ആവശ്യക്കാര്‍ കൂടി, ഉല്‍പ്പാദനം കുത്തനെക്കൂട്ടി മാരുതി!

By Web TeamFirst Published Sep 14, 2020, 3:55 PM IST
Highlights

രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി ഉല്‍പ്പാദനം കുത്തനെ കൂട്ടി

ദില്ലി: രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി ഉല്‍പ്പാദനം കുത്തനെ കൂട്ടി. ഓഗസ്റ്റ് മാസത്തിൽ ഉൽപ്പാദനത്തിൽ വൻ വർധനവാണ് മാരുതി സുസുക്കി വരുത്തിയത്. 11 ശതമാനം വർധനവാണ് ഉൽപ്പാദനത്തിൽ ഉണ്ടായത്. 1,23769 വാഹനങ്ങളാണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഇതേമാസം 111370 വാഹനങ്ങളായിരുന്നു നിർമ്മിച്ചത്. പാസഞ്ചർ വാഹനങ്ങൾ 121381 എണ്ണം നിർമ്മിച്ചു. 110214 എണ്ണമായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ നിർമ്മിച്ചത്, വളർച്ച 10 ശതമാനം.

ചെറു കാറുകളായ ഓൾട്ടോയും എസ് പ്രസോയും 22208 എണ്ണം നിർമ്മിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ 13814 ആയിരുന്നു എണ്ണം. 61 ശതമാനം വളർച്ചയാണ് ഈ കാറ്റഗറിയിൽ നേടിയത്. വാഗൺആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലെനോ, ഡിസയർ എന്നിവയുടെ ആകെ ഉൽപ്പാദനം 67348. മുൻവർഷത്തിൽ ഇത് 67095 ആയിരുന്നു. 

ജിപ്സി, എർട്ടിഗ, എസ് ക്രോസ്, വിതാര ബ്രെസ, എക്സ്എൽ6 എന്നിവയുടെ ഉൽപ്പാദനം 44 ശതമാനം ഉയർന്നു. മുൻവർഷത്തെ 15099നെ അപേക്ഷിച്ച് 21737 കാറുകൾ നിർമ്മിച്ചു. കോമേഴ്ഷ്യൽ വാഹന വിഭാഗത്തിൽ ഉൽപ്പാദനം കഴിഞ്ഞ വർഷം 1156 ആയിരുന്നത് ഇക്കുറി 2388ലെത്തി.

അതേസമയം വാഹന വില്‍പ്പനയില്‍ ആഭ്യന്തര വിപണിയിൽ 2020 ആഗസ്റ്റില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്‍ചവച്ചത്. ആഗസ്റ്റ് മാസത്തിൽ മൊത്തം 124,624 യൂണിറ്റുകൾ വിറ്റഴിച്ചെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ 1,06,413 യൂണിറ്റകളായിരുന്നു മാരുതി വിറ്റത്.  

മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങളായ അള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ മോഡലുകളാണ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. അള്‍ട്ടോ, എസ്-പ്രെസോ മോഡലുകളുടെ വില്‍പ്പന 19,709 യൂണിറ്റായിരുന്നു.  സെലെറിയോ, ഇഗ്നിസ്, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾപ്പെടുന്ന കോംപാക്‌ട് വിഭാഗത്തിൽ 61,956 യൂണിറ്റ് വിൽപ്പനയാണ് മാരുതി സ്വന്തമാക്കി. എന്നാല്‍ സെഡാന്‍ വിഭാഗത്തില്‍ സിയാസ് മിഡ് സൈസ് സെഡാന്റെ 1,223 യൂണിറ്റുകള്‍ മാത്രം വിൽക്കാനാണ് മാരുതി സുസുക്കിക്ക് സാധിച്ചത്. 

യൂട്ടിലിറ്റി വാഹനങ്ങളായ എര്‍ട്ടിഗ, എക്‌സ്എല്‍6, ബ്രെസ, എസ്-ക്രോസ്, ജിപ്‌സി തുടങ്ങിയ വാഹനങ്ങളും മികച്ച നിലയിലായിരുന്നു. ഈ ശ്രേണിയിലെ 21,030 യൂണിറ്റ് നിരത്തുകളിലെത്തിച്ച 13.5 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കി. മാരുതി ഓമ്‌നി, ഇക്കോ വാനുകളുടെ 9,115 യൂണിറ്റുകൾ കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചു. 5.3 ശതമാനമാണ് വാന്‍ വിപണിയിലെ വളര്‍ച്ച. ബ്രാൻഡിന്റെ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 113,033 യൂണിറ്റാണ്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിലെ മൊത്തം വിൽപ്പന യഥാക്രമം 2,292 യൂണിറ്റും 1,379 യൂണിറ്റുമാണ്. 

ആറ് മാസത്തിന് ശേഷമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന നേട്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ മാസം വരെ തൊട്ടുമുമ്പുള്ള മാസത്തെ അപേക്ഷിച്ചുള്ള വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ജൂലൈയില്‍ 1,08,064 യൂണിറ്റായിരുന്നു മാരുതിയുടെ വില്‍പ്പന. അതേസമയം, ജൂണില്‍ ഇത് 57,428 യൂണിറ്റായിരുന്നു. 
 

click me!