കഴിഞ്ഞ മാസം മാത്രം വിറ്റത് 7000ത്തില്‍ അധികം യൂണിറ്റുകള്‍, എസ്-പ്രെസോ കുതിക്കുന്നു

By Web TeamFirst Published May 24, 2021, 5:14 PM IST
Highlights

2021 ഏപ്രിൽ മാസത്തിൽ മാത്രം മാരുതി സുസുക്കി വിറ്റത് എസ്-പ്രസോയുടെ 7,737 യൂണിറ്റുകൾ ആണെന്ന് കോം റിപ്പോര്‍ട്ട്

രാജ്യത്തെ ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച വാഹനമാണ് എസ്-പ്രെസോ. 2019 സെപ്‍തംബര്‍ 30നാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്നാണ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.  2021 ഏപ്രിൽ മാസത്തിൽ മാത്രം മാരുതി സുസുക്കി വിറ്റത് എസ്-പ്രസോയുടെ 7,737 യൂണിറ്റുകൾ ആണെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മാർച്ചിൽ വിറ്റ 7,252 യൂണിറ്റുകളെ അപേക്ഷിച്ച് എൻട്രി ലെവൽ കാർ വിൽപ്പനയിൽ മോഡല്‍ 6.7 ശതമാനം വളർച്ച നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിൽ  ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ കാറുകളിൽ ഒന്നാണ്  എസ്-പ്രസോ. സ്റ്റാൻഡേർഡ മോഡലിന് 3.78 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് ട്രിമിന് 5.26 ലക്ഷം രൂപ വരെ വിലയ്ക്ക് മാരുതി സുസുക്കി എസ്-പ്രസ്സോ വിൽപ്പനയ്ക്കെത്തുന്നു.

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2019ല്‍ എത്തുന്നത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്. 

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്‍തനാക്കുന്നു. 

ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്ത് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകളുണ്ട്.  അകത്തളത്തില്‍ സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയുണ്ട്. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ചേര്‍ന്നതാണ് ഡാഷ്ബോര്‍ഡ്. സ്റ്റിയറിങ് വീലിന് പിന്നില്‍ നിന്നും മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസുമുള്ള വാഹനത്തില്‍ ഡ്യുവല്‍ എയര്‍ബാഗടക്കം പത്തിലേറെ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും.  റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരാണ് എസ് പ്രസോയുടെ മുഖ്യ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!