900 ഏക്കറില്‍ പുതിയ ഫാക്ടറി, മാരുതിക്ക് ഈ സര്‍ക്കാരിന്‍റെ അനുമതി

By Web TeamFirst Published Nov 14, 2021, 10:59 PM IST
Highlights

ഉൽപ്പാദനം വർധിപ്പിക്കാൻ ഈ ഫാക്ടറി രാജ്യത്തെ ഓട്ടോ ഭീമനായ മാരുതിയെ സഹായിക്കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു

രിയാനയിലെ (haryana) സോനിപത് ജില്ലയിലെ (Sonipat) ഖാർഖോഡയിൽ (Kharkhoda) പുതിയ വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാൻ മാരുതി സുസുക്കിക്ക് ( Maruti Suzuki) അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ഖാർഖോഡയിൽ  900 ഏക്കർ സ്ഥലത്ത്  ഫാക്ടറി നിര്‍മ്മിക്കാനാണ് അനുമതി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇക്കാര്യം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹരിയാന എന്റർപ്രൈസസ് പ്രൊമോഷൻ സെന്ററിന്റെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സോനിപത്തിലെ ഖാർഖോഡയിൽ ഏകദേശം 900 ഏക്കർ സ്ഥലത്ത് പുതിയ മാരുതി പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയതായി മുഖ്യമന്ത്രി ഒരു ഔദ്യോഗിക പ്രസ്‍താവനയിൽ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓട്ടോമൊബൈൽ മേഖലയെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ ഉൽപ്പാദനം വർധിപ്പിക്കാൻ ഈ ഫാക്ടറി രാജ്യത്തെ ഓട്ടോ ഭീമനായ മാരുതിയെ സഹായിക്കുമെന്ന് മുഖ്യമന്ത്രി  അറിയിച്ചു. ഇതോടൊപ്പം, കമ്പനിക്ക് 15 വർഷത്തേക്ക് സംസ്ഥാന ചരക്ക് സേവന നികുതി (എസ്‍ജിഎസ്‍ടി) റീ ഇംബേഴ്സ്മെന്റും സർക്കാർ നൽകിയിട്ടുണ്ട്. മറ്റൊരു ഫാക്ടറി പണിയുന്നത് ലാഭകരമാകുമെന്നാണ് പ്രതീക്ഷയാണെന്നും അത് ഉൽപ്പാദനം കൂട്ടുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് എത്തിക്കാൻ മാരുതി സുസുക്കിയെ സഹായിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗോളതലത്തിൽ ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗർലഭ്യം കാരണം ഹരിയാനയിലെ രണ്ട് പ്ലാന്റുകളിലും ഗുജറാത്തിലെ മാതൃസ്ഥാപനമായ സുസുക്കി ഫാക്ടറിയിലും ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ മാസത്തിന്റെ തുടക്കത്തിൽ മാരുതി സുസുക്കി ഇന്ത്യ അറിയിച്ചിരുന്നു. ഹരിയാനയിലെ രണ്ട് ഫാക്ടറികളിലെയും മൊത്തം ഉൽപ്പാദന അളവ് നവംബറിലെ സാധാരണ റോൾ ഔട്ടിന്റെ 85 ശതമാനമാകുമെന്ന് നിരീക്ഷിച്ചതിനാൽ സ്ഥിതിഗതികൾ ചലനാത്മകമാണെന്ന് വാഹന നിർമ്മാതാവ് പറഞ്ഞു.

ആഭ്യന്തര വിപണിയിലെ വിൽപ്പന കമ്പനിയുടെ പ്രതീക്ഷയ്‌ക്ക് അനുസൃതമായി തിളങ്ങാത്തതിനാൽ ഒക്‌ടോബറും മാരുതിയെ സംബന്ധിച്ചിടത്തോളം അത്ര നന്നായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യങ്ങൾ തൃപ്‍തികരമായി തുടരുന്നുണ്ടെങ്കിലും ചിപ്പ് പ്രതിസന്ധി മൂലം ഉൽപ്പാദനം മുടങ്ങുന്നത് തുടരുകയാണെന്ന് മാരുതി സുസുക്കി അധികൃതർ രണ്ടാംപാദ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിറ്റ 95,067 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വിപണിയിൽ ഏകദേശം 48,690 യൂണിറ്റുകളാണ് ഇകത്തണം കമ്പനി വിറ്റത്.

മാരുതി സുസുക്കി അടുത്തിടെയാണ് 2021 സെലേരിയോ പുറത്തിറക്കിയത്.  4.99 ലക്ഷം രൂപ മുതല്‍ 6.94 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില. പുതിയ മോഡലിൽ മികച്ച സജ്ജീകരണങ്ങളുള്ള ക്യാബിൻ ഉൾപ്പെടെ നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. മാത്രമല്ല, കാറിന്റെ മൈലേജും പ്രധാന ഹൈലൈറ്റിംഗ് സവിശേഷതയാണ്. ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജുമായാണ് 2021 സെലേറിയോ  എത്തുന്നത്.

click me!