സ്‌കോര്‍പിയോ ബിഎസ് 6 പതിപ്പിന്‍റെ വില പ്രഖ്യാപിച്ചു

By Web TeamFirst Published Apr 30, 2020, 4:17 PM IST
Highlights

മഹീന്ദ്രയുടെ ജനപ്രിയ എസ്‍യുവി സ്‌കോര്‍പ്പിയോയുടെ ബിഎസ് 6 പാലിക്കുന്ന പതിപ്പിന്‍റെ വില പ്രഖ്യാപിച്ചു

മഹീന്ദ്രയുടെ ജനപ്രിയ എസ്‍യുവി സ്‌കോര്‍പ്പിയോയുടെ ബിഎസ് 6 പാലിക്കുന്ന പതിപ്പിന്‍റെ വില പ്രഖ്യാപിച്ചു. 12.40 ലക്ഷം മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ് ഷോറൂം വില. എസ്5, എസ്7, എസ്9, എസ്11 എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. ഇതുവരെ ലഭിച്ച എസ്3 എന്ന ബേസ് വേരിയന്റ് ഒഴിവാക്കി.

2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 120 എച്ച്പി ട്യൂണിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന്‍ എന്നിവ ബിഎസ് 6 പ്രയാണത്തിനിടെ ഒഴിവാക്കി. മുമ്പ് ടോപ് സ്‌പെക് വേരിയന്റില്‍ ഓപ്ഷനായി ഓള്‍ വീല്‍ ഡ്രൈവ് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതുമില്ല.

ബിഎസ് 6 പാലിക്കുന്ന 2.2 ലിറ്റര്‍, 4 സിലിണ്ടര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 140 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് വഴി പിന്‍ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. ബിഎസ് 6 സ്‌കോര്‍പ്പിയോയില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇല്ല. അകത്തും പുറത്തും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ബിഎസ് 4 മോഡലിന്റെ എല്ലാ ഫീച്ചറുകളും തുടരും.

ടാറ്റ സഫാരി നിര്‍ത്തിയതിനാല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ മോഡലിന് നേരിട്ടൊരു എതിരാളിയില്ല. വലുപ്പത്തിന്റെ കാര്യത്തില്‍ ടാറ്റ ഹെക്‌സ ചെറിയ മല്‍സരം കാഴ്ച്ചവെയ്ക്കും. അടുത്ത വര്‍ഷം മധ്യത്തോടെ അടുത്ത തലമുറ മഹീന്ദ്ര സ്‌കോര്‍പ്പിയോ വിപണിയിലെത്തും.

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ.  അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന  മഹീന്ദ്രയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വി ആയിരുന്നു. 2002 ജൂണില്‍ ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങി. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായി. 

2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.  

പുത്തന്‍ പതിപ്പിന്‍റെ ബുക്കിംഗ് കമ്പനി നേരത്തെ തുടങ്ങിയിരുന്നു. 5000 രൂപ അടച്ച് ഈ വാഹനം ഓൺലൈനായി ബുക്ക് ചെയ്യാം. വാഹനം ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വാഹനത്തിന് ആവശ്യമായ ആക്സസറികൾ കൂടി ഓൺലൈൻ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനം കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്.

വേരിയന്റ് വില

എസ്5 12.40 ലക്ഷം രൂപ
എസ്7 14.21 ലക്ഷം രൂപ
എസ്9 14.84 ലക്ഷം രൂപ
എസ്11 16.00 ലക്ഷം രൂപ 

click me!