നിരത്ത് മാത്രമല്ല, നികുതിയടച്ച് ഖജനാവും നിറച്ച് മാരുതി!

By Web TeamFirst Published Jan 25, 2021, 2:57 PM IST
Highlights

ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ നല്‍കുന്ന മൊത്തം നികുതി വരുമാനത്തിന്‍റെ  29 ശതമാനം മാരുതിയുടെ വക. 2016 മുതൽ 2020 വരെ മാരുതി നികുതിയായി അടച്ചത് 12,029.70 കോടി രൂപ

ഒരു വാഹനം ഓടിക്കുമ്പോൾ നാം അടയ്ക്കുന്ന നികുതി കൂടാതെ വാഹന നിർമ്മാണകമ്പനികൾ അടയ്ക്കുന്ന നികുതി കൂടിയുണ്ട് നമ്മുടെ രാജ്യത്തിൻറെ വരുമാനത്തിൽ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‍ത ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ മാത്രം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് രാജ്യത്തിന്‍റെ ഖജനാവിലേക്ക് അടച്ചത് നാല്‍പ്പതിനായിരത്തിലേറെ കോടി രൂപയാണ്; കൃത്യം പറഞ്ഞാൽ 41,366.81 കോടി രൂപ!

ബൈക്കും ഓട്ടോയും കാറും ലോറിയും ഒക്കെ നിർമ്മിക്കുന്നവർ അടങ്ങുന്ന ഈ കൂട്ടത്തിൽ ഏറ്റവും വലിയ നികുതിദായകനാകട്ടെ, മാരുതി കാറും. മൊത്തം നികുതി വരുമാനത്തിന്‍റെ  29% മാരുതിയുടെ വകയാണ്. അതായത്, 2016 മുതൽ 2020 വരെ മാരുതി നികുതിയായി അടച്ചത് 12,029.70 കോടി രൂപയാണ്. 

ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും ടുവീലറുമൊക്കെ നിർമ്മിക്കുന്ന ബജാജാണ് ഈ ശ്രേണിയിൽ രണ്ടാമൻ. നമ്മുടെ സമ്പദ്ഘടനയിലെ ഓട്ടോമൊബൈൽ കമ്പനികളുടെ മൊത്തം വിഹിതത്തിന്‍റെ 20% ആണ് ബജാജിന്‍റെ പങ്ക്. 8,154.23 കോടി രൂപയാണ് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ബജാജ് നികുതിയായി അടച്ചത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത വാഹനനിർമ്മാതാക്കളായ നികുതിദായകരിൽ 7,220 കോടി നികുതിയടയ്ക്കുന്ന മഹീന്ദ്ര മൂന്നാമതും 6,656.35 കോടി അടയ്ക്കുന്ന ഹീറോ നാലാമതുമാണ്. മറ്റൊരു പ്രധാന കാർ നിർമാതാക്കളായ ടാറ്റ 515.45 കോടിയാണ് ഈ കാലയളവിൽ നികുതി ഇനത്തില്‍ അടച്ചത്. കൊമേർഷ്യൽ വാഹന നിർമാതാക്കളായ ഐഷർ 3,907.28 കോടിയും അശോക് ലെയ്ലൻഡ് 1,847.80 കോടിയും നികുതിയായി നൽകി.

നമ്മുടെ സമ്പദ്ഘടനയിലെ ഓട്ടോമൊബൈൽ വ്യവസായങ്ങളുടെ പങ്കാണ് ഈ കണക്കുകൾ എടുത്തുകാട്ടുന്നത്. സർക്കാരിലേക്ക് നേരിട്ടുള്ള ഈ നികുതി വരുമാനത്തിനു പുറമെയാണ് ഈ കമ്പനികൾ രാജ്യത്ത് ഒരുക്കുന്ന തൊഴിലവസരങ്ങൾ, സാമൂഹികോന്നമനത്തിനായി നടപ്പിലാക്കുന്ന സേവന പദ്ധതികൾ എന്നിവയൊക്കെ.

ഓരോ കമ്പനിയും അടയ്ക്കുന്ന നികുതി, നൽകുന്ന തൊഴിലവസരങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നതൊക്കെയും ചേർത്താണ് നമ്മൾ ബ്രാൻഡുകളെവിലയിരുത്തേണ്ടത്. ഓരോ കമ്പനികളുടേയും വില്പനയെക്കുറിച്ചും വലുപ്പത്തെക്കുറിച്ചുമൊക്കെയുള്ള അവകാശവാദങ്ങൾ പരസ്യങ്ങളിൽ കേൾക്കുമ്പോൾ അതിലെ കൃത്യത വിശകലനം ചെയ്യാനും ഈ നികുതി കണക്കുകൾ ഉപകാരപ്പെടും.

click me!