ബിഎസ് 6 എഞ്ചിനുമായി മാരുതി ഇക്കോ വരുന്നു

By Web TeamFirst Published Oct 3, 2019, 4:15 PM IST
Highlights

ബിഎസ് 6 എന്‍ജിനായി മാറുന്നതോടെ കരുത്ത്, ടോര്‍ക്ക്, ഇന്ധനക്ഷമത എന്നിവയില്‍ കുറവ് വരുമെന്നാണ് കരുതുന്നത്. വാഹനത്തിന്‍റെ വില കൂടിയേക്കും

ഇക്കോ വാനിന് ബിഎസ് 6 എന്‍ജിന്‍ നല്‍കാനൊരുങ്ങി മാരുതി സുസുക്കി. ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ജി സീരീസ് പെട്രോള്‍ എന്‍ജിനാവും വാഹനത്തിന് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, സിഎന്‍ജി വകഭേദങ്ങളാണ് നിലവിലെ ഇക്കോയുടെ ഹൃദയം. ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഈ എഞ്ചിന്‍. പെട്രോള്‍ എന്‍ജിന്‍ 73 എച്ച്പി പവറും 101 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോള്‍ ഇക്കോ സിഎന്‍ജിയില്‍ 63 എച്ച്പി പവറും 85 എന്‍എം ടോര്‍ക്കും ലഭിക്കും. ബിഎസ് 6 എന്‍ജിനായി മാറുന്നതോടെ കരുത്ത്, ടോര്‍ക്ക്, ഇന്ധനക്ഷമത എന്നിവയില്‍ കുറവ് വരുമെന്നാണ് കരുതുന്നത്. ബിഎസ് 6 ആകുന്നതോടെ വാഹനത്തിന്‍റെ വില കൂടിയേക്കും. നിലവില്‍ 3.52 ലക്ഷം മുതല്‍ 4.86 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ് ഷോറൂം വില.

2020ല്‍ പ്രാബല്യത്തില്‍ വരുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) അനുസരിച്ച് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ ഇക്കോ അടുത്തിടെയാണ് വിപണിയിലെത്തിയത്. എബിഎസ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോള്‍ വാഹനത്തിലുണ്ട്. 

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി അവതരിപ്പിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം നിരത്തൊഴിയുന്ന ഓംനിക്ക് പകരമാണ് മാരുതി ഇക്കോയെ പരിഷ്‌കരിച്ചത്. 

click me!