Latest Videos

സൂപ്പര്‍ഹിറ്റായി മാരുതി നെക്സ ഷോറൂമുകള്‍, വില്‍പ്പനയുടെ ലക്ഷക്കണക്കുകള്‍ കുതിക്കുന്നു!

By Web TeamFirst Published Jul 26, 2021, 1:02 PM IST
Highlights

അതിവേഗം വളരുകയാണ് നെക്സ ഡീലര്‍ഷിപ്പുകളെന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ഏറ്റവും വലിയ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ ശൃംഖല. അതിവേഗം വളരുകയാണ് നെക്സ ഡീലര്‍ഷിപ്പുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്‌സ നിലവില്‍ വന്നതിന് ശേഷം ആറ് വര്‍ഷം കൊണ്ട് 14 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫെബ്രുവരിയിലാണ് കമ്പനി നെക്സയിലൂടെയുള്ള വില്‍പ്പന 13 ലക്ഷം തികച്ചത്. 

2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയില്‍ എത്തിച്ച വാഹനം.  മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്‌സയുടെ പ്രത്യേകത.

2015 ല്‍ നെക്‌സ ആദ്യത്തെ ഷോറൂം തുറന്നതിന് ശേഷം ഉപഭോക്തൃ ശ്രേണിയില്‍ യുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ സാധിച്ചതായും നിലവിലെ ഉപഭോക്താക്കളില്‍ പകുതിയോളം പേര്‍ 35 വയസിന് താഴെയുള്ളവരാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി.

രാജ്യത്തെ 234 നഗരങ്ങളിലായി 380 നെക്‌സ ഔട്ട്‌ലെറ്റുകളാണ് മാരുതി സുസുക്കിയുടെ കീഴിലുള്ളത്. ഇതുവഴി ആകെ വില്‍പ്പനയുടെ 70 ശതമാനത്തോളം ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ കമ്പനിക്കായിട്ടുണ്ട്. കാറുകള്‍ വില്‍ക്കുന്നതിനപ്പുറത്തേക്ക് കാര്‍ വാങ്ങുന്നവര്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കാനും പുതിയ ഫോര്‍മാറ്റുകള്‍ സൃഷ്ടിക്കാനും ഒരു ഓട്ടോമൊബൈല്‍ കമ്പനി നടത്തിയ ആദ്യ സംരംഭമായി നെക്‌സയെ അടയാളപ്പെടുത്തുന്നതായി മാരുതി സുസുക്കി പറയുന്നു. 

രാജ്യത്തുടനീളമായുള്ള 380 ഷോറൂമുകളുള്ള പ്രീമിയം സെയില്‍സ് നെറ്റ്‌വര്‍ക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ആറ് വര്‍ഷം കൊണ്ട് 14 ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ല്, വര്‍ഷങ്ങളായി ഞങ്ങളുടെ ഉപഭോക്താക്കള്‍ ഞങ്ങളോട് കാണിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും മാരുതി പറയുന്നു. 

നെക്സ പ്രവർത്തനം ആരംഭിച്ച 2015ൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ വെറും അഞ്ചു ശതമാനമായിരുന്നു. എന്നാൽ 2020 ആകുമ്പോഴേക്ക് മാരുതി സുസുക്കിയുടെ ആകെ വിൽപനയിൽ 19 ശതമാനത്തോളം നെക്സയിൽ നിന്നാണെന്നാണ് സൂചന.  പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ, കോംപാക്ട് കാറായ ഇഗ്നിസ്, എസ്‌യുവിയായ എസ് ക്രോസ്, പ്രീമിയം സെഡാനായ സിയാസ്, പ്രീമിയം വിവിധോദ്ദേശ്യ വാഹനമായ എക്സ് എൽ സിക്സ് തുടങ്ങിയവയാണ്  മാരുതി സുസുക്കി ഇന്ത്യ നെക്സ ശൃംഖല വഴിവിൽക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!