Cars In 2021 : 'പരിഷ്‍കാരി, പച്ചപ്പരിഷ്‍കാരി, പുതിയ മുഖം..' 2021ല്‍ ഇന്ത്യ കണ്ട ചില കാറുകള്‍

By Web TeamFirst Published Dec 20, 2021, 4:02 PM IST
Highlights

നിരവധി പുതിയ വാഹന മോഡലുകളുടെ ലോഞ്ചുകള്‍ക്കും തലമുറ മാറ്റങ്ങള്‍ക്കും മുഖം മിനുക്കലുകള്‍ക്കുമൊക്കെ സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഇതാ  2021ലെ ചില പ്രധാന വാഹന ലോഞ്ചുകളും ഫേസ്‍ലിഫ്റ്റുകളും തലമുറ മാറ്റങ്ങളും

നിരവധി പുതിയ വാഹന മോഡലുകളുടെ ലോഞ്ചുകള്‍ക്കും തലമുറ മാറ്റങ്ങള്‍ക്കും മുഖം മിനുക്കലുകള്‍ക്കുമൊക്കെ സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. പല വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ പുതിയ ചില മോഡലുകളെ രാജ്യത്തിന് പരിചയപ്പെടുത്തിയപ്പോള്‍ ചിലര്‍ തങ്ങളുടെ ജനപ്രിയ മോഡലുകളെ തലമുറ മാറ്റത്തിന് വിധേയരാക്കി. മറ്റു ചില കമ്പനികളാകട്ടെ നിലവിലെ ചില മോഡലുകളെ മുഖം മിനുക്കി (Facelift) പരിഷ്‍കാരികളാക്കിയും കളത്തിലിറക്കി. ഇതാ  2021ലെ ചില പ്രധാന വാഹന ലോഞ്ചുകളെയും (Vehicle Launch) ഫേസ്‍ലിഫ്റ്റുകളെയും (Facelift) തലമുറ മാറ്റങ്ങളെയുമൊക്കെ (New Generation) പരിചയപ്പെടാം.

ജീപ്പ് കോംപസ് ഫേസ് ലിഫ്റ്റ്
രാജ്യത്തെ വാഹന വിപണിയുടെ മുഖച്ഛായ മാറ്റിയ മോഡലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ കോംപസ്.  ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്‍റെ പുതിയ പതിപ്പിനെ 2021 ജനുവരി ആദ്യവാരം കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  2016 ൽ രണ്ടാം തലമുറ അരങ്ങേറ്റം മുതൽ എസ്‌യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫെയ്‌സ്‌ലിഫ്റ്റാണിത്. പ്രധാന മാറ്റം കൂടുതൽ ഷാർപ് ആയ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ് ആണ്. ക്രോം ഔട്ട് ലൈനിംഗുള്ള 7 സ്ലാട്ട് ഗ്രില്ലിന് പുത്തൻ കോംപസിൽ മാറ്റമില്ലാതെ തുടരും, എന്നാൽ ഹണികോംബ് ഇൻസെർട്ടിൽ മാറ്റമുണ്ട്. പുതിയ ഫ്രണ്ട് ബമ്പർ, സ്ലിമ്മർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്‌യുവി എത്തുന്നത്. 

പുതിയ കോംപസ് എത്തി; വില 16.99 ലക്ഷം മുതല്‍

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫേസ് ലിഫ്റ്റ്
ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ ഫോർച്യൂണറിനെയും ഒപ്പം ഫോര്‍ച്യൂണറിന്‍റെ സ്‍പോര്‍ട്ടി വേരിയന്‍റായ ലെജന്‍ഡറിനെയും ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി കെ എം) ജനുവരി ആദ്യവാരം പുറത്തിറക്കി. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ടാറ്റ അള്‍ട്രോസ് ടര്‍ബോ
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മതാക്കളായ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഒരു വര്‍ഷം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസിന്‍റെ ടര്‍ബോ പതിപ്പിനെ മോഡലിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന 2021 ജനുവരയില്‍ത്തന്നെ കമ്പനി അവതരിപ്പിച്ചു. XT, XZ, XZ+  എന്നീ മൂന്ന് വേരിയന്റുകളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എത്തിയത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 108 ബി.എച്ച്.പി.പവറും 140 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.  ടാറ്റ നെക്‌സോണില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് അല്‍ട്രോസിലും. 11.9 സെക്കന്റില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ടര്‍ബോ എന്‍ജിന് പുറമെ, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ഡീസല്‍ എന്‍ജിനുകളിലാണ് ടര്‍ബോ എത്തുന്നത്.

