വല്ല്യേട്ടനായി അരങ്ങൊഴിയാന്‍ മഹീന്ദ്രയുടെ ഈ മോഡല്‍!

By Web TeamFirst Published Apr 13, 2021, 3:01 PM IST
Highlights

പുതിയ മോഡൽ വിപണിയിൽ എത്തുന്നതോടെ എക്സ്‍യുവി 500ന്‍റെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാനാണ്​ കമ്പനിയുടെ തീരുമാനം

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര അടുത്തിടെയാണ്​ തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്​സ്​യുവി 700നെ പ്രഖ്യാപിച്ചത്​. നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിലസുന്ന അതേ സെഗ്‌മെന്റിലേക്കാണ് പുതിയ മോഡല്‍ കടന്നുവരുന്നത്.  ഇതോടെ മഹീന്ദ്രയുടെ പുതിയ ഫ്ലാഗ് ഷിപ്പ് എസ്‌യുവി ആയിരിക്കും എക്‌സ്‌യുവി 700.  നിലവിലുള്ള എക്​സ്​യുവി 500ൽനിന്ന്​ വ്യത്യസ്​തമായ എക്സ്റ്റീരിയർ ഡിസൈനും നവീകരിച്ച കാബിനുമാണ്​ വാഹനത്തിലുണ്ടാവുക​​. 

പുതിയ മോഡൽ വിപണിയിൽ എത്തുന്നതോടെ എക്സ്‍യുവി 500ന്‍റെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാനാണ്​ കമ്പനിയുടെ തീരുമാനം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്സ്‍യുവി 700 ധാരളാം ഫീച്ചറുകളുമായിട്ടാണ്​ പുറത്തിറങ്ങുക.  2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനത്തെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവില്‍ ഡബ്ല്യു601 എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന പ്രോജക്റ്റ്. 

ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വാഹനം നിരത്തിലെത്തും. കൂടാതെ പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. 

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിച്ചേക്കും. ഥാറിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തിൽ ഉണ്ടാകുക. ഡീസൽ, പെട്രോൾ എൻജിനുകളും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനും ഉണ്ടാകും. ഏറ്റവും ഉയർന്ന മോഡലുകൾക്ക് ഓൾ വീൽ ഡ്രൈവും ലഭ്യമായിരിക്കും.  നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്ക് പുതിയ മോഡല്‍ കടന്നുവരും. മഹീന്ദ്ര ഡബ്ല്യു601 പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനകം പലപ്പോഴായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ ആയിരിക്കും നിര്‍മ്മാണം. 

മഹീന്ദ്രയില്‍നിന്ന് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണ് എക്‌സ്‌യുവി 700 എന്ന് പേര് പ്രഖ്യാപിക്കുന്ന വേളയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജയ് നക്ര പറഞ്ഞു. പുതു തലമുറ മഹീന്ദ്ര എസ്‌യുവികളുടെ തുടക്കമായിരിക്കും എക്‌സ് യുവി 700 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിന്നീട് അഞ്ച്​ സീറ്റ്​ മാത്രമുള്ള എസ്​യുവിയുടെ രൂപത്തില്‍ എക്സ്‍യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എക്‌സ്‌യുവി 700നും 300നും ഇടയിലായിരിക്കും ഈ മോഡലിന്‍റെ സ്​ഥാനം. ഹ്യുണ്ടായ് ക്രേറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, എം‌ജി ഹെക്ടർ തുടങ്ങിയ പ്രീമിയം എസ്‌യുവികളായിരിക്കും എതിരാളികൾ. ഇതുകൂടാതെ ജനപ്രിയ മോഡലായ​ സ്​കോർപിയോയും ബൊലേറോയും മഹീന്ദ്ര പരിഷ്​കരിച്ച്​ ഇറക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

click me!