ഈ വാഹനങ്ങളില്‍ ജിപിഎസ് വേണ്ട, ഇളവുമായി സംസ്ഥാന സര്‍ക്കാര്‍!

By Web TeamFirst Published Aug 26, 2020, 8:31 AM IST
Highlights

ഉടമകൾ സർക്കാരിനു നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ ചരക്കുവാഹനങ്ങളിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഘടിപ്പിക്കുന്നത് ഒഴിവാക്കി സംസ്ഥാനസർക്കാര്‍.  ചരക്കുവാഹന ഉടമകൾ സർക്കാരിനു നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങൾക്കെല്ലാം ഈ ഇളവ് ലഭിക്കും.

അതേസമയം, യാത്രാവാഹനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. പഴയ യാത്രാവാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ ജിപിഎസ് ഘടിപ്പിക്കണം. പുതിയ ചരക്കുവാഹനങ്ങൾക്കും ജിപിഎസ് നിർബന്ധമാണ്. വാഹനങ്ങൾ വിൽക്കുമ്പോൾ നിർമാതാക്കൾതന്നെ ഇവ ഘടിപ്പിച്ചാണ് കൊടുക്കുന്നത്. 

കേന്ദ്ര മോട്ടോർവാഹനച്ചട്ടത്തിലെ ഭേദഗതിയെത്തുടർന്ന് നിലവിലുള്ള പൊതു യാത്രാ, ചരക്കുവാഹനങ്ങളിലെല്ലാം ജിപിഎസ് ഘടിപ്പിക്കാൻ സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. പഴയ വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തുമ്പോൾ ജി.പി.എസ്. ഘടിപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 

ഇതിനായി സംസ്ഥാന മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും ഗതാഗതവകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!