
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ഒന്നായ മാരുതി സുസുക്കി പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്കുള്ള നീക്കം ശക്തമാക്കുന്നു. ഹരിയാനയിലെ മനേസർ നിർമ്മാണ പ്ലാന്റിൽ 300 കിലോവാട്ട് ശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്പനി കമ്മീഷൻ ചെയ്തു. കാർ നിർമ്മാണത്തിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. മാരുതി സുസുക്കിയുടെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.
മനേസർ പ്ലാന്റിലെ സോളാർ സംവിധാനത്തിൽ നിന്ന് ലഭിക്കുന്ന അധിക വൈദ്യുതിയാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇതിനായി 300 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രോലൈസർ സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കുറയുന്ന അവധിക്കാലത്ത് അധികമായി ലഭിക്കുന്ന സൗരോർജ്ജം പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ വൈദ്യുതി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ പിന്നീട് സംഭരിക്കും. സംഭരിച്ച ഹൈഡ്രജൻ പ്രകൃതിവാതകവുമായി കലർത്തി ഫാക്ടറിയിൽ ഇന്ധനമായി ഉപയോഗിക്കാനാണ് പദ്ധതി. ഇതുവഴി വാഹന നിർമ്മാണ പ്രക്രിയയിൽ ശുദ്ധമായ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കാൻ സാധിക്കും.
മനേസറിൽ നിന്നുള്ള അനുഭവങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി ഹരിയാനയിലെയും ഗുജറാത്തിലെയും മറ്റ് നിർമ്മാണ പ്ലാന്റുകളിലും ഗ്രീൻ ഹൈഡ്രജൻ ഉപയോഗം വ്യാപിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. ഗ്രീൻ ഹൈഡ്രജൻ മാത്രമല്ല കമ്പനിയുടെ പരിഗണനയിലുള്ളത്. സൗരോർജം, ഗ്രീൻ വൈദ്യുതി, ബയോഗ്യാസ്, ബാറ്ററി എനർജി സ്റ്റോറേജ് തുടങ്ങിയ വിവിധ ശുദ്ധ ഊർജ സ്രോതസ്സുകളിലും മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
മാരുതി സുസുക്കിയുടെ ഖാർഖോഡ പ്ലാന്റിൽ പ്രതിദിനം 10 ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിന് പുറമെ 1 MWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനവും കമ്പനി കമ്മീഷൻ ചെയ്തിട്ടുണ്ട്. ഏകദേശം 561 കോടി രൂപ ചെലവിൽ നാല് കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതികൾ സ്ഥാപിക്കുന്നതിനും മാരുതി സുസുക്കി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. 2030-31 സാമ്പത്തിക വർഷത്തോടെ ഹരിത ഊർജ പദ്ധതികൾക്കായി ഏകദേശം 925 കോടി രൂപ ചെലവഴിക്കാൻ പദ്ധതിയിടുന്നതായും കമ്പനി നേരത്തെ അറിയിച്ചിരുന്നു.
നിർമ്മാണ പ്ലാന്റുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുകയാണ് മാരുതി സുസുക്കിയുടെ ദീർഘകാല ലക്ഷ്യം. കമ്പനിയുടെ കണക്കുകൾ പ്രകാരം നിലവിൽ വാഹന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ഏകദേശം 6.15 ലക്ഷം ടൺ കാർബൺ പുറന്തള്ളപ്പെടുന്നു. 2030-31 സാമ്പത്തിക വർഷത്തോടെ ഇത് 2.66 ലക്ഷം ടണ്ണായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സൗരോർജം, ഗ്രീൻ ഹൈഡ്രജൻ, ബയോഗ്യാസ്, ബാറ്ററി സ്റ്റോറേജ് തുടങ്ങിയ ബദൽ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും.
മാരുതി സുസുക്കി എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചിയുടെ അഭിപ്രായത്തിൽ, ഭാവിയിൽ ഒരു വാഹന നിർമ്മാതാവിന്റെ ശക്തി നിർണയിക്കുന്നത് കുറഞ്ഞ വിലയും ഉയർന്ന നിലവാരവും മാത്രമായിരിക്കില്ല. വാഹന നിർമ്മാണ സമയത്ത് ഉണ്ടാകുന്ന കാർബൺ പുറന്തള്ളലും പ്രധാന ഘടകമായി മാറും. മനേസറിൽ ആരംഭിച്ച 300 കിലോവാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്, മാരുതി സുസുക്കിയുടെ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റത്തിലെ പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.