്‍ക്ക് അലോയ് വീല്‍, ഥാര്‍ ലോഗോയോടുകൂടിയ ലെതര്‍ സീറ്റ് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. എബിഎസ് (ആന്റി ലോക്കിങ് സിസ്റ്റം) സംവിധാനം സുരക്ഷ ഒരുക്കും. 

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാര്‍ 700 എഡിഷന്‍റെയും ഹൃദയം. 3800 ആര്‍പിഎമ്മില്‍ 105 ബിഎച്ച്പി പവറും 1800-2000 ആര്‍പിഎമ്മില്‍ 247 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. 

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്. 

click me!