
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പെർഫോമൻസ് പതിപ്പായ ആർഎസ് ഇപ്പോള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ഒരുലക്ഷം രൂപയോളമാണ് വാഹനത്തിന്‍റെ വില കമ്പനി വെട്ടിക്കുറച്ചത്. വിലക്കിഴിവനുസരിച്ച് 7.89 ലക്ഷം രൂപ മുതലാണു വാഹനത്തിന്‍റെ പുതിയ ദില്ലി ഷോറൂം വില. കമ്പനിയുടെ മറ്റു മിക്ക മോഡലുകൾക്കും 5000 രൂപ വരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഉൽസവകാലം പ്രമാണിച്ചുള്ള ഓഫറുകൾക്കു പുറമേയാണിത്.
2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. തുടര്‍ന്ന് 2017ലാണ് പ്രീമിയം ഹാച്ച്ബാക്കായ ആർഎസിനെ മാരുതി പുറത്തിറക്കുന്നത്. രൂപത്തിൽ സാധാരണ ബലേനോയുമായി നേരിയ വ്യത്യാസങ്ങളേ ആർ എസിനുള്ളൂ.
ബൂസ്റ്റർ ജെറ്റ് എൻജിനുമായി എത്തിയ ബലേനൊ ആർഎസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്ബാക്കുകളിലൊന്നാണ്. 102 എച്ച്പി കരുത്തുള്ള 1–ലീറ്റർ പെട്രോൾ എൻജിനാണ് ആർഎസിന്‍റെ ഹൃദയം. 5500 ആർപിഎമ്മിൽ 100 ബിഎച്ച്പി കരുത്തും 150 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 1700- 4500 ആർപിഎമ്മുകൾക്കിടയില്‍ പരമാവധി ടോർക്ക് ലഭ്യമാകും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കുവാൻ 10.52 സെക്കൻഡുകൾ മാത്രം മതി വാഹനത്തിന്.