ഈക്കോ ആംബുലന്‍സിന്‍റെ വില കുത്തനെ വെട്ടിക്കുറച്ച് മാരുതി, കാരണം..

By Web TeamFirst Published Jun 21, 2021, 12:38 PM IST
Highlights

ഈക്കോ വാനിന്‍റെ ആംബുലന്‍സ് പതിപ്പിന്റെ വില കുത്തനെ വെട്ടിക്കുറച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

ഈക്കോ വാനിന്‍റെ ആംബുലന്‍സ് പതിപ്പിന്റെ വില കുത്തനെ വെട്ടിക്കുറച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. നിലവിലെ വിലയില്‍ നിന്നും ഏകദേശം 88,000 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാർ പുതുക്കിയ ജിഎസ്​ടി നിരക്കുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ ഈ വിലക്കുറവ്. 28 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ്​ ജിഎസ്​ടി കുറഞ്ഞത്​.

ഇപ്പോള്‍ 6.16 ലക്ഷം രൂപയാണ് മാരുതി ഈക്കോ ആംബുലന്‍സിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് കമ്പനി വ്യക്തമാക്കി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) ഒരു റെഗുലേറ്ററി ഫയലിംഗിലൂടെയാണ് നിർമാതാക്കൾ പ്രഖ്യാപനം നടത്തിയത്.  ആംബുലന്‍സിന്റെ ജിഎസ്ടി നിരക്കിന് അനുസൃതമായി പുതിയ വിലകള്‍ 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറഞ്ഞു. കുറച്ച ജിഎസ്‍ടി നിരക്കിന്റെ ആശ്വാസം 2021 സെപ്റ്റംബര്‍ 30 വരെ നല്‍കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ ജിഎസ്​ടി നിരക്കനുസരിച്ച് ഇക്കോ ആംബുലൻസി​ന്‍റെ ചെലവ് 88,000 രൂപ കുറയുമെന്ന് റെഗുലേറ്ററി ഫയലിങിൽ കമ്പനി വ്യക്തമാക്കുന്നു.

കമ്പനി ഡീലര്‍മാര്‍ക്ക് ഇന്‍വോയ്‌സ് ചെയ്‍ത വാഹനങ്ങള്‍ക്കും ഡീലര്‍ഷിപ്പുകള്‍ ഇന്‍വോയ്‌സ് ചെയ്ത വാഹനങ്ങള്‍ക്കും ഈ മാറ്റം ജൂണ്‍ 14 മുതല്‍ അറിയിപ്പ് തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തിന്‍റെ ഹൃദയം​. 72 ബിഎച്ച്പി കരുത്തും 98 എൻഎം ടോർക്കും ഈ എഞ്ചിൻ ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്​പീഡ് മാനുവൽ ഗിയർബോക്​സാണ് ട്രാന്‍സ്‍മിഷന്‍.

അതേസമയം മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഈക്കോയ്‍ക്ക് അടുത്തിടെ 10 വയസ് തികഞ്ഞിരുന്നു. മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി ആദ്യം അവതരിപ്പിക്കുന്നത്.  2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍  ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്നും ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കയ്യിലൊതുക്കുന്നത് മാരുതി ഈക്കോയാണെന്നുമാണ്  കണക്കുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!