സുരക്ഷ വട്ടപ്പൂജ്യം, ഇടിപരീക്ഷയില്‍ തോറ്റുതൊപ്പിയിട്ട് ഈ മാരുതി കാര്‍!

By Web TeamFirst Published Nov 15, 2020, 8:45 AM IST
Highlights

പരീക്ഷണത്തിനായി വാഹനത്തില്‍ ഘടിപ്പിച്ച ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകടത്തിന്റെ ആഘാതമേറ്റു. കാറിന്‍റെ മുൻ സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിച്ചു.

വാഹനങ്ങളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്‍യുവി എസ്-പ്രെസോ. ഗ്ലോബൽ ന്യൂ കാർ അസസ്‍മെന്‍റ് പ്രോഗ്രാം (GNCAP) നടത്തിയ ഇടി പരീക്ഷണത്തില്‍ എസ്- പ്രസോ പൂജ്യം മാര്‍ക്കാണ് സ്വന്തമാക്കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹനങ്ങളുടെ ഇടി പരീക്ഷ അഥവാ ക്രാഷ് ടെസ്റ്റ് നടത്തി റിപ്പോർട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ സ്ഥാപനമാണ് ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം(GNCAP).  64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ സുരക്ഷ പരീക്ഷയില്‍ പൂജ്യം റേറ്റിംങ് ആണ് വാഹനത്തിന് ലഭിച്ചതെന്നും എസ് പ്രസോയുടെ മിഡ് വേരിയന്റായ വിഎക്‌സ്ഐ ആണ് ക്രാഷ് ടെസ്റ്റിനായി തെരഞ്ഞെടുത്തതെന്നും ആണ് റിപ്പോര്‍ട്ടുകള്‍.  ഡ്രൈവർ സൈഡ് എയർബാഗ് ഈ മോഡലിലുണ്ട്. എന്നാൽ, പാസഞ്ചർ സൈഡ് എയർബാഗ് ഈ വേരിയന്റിൽ ഓപ്ഷണൽ ആണ്.

മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 17 മാർക്ക് സൂചികയിൽ ഒരു പോയിന്റ് പോലും നേടാൻ എസ്-പ്രെസോയ്ക്കായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാൽ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 13.84/49 മാർക്ക് നേടി 2 സ്റ്റാർ റേറ്റിംഗ് നേടാൻ എസ്-പ്രെസോയ്‍ക്ക് സാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച് അപകട സമയത്ത് ഈ കാറിന്‍റെ മുൻ സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പരീക്ഷണത്തിനായി വാഹനത്തില്‍ ഘടിപ്പിച്ച ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകടത്തിന്റെ ആഘാതമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരുടെ സുരക്ഷ മികച്ച രീതിയില്‍ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് 17 പോയിന്റ് വരെ ലഭിക്കും. എന്നാല്‍ പൂജ്യം മാര്‍ക്കാണ് എസ് പ്രസോക്ക് ലഭിച്ചത്.

അതേസമയം, ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിൽ മികവ് നേടാനായില്ല എങ്കിലും ഇന്ത്യയിലെ നിലവിലുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് തങ്ങളുടെ വാഹനങ്ങൾ വിപണിയില്‍ എത്തിയിരിക്കുന്നത് എന്ന് മാരുതി സുസുക്കി പറയുന്നു. എന്നാല്‍ ഇന്ത്യൻ വിപണിയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യൻ ഉപഭോക്താക്കൾക്ക് അത്തരം കുറഞ്ഞ സുരക്ഷ പ്രകടനം വാഗ്ദാനം ചെയ്യുന്നത് വളരെ നിരാശാജനകമാണെന്ന് ഗ്ലോബൽ എൻ‌സി‌എപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറാസ് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് മികച്ച വില്‍പ്പനയുള്ള മോഡലാണ് എസ്-പ്രസോ. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് എത്തിയത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ആദ്യം അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.   3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്. 

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്‍തനാക്കുന്നു. 

ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്ത് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകളുണ്ട്. 

അകത്തളത്തില്‍ സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയുണ്ട്. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ചേര്‍ന്നതാണ് ഡാഷ്ബോര്‍ഡ്. സ്റ്റിയറിങ് വീലിന് പിന്നില്‍ നിന്നും മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസുമുള്ള വാഹനത്തില്‍ ഡ്യുവല്‍ എയര്‍ബാഗടക്കം പത്തിലേറെ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും. 

അടുത്തിടെ വാഹനത്തിന്റെ സിഎന്‍ജി പതിപ്പിനെയും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു. സിഎന്‍ജി നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റമൊന്നും ഇല്ല. 998 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോ S-സിഎന്‍ജിയുടെ ഹൃദയം.  ഈ എഞ്ചിന്‍ 5,500 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്. 55 ലിറ്ററാണ് സിഎന്‍ജി ടാങ്കിന്റെ കപ്പാസിറ്റി. 31.2 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു.

റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരാണ് എസ് പ്രസോയുടെ മുഖ്യ എതിരാളികള്‍. 

click me!