എണ്ണ വേണ്ടാ വണ്ടി നിര്‍മ്മാണം, 3000 കോടി നിക്ഷേപിക്കാന്‍ മഹീന്ദ്ര!

By Web TeamFirst Published Apr 15, 2021, 9:09 AM IST
Highlights

മുമ്പ് പ്രഖ്യാപിച്ച നിക്ഷേപത്തിന് പുറമെയായിരിക്കും 3000 കോടിയുടെ ഈ പുതിയ നിക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായി കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 3000 കോടിയുടെ നിക്ഷേപത്തിനാണ് മഹീന്ദ്രയുടെ ഉപ ബ്രാന്‍ഡായ മഹീന്ദ്ര ഇലക്ട്രിക്ക് തയ്യാറെടുക്കുന്നതെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന, കാര്‍ഷിക മേഖലയില്‍ 9000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുമ്പ് പ്രഖ്യാപിച്ച ഈ നിക്ഷേപത്തിന് പുറമെയായിരിക്കും ഈ 3000 കോടിയുടെ നിക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയെന്നും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കാര്യവും മഹീന്ദ്രയുടെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡെട്രോയിറ്റ്, ഇറ്റലി തുടങ്ങി മഹീന്ദ്രയുടെ ലോകമെമ്പാടുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം നിര്‍മിക്കാനാണ് നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്.  2025-ഓടെ ഇന്ത്യയില്‍ നിരത്തില്‍ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനമെത്തിക്കുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്. ഇതിനായി 500 കോടിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ ഒരുക്കിയത് ഉള്‍പ്പെടെ 1700 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത്. ഇ വി ബാറ്ററി പാക്ക്, പവര്‍ ഇലക്ട്രോണിക്സ്, മോട്ടോറുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള ടെക്നോളജീസ് പ്ലാന്റ് മഹീന്ദ്ര ഇതിനോടകം ബെംഗളൂരുവില്‍ തുടങ്ങിക്കഴിഞ്ഞു. 

അതിനിടെ മാതൃ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ഇലക്ട്രിക്ക് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തിടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരവും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം.

മഹീന്ദ്രയുടെ വാഹനങ്ങള്‍ ഒരു കമ്പനിയുടെ കീഴില്‍ എത്തിക്കുന്നതിനായിട്ടാണ് മഹീന്ദ്ര ഇലക്ട്രിക്കിനെ മാതൃ കമ്പനിയില്‍ ലയിപ്പിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പാണ് മഹീന്ദ്ര ഇവി തുടങ്ങിയത്. ബിജ്‌ലി എന്ന ഇലക്ട്രിക് മൂന്നുചക്ര വാഹനം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഇതുവരെ ഇന്ത്യയില്‍ 32,000 ല്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞു. 

ലയനത്തോടെ ലാസ്റ്റ് മൈല്‍ മൊബിലിറ്റി (എല്‍എംഎം), ഇലക്ട്രിക് വെഹിക്കിള്‍ ടെക് സെന്റര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ഇവി കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കും. വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ വിഭവങ്ങളും ദിശാബോധവും ലഭിക്കുന്നതിന് കമ്പനിയുടെ പ്രധാന ബിസിനസ്സുമായുള്ള ലയനം മഹീന്ദ്ര ഇലക്ട്രിക്കിനെ സഹായിക്കും. 
 

click me!