
വലിയ കുടുംബങ്ങൾക്ക് കൂടുതൽ ഇരിപ്പിട ശേഷിയും സ്ഥലസൗകര്യവുമുള്ള കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ എപ്പോഴും ആവശ്യക്കാരുണ്ട്. മാരുതി സുസുക്കിയുടെ പോർട്ട്‌ഫോളിയോയിൽ എർട്ടിഗയും ഇൻവിക്റ്റോയും ഉൾപ്പെടുന്ന അത്തരം രണ്ടു കാറുകളുണ്ട്. എന്നാൽ ഇപ്പോഴിതാ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂന്നുവരി പ്രീമിയം എസ്‌യുവിയും കമ്പനി ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങിയരിക്കുന്നു. മാരുതി സുസുക്കിയുടെ നിർമ്മാണ കേന്ദ്രത്തിന് പുറത്ത് അതിന്റെ പരീക്ഷണ വാഹനങ്ങളിലൊന്ന് ക്യാമറയിൽ പതിഞ്ഞു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
Y17 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വരാനിരിക്കുന്ന മാരുതി 7-സീറ്റർ എസ്‌യുവി ഈ വർഷത്തെ ദീപാവലി സീസണിൽ ഷോറൂമുകളിൽ എത്തും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ കാറുകൾക്കെതിരെ ഇത് മത്സരിക്കും. 2025 മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്റർ എസ്‌യുവിയിലൂടെ, ഫാമിലി കാറുകൾ വാങ്ങുന്ന ഉപഭോക്താക്കളെയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
പരീക്ഷണ ഓട്ടത്തിൽ ഉപയോഗിച്ചിരിക്കുന്ന വാഹനം അതിന്റെ 5-സീറ്റർ എതിരാളിയേക്കാൾ നീളമുള്ളതായി കാണപ്പെടുന്നു, അതായത് 4,345 എംഎം നീളം ഉണ്ട് ഇതിന്. എങ്കിലും, വീൽബേസ് മാറ്റമില്ലാതെ തുടരും, അതായത് 2,600 എംഎം. ഈ പുതിയ മാരുതി 7-സീറ്റർ എസ്‌യുവി 5-സീറ്റർ ഗ്രാൻഡ് വിറ്റാരയുമായി നിരവധി ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, പ്ലാറ്റ്‌ഫോം, പവർട്രെയിൻ എന്നിവ പങ്കിടും. ചില സൗന്ദര്യവർദ്ധക മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും അതിന്റെ പണത്തിനായുള്ള മൂല്യം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ, ടെയിൽലാമ്പുകൾ എന്നിവയുമായി എസ്‌യുവി വന്നേക്കാം.
പുതിയ വാഹനത്തിലെ പവർട്രെയിൻ സജ്ജീകരണം നിലവിലെ അഞ്ച് സീറ്റർ ഗ്രാൻഡ് വിരാറ്റയിൽ നിന്നുള്ളത് തന്നെ തുടരാനാണ് സാധ്യത. പുതിയ മാരുതി 7 സീറ്റർ എസ്‌യുവി രണ്ട് പവർട്രെയിൻ ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്. 103 ബിഎച്ച്പി, 1.5 ലിറ്റർ കെ 15 സി പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 115 ബിഎച്ച്പി, 1.5 ലിറ്റർ, 3 സിലിണ്ടർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ ഇലക്ട്രിക് മോട്ടോർ സഹിതം. ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന മൂന്നാമത്തെ മാരുതി സുസുക്കി മോഡലാണിത്.
മൈൽഡ് ഹൈബ്രിഡ് സജ്ജീകരണം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമാകുമ്പോൾ, സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടാകും. പുതിയ 2025 മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്റർ എസ്‌യുവി ഓപ്ഷണൽ എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവുമായി വരും.
2025 മാരുതി ഗ്രാൻഡ് വിറ്റാര 7 സീറ്റർ എസ്‌യുവിയിൽ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ ഫീച്ചറുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.