എത്തീ, പുതിയ കരുത്തുമായി ടാറ്റയുടെ ചുണക്കുട്ടി

ഹെക്ടര്‍ പ്ലസ് ഫേസ് ലിഫ്റ്റ്
ചൈനീസ് വാഹന ഭീമനായ SAICന്‍റെ കീഴിലുള്ള ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ ജനപ്രിയ മോഡലായ ഹെക്ടര്‍ പ്ലസ് എസ്‍യുവിയുടെ ഏഴ് സീറ്റര്‍ പതിപ്പിനെ അവതരിപ്പിച്ചു. 2019ല്‍ അവതരിപ്പിച്ച ഹെക്ടറിന്‍റെ ജനപ്രിയത കണ്ടായിരുന്നു ആറ് സീറ്റുള്ള ഹെക്ടര്‍ പ്ലസുമായി കമ്പനിയുടെ വരവ്. പിന്നാലെ ഈ ഹെക്ടര്‍ പ്ലസിനാണ് ഏഴുസീറ്റുകള്‍ നല്‍കി വീണ്ടും വലിപ്പം കൂട്ടിയത്. 

ടാറ്റാ സഫാരി
2021ലെ സുപ്രധാന കാര്‍ ലോഞ്ചുകളില്‍ ഒന്നായിരുന്നു ടാറ്റയുടെ ഐക്കണിക്ക് മോഡലായ സഫാരിയുടെ മടങ്ങി വരവ്. ഇന്ത്യയിലെ എസ്‌യുവി ശ്രേണി പിടിച്ചെടുക്കാനുള്ള ടാറ്റയുടെ ഈ തുറുപ്പുചീട്ട് ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പാണെന്നനും ഗ്രാവിറ്റാസ് എന്ന പേരിലാണ് പണിപ്പുരയില്‍ ഒരുങ്ങുന്നതെന്നുമായിരുന്നു ആദ്യകാല വാര്‍ത്തകള്‍. ജനുവരി അവസാന വാരം വാഹനത്തിന്‍റെ പേര് സഫാരി എന്നാണെന്ന് പ്രഖ്യാപിച്ച് എതിരാളികളെ ഞെട്ടിച്ച ടാറ്റ വാഹനത്തെ ഫെബ്രുവരി അവസാന വാരം വിപണിയിലും അവതരിപ്പിച്ചു. 

പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ്‌ കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.

തൊട്ടതെല്ലാം പൊന്ന്, ആ ആത്മവിശ്വാസത്തില്‍ പുതിയൊരു സഫാരിയുമായി ടാറ്റ

ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ കരുത്ത്. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

മാരുതി സ്വിഫ്റ്റ് ഫേസ്‍ലിഫ്റ്റ്
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്‍റെ പുതിയ പതിപ്പ് ഫെബ്രുവരിയില്‍ കമ്പനി പുറത്തിറക്കി. 5.73 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെ ദില്ലി എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തിയത്. മിഡ്-ലൈഫ് സൈക്കിൾ അപ്‌ഡേറ്റിന്റെ ഭാഗമായി, തേർഡ്-ജെൻ ഹാച്ച്‌ബാക്കിന് കൂടുതൽ ശക്തവും എന്നാൽ മിതവ്യയമുള്ളതുമായ പെട്രോൾ എഞ്ചിൻ സഹിതം സ്റ്റൈലിംഗിൽ മാറ്റങ്ങൾ വരുത്തുന്നു. 2021 സ്വിഫ്റ്റിന്റെ ഏറ്റവും വലിയ മാറ്റം എഞ്ചിനാണ്. പഴയ 83hp, 1.2-ലിറ്റർ K12 എഞ്ചിന് പകരം കൂടുതൽ ശക്തമായ 90hp 1.2-ലിറ്റർ DualJet പെട്രോൾ യൂണിറ്റ് അവതരിപ്പിച്ചു. ടോർക്ക് ഔട്ട്പുട്ട്, 113Nm-ൽ സമാനമായി തുടരുന്നു. പുതിയ യൂണിറ്റ് ഒരു സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനും കൊണ്ടുവരുന്നു, ഇത് മൈലേജ് കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അപ്‌ഡേറ്റ് ചെയ്‌ത സ്വിഫ്റ്റിന് ഇപ്പോൾ ARAI മാനുവൽ പതിപ്പിൽ 23.20kpl ഉം ഓട്ടോമാറ്റിക് പതിപ്പിൽ 23.76kpl ഉം ഉണ്ട്. നിലവിലെ കാറിന്റെ മൈലേജ് 21.21kpl ആണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് AMT യൂണിറ്റും ഉൾപ്പെടുന്നു.

