കാര്‍ യാത്രക്കിടെ കൊറോണ പിടിക്കാതിരിക്കണോ? കിടിലന്‍ ഉല്‍പ്പന്നങ്ങളുമായി മാരുതി!

By Web TeamFirst Published Jun 7, 2020, 2:56 PM IST
Highlights

മുൻ നിര യാതകർക്കും പിൻ നിര യാത്രക്കാർക്കും നടുവിലായി സ്ഥാപിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് കവർ പാർട്ടിഷൻ ആണ് ഇക്കൂട്ടത്തില്‍ ഏറെ കൗതുകകരം. 

കൊവിഡ് 19 വൈറസ് ബാധയോടെ ലോകം അടിമുടി മാറിമറിഞ്ഞുകഴിഞ്ഞു. ഈ വൈറസിനെ പിടിച്ചു കെട്ടിയാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അല്‍പ്പം താമസം പിടിക്കും എന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. ആ സ്ഥിതിയ്ക്ക് ഫലപ്രദമായ മുൻകരുതൽ സ്വീകരിച്ചു മുന്നോട്ട് പോവുക എന്നുള്ളത് മാത്രമാണ് നമുക്കു മുന്നിലുള്ള ഏക പോംവഴി.

ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കോവിഡ് കാലത്തെ യാത്രകൾ സുരക്ഷിതമാക്കാൻ ഹെൽത്ത് ആന്റ് ഹൈജീൻ ഉൽപന്നങ്ങളുമായി എത്തിയിരിക്കുകയാണ്. കൊറോണ കാലത്തേക്കായി ചില സ്പെഷ്യൽ അക്‌സെസറികളും ആണ് മാരുതി സുസുക്കി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

പത്തു രൂപ മുതൽ 650 രൂപ വരെ വിലയുള്ള വിവിധതരം ഉല്‍പ്പന്നങ്ങളാലാണ് മാരുതി വിതരണം ചെയ്യുന്നത്. മാസ്‍ക്, പ്രോട്ടക്ടീവ് ഗൂൾസ്, ഷൂ കവർ, ഫെയ്സ് ഷീൽഡ് വൈസർ തുടങ്ങിയ പേഴ്സണൽ പ്രൊട്ടക്‌ഷൻ ഉത്പന്നങ്ങളും ഇന്റീരിയർ ക്ലീനർ, കാർ ക്യാബിൻ പ്രൊട്ടക്ടീവ് പാർട്ടീഷൻ തുടങ്ങിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.  

പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PPE), കാർ കെയർ എന്നിങ്ങനെ രണ്ട് വിഭങ്ങളിലായാണ് അക്‌സെസറികൾ. 3 പ്ലൈ-ഫേസ് മാസ്‍ക് (10 രൂപ), ഹാൻഡ് ഗ്ലോവ്സ് (20 രൂപ), ഡിസ്പോസിബിൾ ഷൂ കവർ (21 രൂപ), ഫേസ് വൈസർ (55 രൂപ), ഡിസ്പോസിബിൾ ഐ ഗിയർ (100 രൂപ) എന്നിങ്ങനെ പോകുന്നു മാരുതിയുടെ പുത്തൻ സുരക്ഷ അക്‌സെസറി ശ്രേണി. 

മുൻ നിര യാതകർക്കും പിൻ നിര യാത്രക്കാർക്കും നടുവിലായി സ്ഥാപിക്കാൻ പറ്റുന്ന പ്ലാസ്റ്റിക് കവർ പാർട്ടിഷൻ ആണ് ഇക്കൂട്ടത്തില്‍ ഏറെ കൗതുകകരം. 649 രൂപ മാത്രമേ ഈ അക്‌സെസറിക്ക് ഉള്ളൂ. അൾട്ടോ, സെലേറിയോ, ഡിസയർ, എസ്-ക്രോസ്സ്, റിറ്റ്സ്, എർട്ടിഗ, എക്സ്എൽ6 എന്നിങ്ങനെ ഒട്ടുമിക്ക മാരുതി സുസുക്കി കാറുകളിലും ഈ പാർട്ടീഷൻ സ്ഥാപിക്കാവുന്നതാണ്.

ഓൺലൈനായോ മാരുതി ജനുവിൽ ആക്സസറീസ് ഷോറൂമുകൾ വഴിയോ മാരുതിയുടെ ഈ സുരക്ഷാ ഉത്പന്നങ്ങൾ വാങ്ങാം. ഇതിനായി ഹെല്‍ത്ത് ആന്‍ജ് ഹൈജീന്‍ എന്ന പുതിയ സെക്‌ഷനും മാരുതി ഒരുക്കിയിട്ടുണ്ട്.

ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ ഇളവുകൾ ലഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് മാരുതിയുടെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സ്റ്റേഷനുകളും തുറന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 

click me!