പുതുഹൃദയവുമായി എത്തി ഇന്നോവയെ വിഴുങ്ങിയ സ്രാവ്, അതും മോഹവിലയില്‍!

By Web TeamFirst Published Aug 26, 2020, 8:52 AM IST
Highlights

നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയായ മരാസോ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ തുടങ്ങിയ വമ്പന്മാര്‍ക്ക് കടുത്ത ഭീഷണിയാണ് വാഹനം സൃഷ്‍ടിക്കുന്നത്. 

മഹീന്ദ്രയുടെ ജനപ്രിയ എംപിവിയായ മരാസോയുടെ ബിഎസ്6 പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.  11.25 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. M8 വകഭേദം കമ്പനി  വിപണിയില്‍ നിന്നും പിന്‍വലിച്ചു.

പ്രാരംഭ പതിപ്പായ M2 മോഡലിന് 11.25 ലക്ഷം രൂപയും, M4+ പതിപ്പിന് 12.37 ലക്ഷം രൂപയും ഉപയര്‍ന്ന പതിപ്പായ M6+ മോഡലിന് 13.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല.

അതേസമയം മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും വാഹനത്തിലുണ്ട്. എന്നാല്‍ M8 പതിപ്പില്‍ നേരത്തെ ലഭ്യമായിരുന്ന ഏതാനും ഫീച്ചറുകള്‍ കമ്പനി ഒഴിവാക്കി. ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കിലി മടക്കാവുന്ന ORVM- കള്‍ എന്നീ ഫീച്ചറുകളാണ് പുതിയ പതിപ്പില്‍ നിന്നും നീക്കിയത്. 

2020 മഹീന്ദ്ര മറാസോയിലെ പ്രധാന മാറ്റം അതിന്‍റെ പുതിയ ഹൃദയം തന്നെയാണ്. ബിഎസ്6 കംപ്ലയിന്റ് എഞ്ചിനിലാണ് വാഹനം എത്തുന്നത് . നിലവിലെ അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ യൂണിറ്റാണ് കമ്പനി ഇപ്പോൾ പരിഷ്ക്കരിച്ചത്. ഈ എഞ്ചിന്‍ 121 bhp കരുത്തിൽ 300 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഈ വർഷം അവസാനം അല്ലെങ്കിൽ 2021 ന്‍റെ ആദ്യ പകുതിയിൽ മോഡലിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഒപ്പം മരാസോയുടെ പെട്രോൾ എഞ്ചിൻ പതിപ്പും മഹീന്ദ്ര ഉടൻ വിൽപ്പനയ്ക്ക് എത്തിക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 163 bhp 1.5 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റാകും എംപിവിയിൽ ഇടംപിടിക്കുക.

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മരാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതിയും വാഹനം സ്വന്തമാക്കിയിരുന്നു. ബേസ് മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ വാഹനത്തിന്റെ സുരക്ഷ ഉറപ്പിക്കുന്നു.

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ. ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ തുടങ്ങിയ വമ്പന്മാര്‍ക്ക് കടുത്ത ഭീഷണിയാണ് വാഹനം സൃഷ്‍ടിക്കുന്നത്. 

Photo Courtesy : Motor Octane

click me!