സിട്രോണ്‍ സി5 എയര്‍ക്രോസ്
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി 2021 ആദ്യ പകുതിയില്‍ ഇന്ത്യയില്‍ എത്തി. CKD യൂണിറ്റായിട്ടാണ് മോഡലിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 177 എച്ച്പി പവറും 400 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ് ഇന്ത്യയ്ക്കായി തയ്യാക്കിയിരിക്കുന്ന സി5 എയർക്രോസ്സ് വാങ്ങാൻ സാധിക്കുക. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. 18.6 കിലോമീറ്റർ ആണ് ലിറ്ററിന് സി5 എയർക്രോസ്സ് നൽകുന്ന ഇന്ധനക്ഷമത എന്ന് സിട്രോൺ അവകാശപ്പെടുന്നത്.

റെനോ കിഗര്‍
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി ആയ കിഗറിന്‍റെ രംഗപ്രവേശനത്തിനും 2021 സാക്ഷിയായി.  പങ്കാളികളായ നിസ്സാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്.  അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കിഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. റെനോ കിഗെറിന്റെ വിലക്കുറവുള്ള വേരിയന്റുകളെ ചലിപ്പിക്കുക 72 പിഎസ് പവറും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്. അതേസമയം ഉയർന്ന വേരിയന്റുകൾക്ക് 100 എച്ച്പി പവറും 160 എൻഎം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും . മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ റെനോ കിഗെർ വില്പനക്കെത്തും.

മികച്ച മൈലേജുമായി റെനോ കിഗർ

റെനോയുടെ സ്വന്തം വിങ് ഗ്രിൽ, ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ മാറ്റമില്ലാതെ ലോഞ്ചിന് തയ്യാറാവുന്ന മോഡലിലും തുടരും. എന്നാൽ, ഷോ കാറിന്റെ 19-ഇഞ്ച് അലോയ് വീൽ, വലിപ്പമേറിയ മുൻ പിൻ ബമ്പറുകൾ, പുറകിൽ മധ്യഭാഗത്തായുള്ള ട്വിൻ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയ്ക്ക് പ്രായോഗികത മുൻനിർത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സ്‍കോഡ കുഷാഖ്
ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്.  2021 ജൂണിൽ ലോഞ്ച് ചെയ്‍ത ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ കുഷാക്ക് മികച്ച ബുക്കിംഗുമായി കുതിക്കുകയാണ്.  രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് എത്തുന്നത്.  ഡീസൽ ഒഴിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തിയത്​. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നീ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്‍ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.

ജാഗ്വാർ ഐ - പേസ് 
ജാഗ്വാർ ലാൻറ്  റോവർ ഇന്ത്യൻ വിപണിയിലിറക്കുന്ന ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണ്  ജാഗ്വാർ ഐ - പേസ്.  സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും ആഡംബരത്വവും , വേഗതയും നൽകുന്നതാണ് ജാഗ്വാർ ഐ പേസ്. 90കെഡബ്ലിയുഎച്ച് ലിഥിയം-അയേൺ ബാറ്ററിയാണ്  വാഹനത്തിന് കരുത്ത് നൽകുന്നത്. ബാറ്ററി 294 കെഡബ്ലിയു പവറും 696എൻഎം ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ 4.8 സെക്കൻറിനുള്ളിൽ ഐ -പേസിൻറെ ത്വരണം പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്താൻ പര്യാപ്‍തമാണിത്.    

