വില കുറഞ്ഞ കെയുവി100മായി മഹീന്ദ്ര

By Web TeamFirst Published Jan 11, 2020, 4:19 PM IST
Highlights

ദില്ലി ഓട്ടോ എക്സ്പോയിൽ ഈ ഇലക്ട്രിക്ക് കെയുവി അവതരിപ്പിച്ചേക്കും

ഒമ്പത് ലക്ഷം രൂപയ്ക്കു താഴെ വിലയിൽ ചെറു എസ്‍യുവിയായ കെയുവി 100 ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങി മഹീന്ദ്ര. 12 ലക്ഷം രൂപയ്ക്കാണ് മഹീന്ദ്രയുടെ ഇ വെരിറ്റൊ ഇലക്ട്രിക്ക് സെഡാൻ നിലവിൽ വിൽപ്പനയ്ക്കെത്തുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയിൽ ഈ ഇലക്ട്രിക്ക് കെയുവി അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലായി 27,600 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര ഇലക്ട്രിക് ഇതിനോടകം വിറ്റത്. ഒപ്പം രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ക്വാഡ്രിസൈക്കിളായ ആറ്റം വരുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും. ആൽഫ മിനിയും ട്രിയൊയും പോലെ അവസാന മൈൽ കണക്ടിവിറ്റിയാണ് ആറ്റത്തിലൂടെയും മഹീന്ദ്ര ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

വൈദ്യുത വാഹനങ്ങളാണു ഗതാഗതത്തിന്റെ ഭാവിയെന്നു മഹീന്ദ്ര ഗ്രൂപ് മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. വ്യക്തിഗത ഉപയോഗത്തിലുപരി പങ്കിടാവുന്ന ഗതാഗത സാധ്യതകളാണു കമ്പനി പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് വാഹന വില അതീവ നിർണായകമാവുന്നത്; അതുകൊണ്ടുതന്നെ ഒൻപതു ലക്ഷം രൂപയിൽ താഴെ വിലയ്ക്കു വിൽക്കാനാവുന്ന വൈദ്യുത എസ് യു വി യാഥാർഥ്യമാക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുത വാഹന വിഭാഗത്തിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കായി 1,000 കോടിയോളം രൂപയാണു മഹീന്ദ്ര നിക്ഷേപിക്കുക. 

click me!