'പാവങ്ങളുടെ വോള്‍വോ' പിറന്നിട്ട് 19 വര്‍ഷം, നിരത്തിലെ എണ്ണം 38 ലക്ഷം!

By Web TeamFirst Published Nov 26, 2019, 6:49 PM IST
Highlights

 സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന അള്‍ട്ടോയുടെ 38 ലക്ഷം യൂണിറ്റുകള്‍ വിറ്റ് മാരുതി

ഇന്ത്യയില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ ചെറുകാറാണ് മാരുതി സുസുക്കിയുടെ അള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കാര്‍ നിരത്തിലെത്തി 19 വര്‍ഷം തികഞ്ഞിരിക്കുന്നു. ഇതുവരെ ഈ ഹാച്ച് ബാക്കിന്‍റെ  38 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി മാരുതി വ്യക്തമാക്കി. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലും അള്‍ട്ടോയാണെന്ന് മാരുതി സുസുക്കി പറയുന്നു. 

ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്‍ടിച്ച് 1983ലാണ് മാരുതി 800 വിപണിയിലെത്തുന്നത്. പിന്നീട് പ്രീമിയം വിഭാഗത്തിലേക്ക് മാരുതിയും സുസുക്കിയും ചേര്‍ന്ന്  2000 -ലാണ് അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു.  2008ല്‍ അള്‍ട്ടോയുടെ ആദ്യ പത്ത് ലക്ഷം തികഞ്ഞു. 2012ല്‍ ഇത് 20 ലക്ഷമായി ഉയര്‍ന്നു. 2016ല്‍ ഇത് 30 ലക്ഷമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം അള്‍ട്ടോ കൂടി നിരത്തിലേക്കെത്തി. 

താരതമ്യേന കുറഞ്ഞ വിലയാണ് അള്‍ട്ടോയെ ജനപ്രിയമാക്കിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നിലവില്‍ അള്‍ട്ടോ, ആള്‍ട്ടോ കെ10 എന്നീ രണ്ട് മോഡലുകളാണ് അള്‍ട്ടോ നിരയിലുള്ളത്.  രാജ്യത്തെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കി അള്‍ട്ടോയെ അടുത്തിടെയാണ് മാരുതി പുറത്തിറക്കിയത്. 

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.  ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ട്. കെ 10 മോഡലിന് 3.73 ലക്ഷം മുതല്‍ 4.53 ലക്ഷം വരെയും അള്‍ട്ടോയ്ക്ക് 3.01 ലക്ഷം രൂപ മുതല്‍ 4.22 ലക്ഷം വരെയുമാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് 2019 ഒക്ടോബറില്‍ 40 വയസ് തികഞ്ഞിരുന്നു. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്‍തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.  

click me!