ജീപ്പ് റാംഗ്ലര്‍
പ്രാദേശികമായി അസംബിൾ ചെയ്‍ത 2021 ജീപ്പ് റാംഗ്ലർ 53.90 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ജീപ്പ് ഇന്ത്യ മാര്‍ച്ചില്‍ പുറത്തിറക്കി. രഞ്ജൻഗാവിലെ വാഹന നിർമ്മാതാക്കളുടെ സംയുക്ത സംരംഭ നിർമ്മാണ കേന്ദ്രത്തിലാണ് ഈ എസ്‍യുവിയുടെ നിര്‍മ്മാണം. 2021 ജീപ്പ് റാംഗ്ലറിന്റെ ഹൃദയഭാഗത്ത് 2.0 ലിറ്റർ, ഇൻ-ലൈൻ 4-സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ 268 എച്ച്പി പരമാവധി കരുത്തും 400 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു. FCA ഗ്രൂപ്പിന്റെ ആഗോള മീഡിയം എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പവർട്രെയിൻ.

'ജീപ്പ് ഒന്നേയുള്ളൂ..' മഹീന്ദ്രയെ ട്രോളി ഒറിജിനല്‍ ജീപ്പ്, പൊങ്കാലയിട്ട് മലയാളികള്‍!

ഹ്യുണ്ടായി അല്‍ക്കാസര്‍
ക്രെറ്റയെ അടിസ്ഥാനമാക്കി ഹ്യുണ്ടായി നിര്‍മ്മിച്ച 7 സീറ്റർ പതിപ്പായ അൽകാസര്‍ ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 16.30 ലക്ഷം രൂപ മുതലാണ് രാജ്യമെങ്ങും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. പ്രെസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എട്ട് കളര്‍ ഓപ്ഷനുകളിലും എസ്‌യുവി ലഭിക്കും. 

ഒരു മാസത്തിനകം 11,000 ബുക്കിംഗുകള്‍, ഇന്നോവയുടെ എതിരാളി കുതിക്കുന്നു!

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഈ ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമായി അല്‍കസറിന്റെ ബാഹ്യഭാഗത്ത് സൂക്ഷ്‍മമായ ഡിസൈന്‍ മാറ്റങ്ങള്‍ ലഭിക്കുന്നു.  എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം സ്റ്റഡഡ് ഗ്രില്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ‘അല്‍ക്കസര്‍’ എഴുത്ത് സഹിതം ബൂട്ട്‌ലിഡിന് കുറുകെ ക്രോം സ്ട്രിപ്പ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, കറുത്ത പില്ലറുകള്‍, റൂഫ് റെയിലുകള്‍, ബോഡിയുടെ അതേ നിറത്തില്‍ പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍ എന്നിവയാണ് എസ്‌യുവിയുടെ ബാഹ്യമായ വിശേഷങ്ങള്‍.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ലഭിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 156 ബിഎച്ച്പി കരുത്തും 191 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്പി, ടിപിഎംഎസ് എന്നീ സുരക്ഷാ ഫീച്ചറുകളും ലഭിച്ചു. 

ഔഡി ഇ ട്രോണ്‍
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനം.  50 ക്വാട്രോ പതിപ്പിൽ 313 എച്പി പവറും, 540 എൻഎം ടോർക്കും നിർമ്മിക്കുന്ന രണ്ട് ആക്സലുകളിലും സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുകളാണ്. 71 കിലോവാട്ട് ബാറ്ററിയുള്ള ഈ പതിപ്പിന് ഒരു ഫുൾ ചാർജിൽ 264-379 കിലോമീറ്റർ വരെ സഞ്ചരിക്കാം. 95 കിലോവാട്ട്സ് ബാറ്ററി പായ്ക്കുള്ള 55 ക്വാട്രോ പതിപ്പ് 408 എച്ച്പി പവറും, 664 എൻഎം ടോർക്കും നിർമ്മിക്കുന്നു. 359-484 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഇ-ട്രോണിന്റെ ബാറ്ററി 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളിൽ 0-80 ശതമാനവും 150 കിലോവാട്ട് റേറ്റുചെയ്ത ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

