മഹീന്ദ്ര നിര്‍മ്മിക്കും, ഹൈ-സ്‌പെക് വെന്റിലേറ്ററുകളും!

By Web TeamFirst Published May 15, 2020, 4:20 PM IST
Highlights

ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയും ഒരുക്കിയിരിക്കുകയാണ് മഹീന്ദ്ര

വാഹനങ്ങള്‍ പിറന്നുവീണിരുന്ന പ്ലാന്‍റുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിച്ചാണ് വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൊവിഡ് കാലത്ത് ജനഹൃദയങ്ങളില്‍ ചേക്കേറിയത്. ഇപ്പോഴിതാ ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയും ഒരുക്കിയിരിക്കുകയാണ് മഹീന്ദ്ര. 

മഹീന്ദ്രയുടെ മാനേജിങ്ങ് ഡയറക്ടറായ പവര്‍ ഗോയങ്കയാണ് പുതിയ ഉയര്‍ന്ന വെന്റിലേറ്ററിന്റെ വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. മഹീന്ദ്രയുടെ ജീവനക്കാര്‍ ഫാക്ടറിയില്‍ തന്നെ കഴിച്ചുകൂട്ടിയാണ് ഈ വെന്റിലേറ്ററിന്റെ മാതൃക ഒരുക്കിയതെന്നും, അതേസമയം, ഇപ്പോള്‍ വെന്റിലേറ്ററുകള്‍ക്ക് അധികം ഡിമാന്റ് ഇല്ലെന്നത് ആശ്വാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം നേടിയാലുടനെ ഇതിന്റെ നിര്‍മാണം ആരംഭിക്കും.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കാന്റേ എന്ന കമ്പനിയുമായി ചേര്‍ന്നാണ് പുതിയ വെന്റിലേറ്റര്‍ മാതൃക ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്ററിന്റെ വികസത്തിനായി പ്രവര്‍ത്തിച്ച മഹീന്ദ്ര ജീവനക്കാരെയും സ്‌കാന്റേ കമ്പനിയേയും പവന്‍ ഗൊയാങ്കെയേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് മഹീന്ദ്ര നടത്തുന്നത്. 7500 രൂപ മാത്രം ചെലവ് വരുന്ന ആംബു ബാഗിന്റെ നിര്‍മാണം ഏറെ കൈയടി നേടിയിരുന്നു. ഇതിനുപിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഫോര്‍ഡ് ഡിസൈന്‍ ചെയ്ത നല്‍കിയ ഫെയ്‌സ്ഷീല്‍ഡിന്റെ നിര്‍മാണവും മഹീന്ദ്ര നടത്തിയിരുന്നു. ഫെയ്‌സ് മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, എയ്‌റോസോള്‍ ബോക്‌സ് തുടങ്ങിയവ എല്ലാം മഹീന്ദ്ര നിര്‍മ്മിക്കുന്നുണ്ട്. 

click me!