ആ പ്രശ്‍നം കുറച്ചുകാലം കൂടി തുടരുമെന്ന് മാരുതി സുസുക്കി

Published : Mar 05, 2023, 08:21 PM IST
ആ പ്രശ്‍നം കുറച്ചുകാലം കൂടി തുടരുമെന്ന് മാരുതി സുസുക്കി

Synopsis

ഇത് ചില മോഡലുകളുടെ ഓർഡർ ഡെലിവറിയില്‍ കൂടുതൽ കാലതാമസത്തിന് കാരണമാകുന്നുവെന്നും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവ് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

സെമി കണ്ടക്ടര്‍ ചിപ്പുകളുടെ കുറവ് അടുത്ത ഏതാനും പാദങ്ങളിൽ നിലനിൽക്കുമെന്ന് വ്യക്തമാക്കി മാരുതി സുസുക്കി ഇന്ത്യ. ഇത് ചില മോഡലുകളുടെ ഓർഡർ ഡെലിവറിയില്‍ കൂടുതൽ കാലതാമസത്തിന് കാരണമാകുന്നുവെന്നും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവ് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  കമ്പനിക്ക് 3.69 ലക്ഷം യൂണിറ്റ് ബുക്കിംഗ് ശേഷിക്കുന്നുണ്ടെന്നും എർട്ടിഗയ്ക്കാണ് ഏറ്റവും കൂടുതൽ ബുക്കിംഗ് ഉള്ളതെന്നും ഏകദേശം 94,000 ബുക്കിംഗുകള്‍ എര്‍ട്ടിഗയ്ക്ക് ശേഷിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

അർദ്ധചാലക ക്ഷാമം ഇപ്പോഴും തുടരുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ - മാർക്കറ്റിംഗ് ആൻഡ് സെയിൽസ്, ശശാങ്ക് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.  ഇത് എപ്പോൾ സാധാരണ നിലയിലാകുമെന്ന് കൃത്യമായ സമയക്രമം പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതി ഗ്രാൻഡ് വിറ്റാര , ബ്രെസ്സ എന്നിവയ്ക്ക് യഥാക്രമം 37,000, 61,500 യൂണിറ്റുകളുടെ ഓർഡർ ബാക്ക്‌ലോഗ് ഉണ്ട്. ജിംനി , ഫ്രോങ്ക്സ് എന്നിവയ്ക്കായി കമ്പനിക്ക് യഥാക്രമം 22,000, 12,000 ബുക്കിംഗുകൾ ലഭിച്ചു. ചിപ്പിന്റെ ക്ഷാമം മൂലം വാഹന നിർമ്മാതാക്കൾ ഒക്ടോബർ-ഡിസംബർ കാലയളവിൽ 46,000 യൂണിറ്റുകളുടെ ഉൽപ്പാദന നഷ്‍ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

മൊത്തത്തിലുള്ള യാത്രാ വാഹന വ്യവസായത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എസ്‌യുവികൾ 42. 6 ശതമാനവും ഹാച്ച്ബാക്കുകൾ 35 ശതമാനവും വിഹിതവുമായി മുന്നിട്ട് നിൽക്കുന്നതായി ശ്രീവാസ്‍തവ അഭിപ്രായപ്പെട്ടു. ഈ സാമ്പത്തിക വർഷം ഇതുവരെ പാസഞ്ചർ വെഹിക്കിൾ വ്യവസായം 35.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചുവെന്നും ഈ വർഷം അവസാനിക്കുമ്പോള്‍ 38.8 ലക്ഷം യൂണിറ്റുകൾ പ്രതീക്ഷിക്കുന്നതായും മാരുതി സുസുക്കി പറയുന്നു. 

2022-2023 നെ അപേക്ഷിച്ച് അടുത്ത സാമ്പത്തിക വർഷത്തിൽ  യാത്രാ വാഹന വിഭാഗം അഞ്ച് മുതല്‍ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. “അടുത്ത വർഷം ഞങ്ങളുടെ പ്രവചനങ്ങൾ 40.5 മുതല്‍ 41 ലക്ഷം യൂണിറ്റുകൾക്കിടയിലാണ്. ഇത് ഏകദേശം അഞ്ച് മുതല്‍ ഏഴ് ശതമാനം വളർച്ചയാണ്,” അദ്ദേഹം പറഞ്ഞു. മാരുതി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിപണിയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാഹന വായ്പാ നിരക്കുകൾ വർധിച്ചതോടെ ഡിമാൻഡ് വർധിച്ചുവെന്നും വിപണിയിലെ നെഗറ്റീവ് ഘടകങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന ചില പോസിറ്റീവ് ഘടകങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

PREV
Read more Articles on
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