ഇന്നോവ വിയര്‍ക്കുന്നു, മരാസോ കിതയ്ക്കുന്നു, എര്‍ട്ടിഗ കുതിക്കുന്നു!

By Web TeamFirst Published Apr 6, 2019, 6:42 PM IST
Highlights

മള്‍ട്ടി പര്‍പ്പസ് വാഹന വില്‍പനയില്‍ (MPV) മാരുതി സുസുക്കിയുടെ പുത്തന്‍ എര്‍ട്ടിഗയ്ക്ക് റെക്കോഡ് വില്‍പ്പന. 

മുംബൈ: മള്‍ട്ടി പര്‍പ്പസ് വാഹന വില്‍പനയില്‍ (MPV) മാരുതി സുസുക്കിയുടെ പുത്തന്‍ എര്‍ട്ടിഗയ്ക്ക് റെക്കോഡ് വില്‍പ്പന. മുഖ്യ എതിരാളികളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്രയുടെ മരാസോയെയും  പിന്നിലാക്കിയാണ് എര്‍ട്ടിഗയുടെ നേട്ടം. 2019 മാര്‍ച്ചില്‍ 8,955 യൂണിറ്റ് എര്‍ട്ടിഗയാണ് കമ്പനി വിറ്റഴിച്ചത്. എര്‍ട്ടിഗയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം സ്ഥാനത്തുള്ള ബലേറോ 8019 യൂണിറ്റുകളാണ് വിറ്റത്. 6984 യൂണിറ്റുകളുമായി ടൊയോട്ട ഇന്നോവ മൂന്നാം സ്ഥാനത്താണ്. 2751 യൂണിറ്റോടെ മഹീന്ദ്ര മരാസോ നാലാം സ്ഥാനത്തുമെത്തി. മഹീന്ദ്ര സൈലോ (402 യൂണിറ്റ്), ടാറ്റ ഹെക്‌സ (366 യൂണിറ്റ്), ഡാറ്റ്‌സണ്‍ ഗോ പ്ലസ് (291 യൂണിറ്റ്), ടാറ്റ സുമോ (96 യൂണിറ്റ്), റെനോ ലോഡ്ജി (54 യൂണിറ്റ്) എന്നിവയാണ് യഥാക്രമം അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. 

മുന്‍തലമുറ എര്‍ട്ടിഗയ്ക്ക് പോലും ഇതുവരെ മാസം 8,000 യൂണിറ്റ് പിന്നിടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുത്തന്‍ എര്‍ട്ടിഗയുടെ മിന്നുംപ്രകടനം എന്നതാണ് ശ്രദ്ധേയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 76.07 ശതമാനമാണ് എര്‍ട്ടിഗയുടെ  വളര്‍ച്ച. 2018 മാര്‍ച്ചിലെ വെറും 5086 യൂണിറ്റില്‍ നിന്നാണ് ഇപ്പോഴത്തെ വളര്‍ച്ച. 

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും.  നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ട് പുതിയ വാഹനത്തിന്.  മില്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തുന്ന എര്‍ട്ടിഗ, ആദ്യ മോഡലിനെക്കാള്‍ 13 ശതമാനം കരുത്തും 6 ശതമാനം ടോര്‍ക്കും 10 ശതമാനം ഇന്ധനക്ഷമതയും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ പെട്രോള്‍ എര്‍ട്ടിഗയുടെ ഹൃദയം. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ഈ എഞ്ചിന് പരമാവധി 104 bhp കരുത്തും 138 Nm ടോക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

പെട്രോള്‍ മോഡലിന് 7.44 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപവരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 9.18 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം വരെയും ഡീസലിന് 8.84 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.  നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍.  

click me!