ബൊലേറോ നിയോ
ആധുനിക രൂപകല്‍പ്പനയും കരുത്തുറ്റ സാങ്കേതിക വിദ്യയും ആഡംബര സവിശേഷതകളുമായി ബൊലേറോ നിയോ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചിട്ടുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു. ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പിനിന്‍ഫറീനയുടെ  സ്റ്റൈലായ പുതിയ രൂപകല്‍പ്പനയും പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം (എബിഎസ്),ഇലക്‌ട്രോണിക്ക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഐഎസ്ഒഫിക്‌സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സാങ്കേതിക വിദ്യകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയോടൊപ്പം മൂന്നാം തലമുറ ചേസിസിലാണ് നിര്‍മിച്ചിരിക്കുന്നത്. കരുത്ത് തെളിയിച്ചിട്ടുള്ള മഹീന്ദ്ര എംഹോക്ക് എന്‍ജിനാണ് ശക്തി പകരുന്നത്.

ഇറങ്ങി വെറും മൂന്നാഴ്‍ച, സ്റ്റാറായി ബൊലേറോ നിയോ

സ്‌കോര്‍പിയോ, ഥാര്‍ എന്നിവയുമായി പങ്കുവയ്ക്കുന്ന മൂന്നാം തലമുറ ചേസിസില്‍ നിര്‍മിച്ചിരിക്കുന്ന ബൊലേറോ നിയോയെ അതിനനുസരിച്ച് കരുത്ത് വേറിട്ടു നിര്‍ത്തുന്നുവെന്നും ഫ്രെയിമിലുള്ള കരുത്തുറ്റ ബോഡി, കഴിവ് തെളിയിച്ചിട്ടുള്ള മഹീന്ദ്രയുടെ എംഹോക്ക് ഡീസല്‍ എന്‍ജിന്‍, മള്‍ട്ടി ടെറെയിന്‍ സാങ്കേതിക വിദ്യ തുടങ്ങിയവയെല്ലാം ചേര്‍ന്ന് ബൊലേറോ നിയോയ്ക്ക് ഏതു സാഹചര്യവും കീഴടക്കാനുള്ള ആത്മവിശ്വാസം പകരുന്നുവെന്നും ഒരുപാട് സവിശേഷതകളുമായി ബൊലേറോ നിയോ ഉല്‍പ്പന്ന മികവ്, പ്രകടനം, എസ്‌യുവി മൂല്യങ്ങള്‍ എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത തുടരുന്നുവെന്നും മഹീന്ദ്ര പറയുന്നു.

ഫോഴ്‍സ് ഗൂര്‍ഖ
ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പും ഈ വര്‍ഷം വിപണിയില്‍ എത്തി. സാക്ഷാല്‍ ബെന്‍സിന്‍റെതാണ് വാഹനത്തിന്‍റെ എൻജിനും ഗീയർബോക്സും. ബിഎസ്6​ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചു. ഈ എഞ്ചിന്‍ 91hp ഉം 250Nm ടോർക്കും സൃഷ്‍ടിക്കും. അഞ്ച്​ സ്​പീഡ് മാനുവൽ ഗിയർബോക്​സാണ് ട്രാന്‍സ്‍മിഷന്‍. പഴയ ഗൂർഖ എക്‌സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഇനി ഉണ്ടാവില്ല.  സ്വതന്ത്ര ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

മഹീന്ദ്ര എക്സ്‍യുവി 700
മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവി ആയ എക്സ്‍യുവി 700ന്‍റെ ലോഞ്ച് ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ലോഞ്ചുകളില്‍ ഒന്നായിരുന്നു. മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്‍റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‍ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് തുടങ്ങിയവ എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.

