മഹീന്ദ്ര വേറെ ലെവലാണ്, ഇത് ഇന്ത്യയിലെ ആദ്യവാഹനം!

By Web TeamFirst Published Feb 9, 2020, 9:59 AM IST
Highlights

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കണ്‍വെര്‍ട്ടിബൾ എന്ന പ്രത്യേകതയോടെ മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 
 

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കണ്‍വെര്‍ട്ടിബൾ എന്ന പ്രത്യേകതയോടെ മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 

ഇതുവരെ നിരത്തുകളില്‍ കണ്ടിട്ടുള്ള മഹീന്ദ്ര വാഹനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ്. മഹീന്ദ്ര വിഭാവനം ചെയ്യുന്ന ഇലക്ട്രിക് എസ്‌യുവിയാണ് ഇത്. 

മഹീന്ദ്ര എക്‌സ്‌യുവി 500 ഏഴ് സീറ്ററാണെങ്കില്‍ 5 സീറ്ററാണ് പുതിയ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ്. റൂഫ് നല്‍കിയിട്ടില്ല എന്നതിനാല്‍ ഡ്രോപ് ടോപ് കാറാണ് മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ്.

59.1 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് മഹീന്ദ്ര ഫണ്‍സ്റ്റര്‍ കണ്‍സെപ്റ്റ് ഉപയോഗിക്കുന്നത്. ഓരോ ചക്രത്തിലും ഓരോന്ന് വീതം ആകെ നാല് ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകും. ഫലത്തില്‍ സദാസമയവും ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) പെര്‍ഫോമന്‍സ് സമ്മാനിക്കും. ആകെ 312 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്നതിന് ഇലക്ട്രിക് കാറിന് അഞ്ച് സെക്കന്‍ഡ് മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. 

ലംബമായ നിരവധി അഴികളോടെ മഹീന്ദ്രയുടെ സവിശേഷ ഗ്രില്‍ മുന്നില്‍. തിളക്കമുള്ളതാണ് ലോഗോ. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എല്‍’ തലകുത്തി നിര്‍ത്തിയ ആകൃതിയുള്ളതാണ് ഹെഡ്‌ലാംപുകള്‍. ഫോഗ്‌ലാംപ് ക്ലസ്റ്ററുകളില്‍ എല്‍ഇഡി സ്ട്രിപ്പുകള്‍ നല്‍കിയിരിക്കുന്നു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്നതാണ് ടെയ്ല്‍ലൈറ്റ്. വലിയ ഫെന്‍ഡറുകള്‍, നീല നിറ സാന്നിധ്യത്തോടെ അലോയ് വീലുകള്‍ എന്നിവ വശങ്ങളിലെ കാഴ്ച്ചയാണ്. 

കണ്‍വെര്‍ട്ടര്‍ മോഡലായതിനാല്‍ തന്നെ ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന് മേല്‍ക്കൂര നല്‍കിയിട്ടില്ല. പ്രൊഡക്ഷന്‍ പതിപ്പിലേക്ക് വരുമ്പോള്‍ മേല്‍ക്കൂര സ്ഥാനം പിടിച്ചേക്കാം. ബട്ടര്‍ഫ്‌ളൈ ഡോറുകള്‍ നല്‍കിയത് പ്രത്യേകം എടുത്തുപറയേണ്ട സവിശേഷതയാണ്. മുന്നിലെ വിന്‍ഡ്ഷീല്‍ഡിന് ഫ്രെയിം നല്‍കിയിട്ടില്ല.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ പുതു തലമുറ എക്‌സ്‌യുവി 500 വിപണിയിലെത്തും.  

click me!