എട്ട് ആംബുലന്‍സുകള്‍ കൂടി ഫ്രീയായി നല്‍കി ചൈനീസ് വണ്ടിക്കമ്പനി

By Web TeamFirst Published Jun 21, 2021, 9:14 AM IST
Highlights

വിവിധ ആശുപത്രികള്‍ക്കായി എട്ട് ഹെക്ടര്‍ ആംബുലന്‍സുകള്‍ കൂടി സൌജന്യമായി നല്‍കി ചൈനീസ് വണ്ടിക്കമ്പനി

മറ്റെല്ലാ വാഹന നിര്‍മ്മാതാക്കളെയും പോലെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് വണ്ടിക്കമ്പനിയായ എംജി മോട്ടോഴ്‍സും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ ആശുപത്രികള്‍ക്കായി ആംബുലന്‍സുകള്‍ നല്‍കിയിരിക്കുകയാണ് കമ്പനിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എം ജിയുടെ സേവ പദ്ധതിയുടെ ഭാഗമായി എട്ട് ഹെക്ടര്‍ ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം കമ്പനി നല്‍കിയത്. നാഗ്പൂര്‍, വിദര്‍ഭ മേഖലകളിലേക്കാണ് സൗജന്യമായി ഈ ആംബുലന്‍സുകള്‍ കൈമാറിയിരിക്കുന്നത്.  നാഗ്പൂരിലേക്ക് കഴിഞ്ഞ മാസം നല്‍കിയ അഞ്ച് ആംബുലന്‍സുകള്‍ക്ക് പുറമേയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

നാഗ്‍പൂരിലെ നാജിയ ഹോസ്പിറ്റല്‍, വഡോദരയിലെ GMERS ആശുപത്രി, ഹാലോലിലെ സി.എച്ച്.സി. ആശുപത്രി എന്നിവയ്ക്കാണ് മുമ്പ് എം ജി മോട്ടോഴ്‌സ് ആംബലുന്‍സുകള്‍ നല്‍കിയത്. കോവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രമാണ് ഈ ആംബുലന്‍സുകള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ നല്‍കിയിട്ടുള്ള ആംബുലന്‍സുകള്‍ മറ്റ് അടിയന്തര സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. ഈ ആംബുലന്‍സുകള്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി ഫ്ലാഗ് ഓഫ് ചെയ്‍തു.  

എംജിയുടെ ജനപ്രിയ മോഡല്‍ ഹെക്ടറാണ് ആംബുലന്‍സായി രൂപമാറ്റം വരുത്തിയിരിക്കുന്നത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി 100 ഹെക്ടറുകള്‍ എം ജി വിട്ടുനല്‍കിയിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നടരാജ് മോട്ടോർ ബോഡി ബിൽഡേഴ്സുമായി സഹകരിച്ചാണ് എംജി മോട്ടോഴ്സ് ഹെക്ടർ ആംബുലൻസ് നിർമ്മിച്ചത്. 

എം.ജിയുടെ ഹാലോല്‍ പ്ലാന്റില്‍ തന്നെയാണ് ഈ ആംബുലന്‍സുകളുടെയും നിര്‍മ്മാണം. ഓട്ടോ ലോഡിങ് സ്ട്രക്ചർ, ഓക്സിജൻ സിലിണ്ടർ, അറ്റൻഡന്റിനു   ജമ്പർ സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, 5 പരാമീറ്റർ മോണിറ്ററോട് കൂടിയ മെഡിസിൻ കാബിനറ്റ്, ഇന്റെര്ണൽ ലൈറ്റുകൾ, മുകളിൽ ടോപ്പ് ബാർ ലൈറ്റ്, സൈറൺ, ആംപ്ലിഫയർ,  ഇൻവെർട്ടർ,  ബാറ്ററി മറ്റു അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണ് മുമ്പ് നല്‍കിയ എം ജി ആബുലന്‍സില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ നല്‍കിയ വാഹനങ്ങളില്‍ മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി.  2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും എംജി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി സഹകരിച്ചായിരുന്നു എം ജി ഓക്‌സിജന്‍ ഉത്പാദിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനാണ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്നാണ് കമ്പനി അന്ന് അറിയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!