എംജി ആസ്റ്റര്‍
എം‌ജി ഹെക്ടർ, എം‌ജി ഹെക്ടർ പ്ലസ്, എം‌ജി ഇസഡ്എസ് ഇവി, എം‌ജി ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷം ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അഞ്ചാമത്തെ ഉൽ‌പ്പന്നമാണ് പുതിയ എം‌ജി ആസ്റ്റർ എസ്‌യുവി. 9.78 ലക്ഷം രൂപയ്ക്കാണ്​ ആസ്റ്റർ എസ്‌യുവി കമ്പനി പുറത്തിറക്കിയത്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുടെ എതിരാളിയാണ്​ ആസ്​റ്റർ. സ്റ്റൈൽ, സൂപ്പർ, സ്​മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ്​ വാഹനത്തിനുള്ളത്​. എംജി മോട്ടോറിന്റെ ഓട്ടോണമസ് ലെവൽ 2 സിസ്റ്റമായ അഡ്വാൻസ്​ഡ്​ ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ആസ്​റ്ററിന്​ ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, നിസ്സാൻ കിക്ക്സ്, റെനോ ഡസ്റ്റർ തുടങ്ങിയവരാണ് ആസ്റ്ററിന്‍റെ മുഖ്യ എതിരാളികൾ. MG ZS EV യുടെ പെട്രോൾ പതിപ്പാണിത്. 1.5 ബി ലിറ്റർ നാച്ചുറലി-ആസ്പിറേറ്റഡ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 110 ബിഎച്ച്പിയും 144 എൻഎം പരമാവധി ടോർക്കും വികസിപ്പിക്കും. കൂടാതെ ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 8 സ്പീഡ് സിവിടി യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റൊന്ന് 1,349 സിസി ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ്, ഇത് 140 ബിഎച്ച്പിയും 220 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. ഒപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും. എംജി മോട്ടോർ ഇന്ത്യ ആസ്റ്ററിന് ഡീസൽ പവർട്രെയിൻ നൽകില്ല.

ടാറ്റ പഞ്ച്
മൈക്രോ എസ്‍യുവി വിഭാഗത്തിലേക്ക് ടാറ്റാ മോട്ടോഴ്‍സ് അവതരിപ്പിച്ച വാഹനം. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിങ്ങനെ ടാറ്റ പഞ്ച്  നാല് ട്രിമ്മുകളിൽ ലഭ്യമാണ്.   ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിൽ വികസിപ്പിച്ച ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് പഞ്ചും. പുതിയ ടാറ്റ പഞ്ചിനുള്ളിൽ ഒരു ഗ്രാനൈറ്റ് ബ്ലാക്ക് ഡാഷ്‌ബോർഡ് ഗ്ലേസിയർ ഗ്രേ ഇൻസെർട്ടുകളുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നിവയിൽ പുതിയ പഞ്ച് ലഭ്യമാകും.

ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും. റെയിൻ സെൻസിങ്​ വൈപ്പറുകളും പ്രൊജക്​ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക്​ സിസ്​റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.

86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്‍റെ ഹൃദയം. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.

മാരുതി സുസുക്കി സെലേരിയോ
ജനപ്രിയ മോഡലായ സെലേറിയോ ഹാച്ച്​ബാക്കി​ന്‍റെ രണ്ടാം തലമുറയെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്‍റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 4.99 ലക്ഷം രൂപ മുതല്‍ 6.94 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സ്‍പീഡി ബ്ലൂ, ഫയര്‍ റെഡ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ക്കൊപ്പം ആറ് നിറങ്ങളിലാണ് സെലേറിയോ വില്‍പ്പനയ്ക്ക് എത്തുക. 

പുതിയ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായി മാരുതി അവകാശപ്പെടുന്നത്​ ഇന്ധനക്ഷമതയാണ്​. സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻ‌ടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കുമെന്നാണ്​. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകും. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്​. ഇതെല്ലാമാണ്​ സെലേറിയോടെ മൈലേജ്​ രാജാവാക്കി മാറ്റുന്നത്​.

ഒരു മാസത്തിനകം 15000 ബുക്കിംഗ്, ആഴ്‍ചകള്‍ കാത്തിരിപ്പ്, അദ്ഭുതമായി സെലേരിയോ

പുതിയ സെലേരിയോയുടെ വി.എക്​സ്​.​ഐ. എ.എം.ടി വേരിയൻറി​ന്​ 26.68kpl ഇന്ധനക്ഷമതയാണുള്ളതെന്ന്​ കമ്പനി പറയുന്നു. ഇന്ത്യയിൽ ഇന്നിറങ്ങു​ന്ന പെട്രോൾ ചെറുകാറുകളിൽ ഏറ്റവുംകൂടുതൽ ഇന്ധനക്ഷമത സെലേറിയോക്കാണെന്ന്​ പറയാം. ZXi, ZXi+ AMT എന്നിവ 26kpl മൈലേജ്​ നൽകും. LXi 25.24kpl നൽകും. VXi, ZXi, ZXI+ MT എന്നിവ 24.97kpl ഇന്ധനക്ഷമത നൽകും.

