
രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് മാരുതി സുസുക്കി. തങ്ങളുടെ ആദ്യത്തെ പൂർണ്ണ വൈദ്യുത വാഹനമായ ഇ വിറ്റാരയെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഈ ഇലക്ട്രിക് എസ്‌യുവി വിജയകരമാക്കുന്നതിന് തങ്ങളുടെ ഷോറൂമുകളും സർവീസ് സ്റ്റേഷനുകളും ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമാക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ മാരുതി സുസുക്കി.
2030-31 സാമ്പത്തിക വർഷത്തോടെ വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും നൽകുന്നതിനായി, പ്രത്യേക പരിശീലനം ലഭിച്ച മനുഷ്യശക്തിയും പ്രത്യേക ഉപകരണങ്ങളും ഉപയോഗിച്ച് 1,000-ത്തിലധികം നഗരങ്ങൾ ഉൾക്കൊള്ളുന്ന 1,500 വൈദ്യുത വാഹന (ഇവി) സേവന വർക്ക്‌ഷോപ്പുകൾ കൂട്ടിച്ചേർക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (മാരുതി സുസുക്കി) പദ്ധതിയിടുന്നുവെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി സ്ഥിരീകരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഒരു മാസത്തിനുള്ളിൽ 24.5 ലക്ഷത്തിലധികം വാഹനങ്ങൾക്ക് സർവീസ് നൽകിയതായി മാരുതി സുസുക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനവും. വിൽപ്പനയിലും സേവനത്തിലും കമ്പനി ഒന്നാം സ്ഥാനത്ത് തുടരുന്നു. ടച്ച് പോയിന്റുകളുടെ കാര്യത്തിലും കമ്പനി ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലുടനീളമുള്ള ഏറ്റവും വലിയ സർവീസ് ശൃംഖലയാണ് മാരുതി സുസുക്കിക്ക് ഉള്ളത്. നിലവിൽ, രാജ്യത്തുടനീളം 5,400-ലധികം സർവീസ് സ്റ്റേഷനുകളാണ് വാഹന നിർമ്മാതാക്കൾക്കുള്ളത്.
മാരുതി സുസുക്കി ഇ വിറ്റാര വിപണിയിൽ എത്തിയാൽ ബ്രാൻഡിന്റെ ഇവി യാത്ര ആരംഭിക്കും. ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവി 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കും.ആഗോള വിപണിയിൽ ഇതിനകം ലഭ്യമായ ഇലക്ട്രിക് ഇ വിറ്റാര 49kWh ഉം 61kWh ഉം രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഇന്ത്യയിൽ വാഗ്ദാനം ചെയ്യും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇലക്ട്രിക്ക് വിറ്റാരയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കും.
അതേസമയം ഇ-വിറ്റാരയുടെ ഉൽപ്പാദന ലക്ഷ്യം മൂന്നിൽ രണ്ട് ഭാഗത്തേക്ക് വെട്ടിക്കുറച്ചതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു. അപൂർവ എർത്ത് മാഗ്നെറ്റുകളുടെ ക്ഷാമം കാരണമാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ. ഇത് മൂന്നിൽ രണ്ട് ഭാഗത്തേക്ക് വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ, രണ്ടാം പാദങ്ങളിൽ, അതായത് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 26,500 യൂണിറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അപൂർവ എർത്ത് മാഗ്നറ്റുകൾക്ക് ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുർടന്ന് വിതരണ ശൃംഖലയിലെ പ്രതിസന്ധി കാരണം മാരുതി സുസുക്കി ലക്ഷ്യം 8,200 യൂണിറ്റായി വെട്ടിക്കുറയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.