40,000 കാറുകളെ മാരുതി തിരികെ വിളിക്കുന്നു, ഇക്കൂട്ടത്തില്‍ നിങ്ങളുടേതുമുണ്ടോ?

By Web TeamFirst Published Aug 23, 2019, 4:17 PM IST
Highlights

40,618 ഓളം വാഹനങ്ങളിലാണ് കുഴപ്പം കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

തകരാറിനെ തുടര്‍ന്ന് വാഗണ്‍ ആര്‍ കാറുകളെ മാരുതി സുസുക്കി തിരിച്ചുവിളിക്കുന്നു. ഫ്യുവല്‍ പൈപ്പിലെ(ഫ്യുവല്‍ ഹോസ്) തകരാറിനെ തുടര്‍ന്നാണ് ജനപ്രിയവാഹനം തിരിച്ചുവിളിച്ചുള്ള നടപടി. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലത്ത് നിര്‍മ്മിച്ച കാറുകളെയാണ് തിരിച്ചുവിളിക്കുന്നത്.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് ഇവ.  ഇത്തരം 40,618 ഓളം വാഹനങ്ങളിലാണ് കുഴപ്പം കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അടുത്തിടെ പുറത്തിറങ്ങിയ 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡലുകളില്‍ തകരാര്‍ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തകരാര്‍ കണ്ടെത്തിയ കാറുകളുടെ വിവരം മാരുതിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും ഷാസി നമ്പര്‍, അല്ലെങ്കില്‍ ഇന്‍വോയിസ് നമ്പര്‍ എന്നിവ നല്‍കിയാല്‍ വാഹനത്തിന്റെ വിവരം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുമെന്നും മാരുതി അറിയിച്ചു. തകരാറുള്ള വാഹനങ്ങള്‍ സൗജന്യമായി തകരാര്‍ പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ എല്ലാ മാരുതി അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഓഗസ്റ്റ് 24 മുതല്‍ ഇതിനായി പരിശോധന ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019 ജനുവരി അവസാനമാണ് പുത്തന്‍ വാഗണ്‍ ആര്‍ വിപണിയിലെത്തുന്നത്. അടുത്തിടെ വാഗണ്‍ ആറിന്‍റെ വില്‍പ്പന 22 ലക്ഷം പിന്നിട്ടിരുന്നു. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. കഴിഞ്ഞ 19 വർഷത്തിനിടയിലെ പ്രതിമാസ കണക്കെടുപ്പില്‍ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന ആദ്യ അഞ്ചു കാറുകൾക്കൊപ്പം വാഗൺ ആർ ഇടംനേടിയിരുന്നു. 

click me!