പുതിയ കെ 10 സി, മൂന്ന്​ സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ ഡ്യുവൽ ജെറ്റ് എഞ്ചിനാണ്​ വാഹനത്തി​ന്‍റെ ഹൃദയം. ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. വാഹനം നിർത്തിയിടു​മ്പോൾ തനിയെ ഓഫാവുകയും ക്ലച്ച്​ അമർത്തു​മ്പോൾ സ്​റ്റാർട്ട്​ ആവുകയും ചെയ്യുന്ന സംവിധാനമാണിത്​. കൂടുതൽ ഇന്ധനക്ഷമത ഇതിലൂടെ ലഭിക്കും. ബലേനോ ആർ എസിൽ ഉണ്ടായിരുന്നതി​ന്‍റെ നാച്ചുറലി ആസ്​പിറേറ്റഡ്​ പതിപ്പാണിത്​. എഞ്ചിൻ 67 എച്ച്‌പിയും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒന്നാം തലമുറ മോഡലിനേക്കാൾ 1 എച്ച്‌പിയും 1 എൻഎം ടോർക്കും കുറവാണ്. സമീപഭാവിയിൽ ഈ എഞ്ചിനുമായി കൂടുതൽ മാരുതി സുസുക്കി മോഡലുകൾ വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.​ 

ബിഎംഡബ്ല്യു iX
ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്‍റെ ഇലക്‌ട്രിക് എസ്‌യുവിയാണ് ഐഎക്‌സ്. ഡിസ്ബര്‍ ആദ്യവാരം 1.16 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. പൂർണ്ണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു റൂട്ടിലൂടെ വരുന്ന വാഹനം ബിഎംഡബ്ല്യുവിന്റെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്. 76.6 kWh സംയോജിത ശേഷിയുള്ള രണ്ട് ഉയർന്ന വോൾട്ടേജ് ബാറ്ററികളാണ് iX-ന് ഊർജം പകരുന്നത്. ഐഎക്‌സിന് പരമാവധി 425 കിലോമീറ്റർ റേഞ്ച് ഉണ്ടെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

ക്രാഷ് ടെസ്റ്റിൽ തിളങ്ങി ബിഎംഡബ്ല്യു iX

കരുത്തിന്‍റെ കാര്യത്തിൽ, iX X5-ന് സമാനമാണ് കൂടാതെ ഒരു ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു. പരമാവധി പവർ ഫിഗർ 326 എച്ച്‌പിയും 600 എൻഎമ്മിൽ കൂടുതൽ ആവേശകരമായ ടോക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 6.1 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത വാഹനം കൈവരിക്കും. ബിഎംഡബ്ല്യു വാൾബോക്‌സ് ചാർജറും വാൾ-സോക്കറ്റ് ചാർജിംഗ് കേബിളും വാഹനത്തിനൊപ്പം കോംപ്ലിമെന്ററിയായി ലഭിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, രാജ്യത്തെ 35 നഗരങ്ങളിൽ തങ്ങളുടെ ഡീലർ ശൃംഖലയിലുടനീളം ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകൾ ലഭ്യമാകുമെന്ന് ബിഎംഡബ്ല്യു പറയുന്നു.

കിയ കാരന്‍സ്
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനമാണ് കാരന്‍സ് എംപിവി. വാഹനത്തിന്‍റെ ആഗോളാവതരണമാണ് ഇന്ത്യയില്‍ നടന്നത്. കിയ കാരൻസിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നൽകും കൂടാതെ മൂന്ന് ഡ്രൈവ് മോഡുകൾ ലഭിക്കും. മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഡിസിടി ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്. വാഹനത്തിന് സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ലഭിക്കും, കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങി നിരവധി സുരക്ഷാ ഹൈലൈറ്റുകൾ ഉണ്ട്. ഹൈ-സെക്യൂർ സുരക്ഷാ പാക്കേജിനൊപ്പം ഇതിന് ഡ്രൈവർ അസിസ്റ്റൻസും ലഭിക്കുന്നു.

click me!