കയറ്റുമതിയിൽ നേട്ടം സ്വന്തമാക്കി മാരുതി

By Web TeamFirst Published Mar 8, 2022, 3:15 PM IST
Highlights

ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വില്പന നടന്ന കാറുകളുടെ പട്ടികയിലെ ആദ്യ പത്തിൽ ഏഴു സ്ഥാനങ്ങളും മാരുതിയുടെ വിവിധ മോഡലുകൾ സ്വന്തമാക്കി. മാരുതി ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്ത മാസവും 2022 ഫെബ്രുവരിയാണ്. 

കോവിഡിൻ്റെ ക്ഷീണം പിന്നിട്ട വിപണിയിൽ 2022 ഫെബ്രുവരിയിലെ കണക്കെടുപ്പിൽ ഇന്ത്യയുടെ താര ബ്രാൻ്റായ മാരുതിയുടെ കാറുകൾ  ബഹുദൂരം മുന്നിലെത്തി. ചിപ്പുകൾ അടക്കമുള്ള ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഇടിവ് ലോകവ്യാപകമായിത്തന്നെ വാഹനവിപണിയെ പ്രതിസന്ധിയിലാക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നിട്ടും കയറ്റുമതിയിൽ റെക്കോഡ് നേട്ടമാണ് ഈ ഫെബ്രുവരിയിൽ മാരുതി സ്വന്തമാക്കിയത്.

ഈ ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വില്പന നടന്ന കാറുകളുടെ പട്ടികയിലെ ആദ്യ പത്തിൽ ഏഴു സ്ഥാനങ്ങളും മാരുതിയുടെ വിവിധ മോഡലുകൾ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന മാരുതി സ്വിഫ്റ്റിനാണ്. 19,202 സ്വിഫ്റ്റ് കാറുകളാണ് ഫെബ്രുവരിയിൽ മാത്രം മാരുതി വിറ്റത്. 17,438 യൂണിറ്റ് വില്പനയോടെ മാരുതിയുടെ തന്നെ ഡിസയർ രണ്ടാം സ്ഥാനത്തും 14,669 യൂണിറ്റ് വില്പനയോടെ മാരുതി വാഗൺ ആർ മൂന്നാം സ്ഥാനത്തുമെത്തി. മാരുതിയുടെ തന്നെ ബലേനോ നാലാം സ്ഥാനവും എർട്ടിഗ ആറാം സ്ഥാനവും ആൾട്ടോ ഏഴാം സ്ഥാനവും സെലേരിയോ പത്താം സ്ഥാനവും നേടിയപ്പോൾ ടാറ്റ നെക്സൺ അഞ്ചാം സ്ഥാനത്തും മഹിന്ദ്ര ബൊലേറോ എട്ടാം സ്ഥാനത്തും ഹുണ്ടായ് വെന്യൂ ഒൻപതാം സ്ഥാനത്തും എത്തി.

1,37,607 യൂണിറ്റുകളാണ് വിവിധ മോഡലുകളിലായി ആകെ 2022 ഫെബ്രുവരിയിൽ മാരുതി ഇന്ത്യയിൽ വിറ്റത്. ആകെ വില്പനയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ്ക്ക് മാരുതിയുടെ പകുതി പോലും യൂണിറ്റുകൾ വിൽക്കാനായില്ലെന്നതും ശ്രദ്ധേയം. 44,050 യൂണിറ്റ് വാഹനങ്ങളാണ് വിവിധ മോഡലുകളിലായി ഹ്യുണ്ടായ് വിറ്റത്.

മാരുതി ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്ത മാസവും 2022 ഫെബ്രുവരിയാണ്. 24,021 യൂണിറ്റുകളാണ് വിവിധ മോഡലുകളിലായി കഴിഞ്ഞ മാസത്തെ മാരുതിയുടെ കയറ്റുമതി. കഴിഞ്ഞ വർഷം ഈ സമയത്തെ കയറ്റുമതിയുടെ ഇരട്ടി വരും ഇത്. 11,486 യൂണിറ്റുകളാണ് 2021 ഫെബ്രുവരിയിൽ മാരുതി കയറ്റുമതി ചെയ്തിരുന്നത്. കയറ്റുമതി കൂടി കൂട്ടുമ്പോൾ മാരുതിയുടെ ആകെ വില്പന 1,64,056 യൂണിറ്റുകളായി ഉയരുകയും ചെയ്യും. ഈ സാമ്പത്തികവർഷം ഇതുവരെയായി എല്ലാ മോഡലുകളിലുമായി ആകെ 14,82,258 യൂണിറ്റുകളുടെ വില്പന നടന്നതായും മാരുതി അറിയിച്ചു.

click me!