Latest Videos

പറ്റിപ്പോയി, ക്ഷമിക്കണം..! മാരുതിയുടെ ഈ ജനപ്രിയ മോഡലുകൾക്ക് തകരാർ, ഇക്കൂട്ടത്തിൽ നിങ്ങളുടെ കാർ ഉണ്ടോ?

By Web TeamFirst Published Mar 23, 2024, 11:06 AM IST
Highlights

തകരാറുള്ള ഇന്ധന പമ്പ് എഞ്ചിൻ സ്‍തംഭിക്കുന്നതിനോ എഞ്ചിൻ സ്റ്റാർട്ടിംഗ് പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം. ഈ ഭാഗം മാറ്റിസ്ഥാപിക്കുന്നതിനായി മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക്ക്ഷോപ്പുകൾ ബാധിച്ച വാഹന ഉടമകളെ ബന്ധപ്പെടും. ഈ മാറ്റിസ്ഥാപിക്കൽ സൗജന്യമായി ചെയ്യും.

രാജ്യത്തെ നമ്പർ വൺ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ബലേനോയുടെയും വാഗൺആറിൻ്റെയും 16,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ഇന്ധന പമ്പിൽ തകരാറുണ്ടാകാൻ സാധ്യതയുള്ളതിനെ തുടർന്നാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകൾ. 2019 ജൂലൈ 30 നും 2019 നവംബർ ഒന്നിനും ഇടയിൽ നിർമ്മിച്ച ബലേനോയുടെ 11,851 യൂണിറ്റുകളും വാഗൺആറിൻ്റെ 4,190 യൂണിറ്റുകളും കമ്പനി തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടും. തകരാറുള്ള ഇന്ധന പമ്പ് എഞ്ചിൻ സ്‍തംഭിക്കുന്നതിനോ എഞ്ചിൻ സ്റ്റാർട്ടിംഗ് പ്രശ്‌നങ്ങളിലേക്കോ നയിച്ചേക്കാം. ഈ ഭാഗം മാറ്റിസ്ഥാപിക്കുന്നതിനായി മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക്ക്ഷോപ്പുകൾ ബാധിച്ച വാഹന ഉടമകളെ ബന്ധപ്പെടും. ഈ മാറ്റിസ്ഥാപിക്കൽ സൗജന്യമായി ചെയ്യും.

ബലെനോയും വാഗൺആറും നിർമ്മാതാക്കളുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ്. വാഗൺആർ ഒരു ബജറ്റ് ഹാച്ച്ബാക്കാണ്. എന്നാൽ ബലേനോ ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. മാരുതി സുസുക്കി വാഗൺആറിന് 5.54 ലക്ഷം മുതൽ 7.38 ലക്ഷം രൂപ വരെയാണ് വില. ബലേനോയുടെ വില 8.07 ലക്ഷം മുതൽ 11.68 ലക്ഷം രൂപ വരെയാണ്. എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.  

തകരാറിലായ വാഗൺ ആർ, ബലേനോ എന്നിവയുടെ വിൻ നമ്പർ വഴി മാരുതി കമ്പനിയുടെ വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭിക്കും. ഈ തിരിച്ചുവിളിയിൽ നിങ്ങളുടെ വാഹനത്തിൻ്റെ നമ്പറും വന്നാൽ, അടുത്തുള്ള സർവീസ് സെൻ്ററിൽ പോയി വാഹനം നന്നാക്കാം. ഫോൺ, മെസേജ്, ഇ-മെയിൽ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് തിരിച്ചുവിളിക്കുന്ന വിവരങ്ങളും കമ്പനി നൽകുന്നുണ്ട്.

മാരുതിക്ക് മുമ്പ്, അടുത്തിടെ ഹ്യുണ്ടായിയും കിയയും സിവിടി ഗിയർബോക്സിലെ തകരാർ കാരണം സെൽറ്റോസ്, ക്രെറ്റ, വെർണ എന്നിവയ്ക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതിന് മുമ്പ് മാരുതി സുസുക്കി 87,000 യൂണിറ്റ് എസ്-പ്രസ്സോ , ഇക്കോ വാനുകൾ തിരിച്ചുവിളിച്ചിരുന്നു . സ്റ്റിയറിംഗ് വീൽ സജ്ജീകരണത്തിൽ കണ്ടെത്തിയ തകരാർ കാരണം ഈ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി  മാരുതി സുസുക്കി അപ്പോൾ വ്യക്തമാക്കിത്.  രണ്ട് വർഷം മുമ്പ് മോട്ടോർ ജനറേറ്റർ യൂണിറ്റിൻ്റെ തകരാർ കാരണം സിയാസ്, വിറ്റാര ബ്രെസ്സ, XL6 പെട്രോൾ വേരിയൻ്റുകളുൾപ്പെടെ വിവിധ മോഡലുകളുടെ രണ്ട് ലക്ഷത്തോളം യൂണിറ്റുകൾ തിരിച്ചുവിളിക്കാൻ മാരുതി സുസുക്കി നിർബന്ധിതരായിരുന്നു. കഴിഞ്ഞ വർഷം, മാരുതി 1.34 ലക്ഷം യൂണിറ്റ് വാഗൺആർ, ബലേനോ ഹാച്ച്ബാക്കുകൾ ഇന്ധന പമ്പുകളിൽ തകരാറുള്ളതിനാൽ തിരിച്ചുവിളിച്ചിരുന്നു. അതേ വർഷം തന്നെ, തകരാർ സംഭവിച്ച മോട്ടോർ ജനറേറ്റർ യൂണിറ്റിന് 63,493 യൂണിറ്റ് സിയാസ്, എർട്ടിഗ, XL6 പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് (SHVS) വേരിയൻ്റുകളും മാരുതി തിരിച്ചുവിളിച്ചിരുന്നു.

youtubevideo

click me!