
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി 2030 ഓടെ 10 പുതിയ കാറുകൾ പുറത്തിറക്കാൻ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അതിൽ അര ഡസൻ ഇലക്ട്രിക് കാറുകളും ഉൾപ്പെടുന്നു. മാരുതി 3.0 തന്ത്രത്തിന് കീഴിൽ ഉൽപ്പാദനവും വിൽപ്പനയും വർദ്ധിപ്പിക്കാനുള്ള പദ്ധതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാൻ പ്രകാരം, 2032 ഓടെ മൊത്തം വിൽപ്പന പ്രതിവർഷം 40 ലക്ഷം യൂണിറ്റായി ഇരട്ടിയാക്കാനും വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. മാരുതി സുസുക്കിയുടെ പോർട്ട്‌ഫോളിയോയിൽ 28 മോഡലുകളാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എന്നാൽ നിലവിലെ 18 മോഡലുകളിൽ നിന്ന് എഫ്‌വൈ 31 മോഡലാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു.
മാരുതി 3.0 പ്ലാനിന് കീഴിലുള്ള യാഥാർത്ഥ്യങ്ങൾക്കും ഭാവിക്കും അനുസൃതമായി അതിന്റെ ഉൽപ്പാദന സൗകര്യങ്ങൾ ഇപ്പോൾ പുനഃക്രമീകരിക്കുന്നുവെന്ന് മാരുതി സുസുക്കി റിപ്പോർട്ടിൽ പറയുന്നു. ഈ പ്ലാനിൽ എസ്‌യുവികളിലും ക്രോസ്ഓവറുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൾപ്പെടുന്നു. ഇത്തരം മോഡലുകള്‍ മികച്ച രീതിയില്‍ വില്‍ക്കുമ്പോള്‍ മാരുതി സുസുക്കിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ ചെറുകാറുകൾ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. ഈ പ്രവണത മാരുതി സുസുക്കിയെ അതിന്റെ ഉൽപ്പന്ന തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചു. എസ്‌യുവികളും എംപിവികളും പോലുള്ള യൂട്ടിലിറ്റി വാഹനങ്ങൾ ചെറിയ ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ ശ്രദ്ധ നേടുമെന്നും മാരുതി പറയുന്നു. മാരുതി സുസുക്കിക്ക് വിപണിയിൽ നല്ല സ്വീകാര്യതയുള്ള നാല് എസ്‌യുവികളുണ്ടെന്നും തങ്ങൾ ഈ വിഭാഗത്തിൽ നേതൃത്വം ഏറ്റെടുക്കാനുള്ള പാതയിലാണന്നും കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഇടിഞ്ഞ വിപണി വിഹിതം ക്രമേണ വർദ്ധിപ്പിക്കും എന്നും ആർസി ഭാർഗവ പറഞ്ഞു.
"ബുള്ളറ്റ് ഡാാ.."എതിരാളികള്‍ മനസില്‍ കണ്ടത് റോയല്‍ എൻഫീല്‍ഡ് മാനത്ത് കണ്ടു!
മുൻകാലങ്ങളിൽ ചൈനയിൽ സംഭവിച്ചത് പോലെ ഇന്ത്യൻ കാർ വ്യവസായം ഇരട്ട അക്കത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഭാർഗവ പറഞ്ഞു. 2030-31 സാമ്പത്തിക വർഷം വരെ ആറ് ശതമാനം വളർച്ചാ നിരക്ക് നിലനിർത്താനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിനായി കമ്പനി സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇപ്പോൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത് 'മാരുതി 3.0' ന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഒരു പൊതു സംരംഭമായിരുന്ന കാലമായിരുന്നു ഞങ്ങളുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം കോവിഡ് മഹാമാരിയിൽ അവസാനിച്ചു, ഇന്ത്യൻ കാർ വിപണി ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി. കമ്പനിയുടെ മുന്നിലുള്ള വെല്ലുവിളികൾ അഭൂതപൂർവമാണ്.. " ഭാർഗവ കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഗുജറാത്ത് പ്ലാന്റ് പൂർണ്ണമായും ഏറ്റെടുക്കുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു. ഉൽപ്പാദന അളവ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിൽ ഈ പ്ലാന്റ് നിർണായക പങ്ക് വഹിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ സൂചന നൽകി.