
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് വൈകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് മാരുതി സുസുക്കിയുടെ ഓഹരികൾ ഇടിഞ്ഞു. ജൂൺ 11 ന് മാരുതി സുസുക്കിയുടെ ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞ് 12,427 രൂപയായി. അപൂർവ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ചൈന കർശനമാക്കിയതിനെ തുടർന്നാണ് ഈ തിരിച്ചടി. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ യുഎസ് നടപ്പിലാക്കുന്ന വ്യാപാര സമ്മർദ്ദത്തിനെതിരായ തന്ത്രപരമായ പ്രതികരണത്തിന്റെ ഭാഗമായി ചൈന ഈ കാന്തങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ കയറ്റുമതി നിരോധനം കാരണമുള്ള അപൂർവ എർത്ത് വസ്തുക്കൾക്ക് കടുത്ത ക്ഷാമമാണ് നേടിരുന്നത്. ഈ ക്ഷാമം മൂലം മാരുതി സുസുക്കി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ ഹ്രസ്വകാല ഉൽപ്പാദന ലക്ഷ്യങ്ങൾ മൂന്നിൽ രണ്ടായി കുറച്ചതായി റിപ്പോട്ടുകൾ വന്നിരുന്നു.
2026 സാമ്പത്തിക വർഷത്തേക്കുള്ള ഇലക്ട്രിക് വാഹന (ഇവി) ഉൽപ്പാദന ലക്ഷ്യങ്ങൾ മാരുതി 88,000 യൂണിറ്റിൽ നിന്ന് 67,000 യൂണിറ്റായി കുറച്ചിരുന്നു. ഈ വർഷം സെപ്റ്റംബറോടെ 26,500 ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള പ്രാരംഭ പദ്ധതിയും വെറും 8,200 യൂണിറ്റായി വെട്ടിക്കുറച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പിന്നാലെയാണ് ഓഹരി വില ഇടിഞ്ഞത്തി. തിരിച്ചടി നേരിട്ടെങ്കിലും, ഒക്ടോബർ മുതൽ ഉത്പാദനം വേഗത്തിലാകുമെന്ന് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നു. പുതുക്കിയ മുഴുവൻ വർഷത്തെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയും കമ്പനിക്ക് ഉണ്ട്. ഉത്പാദനം പുരോഗമിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അളവ് പരിമിതമാണ്.
മാരുതിയുടെ ഇലക്ട്രിക് എസ്‌യുവികളിലേക്കുള്ള ആദ്യ ചുവടുവയ്പ്പായ ഇ-വിറ്റാര, ഇന്ത്യൻ റോഡുകളിൽ എത്തുന്നതിനുമുമ്പ് ജപ്പാൻ, യൂറോപ്പ് തുടങ്ങിയ വിദേശ വിപണികളിൽ അരങ്ങേറ്റം കുറിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. ആഭ്യന്തരമായി പുറത്തിറക്കുന്നതിലെ കാലതാമസം കമ്പനിയുടെ വിശാലമായ വൈദ്യുതീകരണ തന്ത്രത്തെ ഹ്രസ്വകാലത്തേക്ക് ബാധിച്ചേക്കാം, എന്നാൽ ദീർഘകാല പദ്ധതികളിൽ മാറ്റമില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം അപൂർവ എർത്ത് മാഗ്നറ്റുകളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ച ആദ്യത്തെ വാഹന നിർമ്മാതാക്കൾ അല്ല മാരുതി സുസുക്കി. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ കമ്പനി തുടങ്ങിയ ഇരുചക്ര വാഹന നിർമ്മാതാക്കൾ അടുത്ത മാസം ആദ്യം തന്നെ ഉത്പാദനം നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.