ഇടിച്ചാല്‍ പപ്പടമാകില്ല, ക്രാഷ് ടെസ്റ്റില്‍ ഇടിച്ചുനേടി പുത്തന്‍ ഥാര്‍!

By Web TeamFirst Published Nov 25, 2020, 11:22 PM IST
Highlights

ആഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ എൻ‌സി‌എപി നടത്തിയ സുരക്ഷാ പരിശോധനയിൽ മിന്നുംപ്രകടനവുമായി മഹീന്ദ്രയുടെ പുത്തന്‍ ഥാര്‍

ഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ എൻ‌സി‌എപി നടത്തിയ സുരക്ഷാ പരിശോധനയിൽ മിന്നുംപ്രകടനവുമായി മഹീന്ദ്രയുടെ പുത്തന്‍ ഥാര്‍. നാല് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ഥാർ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗ്ലോബൽ എൻ‌സി‌എപിയുടെ 'സേഫ് കാർസ് ഫോർ ഇന്ത്യ' ക്രാഷ് ടെസ്റ്റുകളിൽ മഹീന്ദ്ര ഥാര്‍ 2020 മുതിർന്നവർക്കും കുട്ടികൾക്കുമായി ഫോർ സ്റ്റാർ റേറ്റിംഗുകൾ നേടി. 2020 താർ സ്റ്റാൻഡേർഡായി ഇരട്ട ഫ്രന്റൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു.

മുതിർന്നവരുടെ സംരക്ഷണത്തിനായുള്ള മഹീന്ദ്ര ഥാറി​ന്‍റെ മൊത്തത്തിലുള്ള സ്കോർ 17 ൽ 12.52 പോയിൻറാണ്.  ഗ്ലോബൽ എൻ‌സി‌എപി പരിശോധന റിപ്പോർട്ട് അനുസരിച്ച് ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം ലഭിച്ചു. ഡ്രൈവറുടെ നെഞ്ച് മതിയായ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്നും യാത്രക്കാരുടെ നെഞ്ച് നല്ല സംരക്ഷണം നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ സുരക്ഷയിൽ 49 ൽ 41.11 പോയിൻറും ലഭിച്ചിട്ടുണ്ട്​. ഇതുവരെ പരീക്ഷിച്ച എല്ലാ കാറുകളിലും ഏറ്റവും ഉയർന്ന സ്‍കോറാണിത്​. ആഗോള ക്രാഷ്​ ടെസ്​റ്റിൽ അഞ്ച് സ്​റ്റാർ നേടിയ ആദ്യത്തെ മഹീന്ദ്ര വാഹനമായ എക്​സ്​ യു വി 300 പോലും കുട്ടികളുടെ സുരക്ഷയിൽ 37.44 പോയിൻറുകൾ മാത്രമാണ് നേടിയത്​. അതേസമയം ഥാർ എസ്‌യുവിയുടെ ഘടന സ്ഥിരതയുള്ളതാണെന്ന് വിലയിരുത്തിയെങ്കിലും മുന്നിലെ ഫുട്​ ഏരിയ അസ്ഥിരമാണെന്നാണ്​ റിപ്പോർട്ട്​ പറയുന്നത്​. 

സൈഡ് ഇംപാക്ട് യു‌എൻ‌95 ടെസ്റ്റും മഹീന്ദ്ര താറിൽ നടത്തുകയും അത് സുഖകരമായി വിജയിക്കുകയും ചെയ്തു. അഞ്ച് നക്ഷത്രങ്ങളിൽ എത്താൻ സൈഡ് ഇംപാക്ട് ടെസ്റ്റ് നിർബന്ധമാണ്. എന്നാല്‍ മുന്നിലെ ഇംപാക്റ്റിൽ ആവശ്യമായ പോയിന്റുകളിൽ ഥാർ എത്തിയിട്ടില്ലാത്തതിനാൽ ഇത് സ്‌കോറിംഗിൽ പരിഗണിച്ചില്ല. ഗ്ലോബൽ എൻ‌സി‌എപി സുരക്ഷാ ടെസ്റ്റുകളിൽ മുമ്പ് പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയ മഹീന്ദ്ര എക്സ് യു വി 300 ന്റെ മാതൃകയാണ് ഥാറും പിന്തുടരുന്നത്. മഹീന്ദ്ര മറാസോ എംപിവി നേരത്തെ നാല് സ്റ്റാറുകള്‍ സ്വന്തമാക്കിയിരുന്നു.

സുരക്ഷിതമായ കാറുകളോടുള്ള മഹീന്ദ്രയുടെ പ്രതിബദ്ധത വീണ്ടും ഉപയോക്താക്കൾക്കായി പ്രദർശിപ്പിക്കുകയും ഇന്ത്യൻ വിപണിയിൽ മികച്ച സുരക്ഷാ പ്രകടനം വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് കാണിക്കുകയും ചെയ്യുന്നുവെന്ന് ഗ്ലോബൽ എൻ‌സി‌എപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറാസ് പറഞ്ഞു. വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഉയർന്ന പരിരക്ഷ നൽകുന്ന നിർമ്മാതാക്കളെ കാണുന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍. നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്‍മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മുഖ്യ സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റോൾഓവർ ലഘൂകരണത്തോടുകൂടിയ ഇഎസ്‍പി, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ബിൽറ്റ്-ഇൻ റോൾ കേജ്, ത്രീ-പോയിന്റ്, സീറ്റ് ബെൽറ്റുകൾ, പിൻ സീറ്റുകളിൽ ഐസോഫിക്സ് സീറ്റ് മൌണ്ട് തുടങ്ങിയവ വാഹനത്തിലെ സുരക്ഷാ സവിശേഷതകളാണ്. 

click me!