ഇറങ്ങിയ ഉടൻ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ്! അമ്പരപ്പിച്ച് പുതിയ മാരുതി എസ്‍യുവി വിക്ടോറിസ്

Published : Sep 03, 2025, 09:22 PM IST
Maruti Suzuki Victoris

Synopsis

മാരുതി സുസുക്കി പുതിയ എസ്‌യുവി വിക്ടോറിസ് പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കും. എഡിഎഎസ് സുരക്ഷാ ഫീച്ചർ സഹിതം വരുന്ന ഈ മാരുതി വിക്ടോറിസിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു.

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ എസ്‌യുവി വിക്ടോറിസ് പുറത്തിറക്കി. വരും ആഴ്ചകൾക്കുള്ളിൽ ഇത് വിപണിയിൽ പുറത്തിറങ്ങും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി ഈ മാരുതി വിക്ടോറിസ് നേരിട്ട് മത്സരിക്കും. എഡിഎഎസ് സുരക്ഷാ ഫീച്ചർ സഹിതം വരുന്ന ഈ മാരുതി വിക്ടോറിസിന് ലോഞ്ച് ചെയ്തയുടൻ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു എന്നതാണ് പ്രത്യേകത. ക്രാഷ് ടെസ്റ്റിൽ ഇന്ത്യ എൻസിഎപി വിക്ടോറിസിന് 5-സ്റ്റാർ റേറ്റിംഗ് നൽകി. ZXI + സ്ട്രോംഗ് ഹൈബ്രിഡ് eCVT, ZXI + (O) സ്ട്രോംഗ് ഹൈബ്രിഡ് eCVT, ZXI + (O) 6AT എന്നിവയുൾപ്പെടെ നിരവധി വേരിയന്റുകളിൽ ഇന്ത്യ എൻസിഎപി ഈ കാർ പരീക്ഷിച്ചു, ഈ റേറ്റിംഗ് എസ്‌യുവിയുടെ എല്ലാ വേരിയന്റുകൾക്കും ബാധകമാണ്.

സുസുക്കിയുടെ പുതിയ ആഗോള സി-പ്ലാറ്റ്‌ഫോമിലാണ് പുതിയ മാരുതി സുസുക്കി എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. ഇതിന് നിരവധി സവിശേഷതകളുണ്ട്. സാധാരണ ഉപഭോക്താക്കളെ മനസ്സിൽ വെച്ചുകൊണ്ട് മാരുതി സുസുക്കിയുടെ അരീന ഔട്ട്‌ലെറ്റുകൾ വഴിയായിരിക്കും ഇത് വിൽക്കുക. മാരുതി സുസുക്കി അരീനയുടെ മുൻനിര ഉൽപ്പന്നമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ, ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും യൂട്ടിലിറ്റി വാഹനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താനുമാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കായി എഡിഎഎസ് സഹിതം എസ്‌യുവിയിൽ നിരവധി സവിശേഷതകൾ ലഭിക്കുന്നു.

ഇവയാണ് എസ്‌യുവിയുടെ പ്രത്യേക സവിശേഷതകൾ

സുരക്ഷാ സഹായ സാങ്കേതികവിദ്യയാണ് വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. മാരുതി സുസുക്കി എല്ലാ വകഭേദങ്ങളിലും ഇത് സ്റ്റാൻഡേർഡാക്കി. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), കാൽനട സംരക്ഷണ സംവിധാനം, സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകൾ, എല്ലാ നിരകൾക്കും സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡുകളും ഇതിൽ ലഭ്യമാണ്.

ഈ കാർ എത്രത്തോളം സുരക്ഷിതമാണ്?

മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ, വിക്ടോറിസ് മികച്ച പ്രകടനം കാഴ്ചവച്ചു, 32 പോയിന്റുകളിൽ 31.66 പോയിന്റുകൾ നേടി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, 16 പോയിന്റുകളിൽ 15.66 പോയിന്റുകളും, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, 16 പോയിന്റുകളിൽ 16 പോയിന്റുകളും നേടി. ഇതിനുപുറമെ, എസ്‌യുവിയുടെ കരുത്ത് കാണിക്കുന്ന സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ ഇതിന് ഓകെ റേറ്റിംഗ് ലഭിച്ചു. ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ലോഡ് ലിമിറ്ററുകൾ, സൈഡ് ഹെഡ് കർട്ടൻ എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇതെല്ലാം കാരണം, പരീക്ഷണ സമയത്ത് വിക്ടോറിസിന് മികച്ച യാത്രക്കാരുടെ സുരക്ഷയും ശക്തമായ ശരീരഘടനയും ഉണ്ടെന്ന് തെളിഞ്ഞു.

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും വിക്ടോറിസ് മികച്ച പ്രകടനം കാഴ്ചവച്ചു, 49 ൽ 43 പോയിന്റുകൾ നേടി. ഡൈനാമിക് അസസ്‌മെന്റിൽ, 24 ൽ 24 പോയിന്റുകളും ലഭിച്ചു, ഇത് ക്രാഷ് സിമുലേഷനിൽ ചൈൽഡ് ഡമ്മികൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിയിച്ചു. ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം (CRS) ഇൻസ്റ്റാളേഷൻ വിഭാഗത്തിൽ 12 ൽ 12 പോയിന്റുകളും ലഭിച്ചു, ഇത് ഐസോഫിക്സ്, ഐ-സൈസ് സിസ്റ്റങ്ങൾ (Vario Base ഉള്ള Dualfix 5Z പോലുള്ളവ) എന്നിവയുമായി ഘടിപ്പിച്ചിരിക്കുന്നു.

എഞ്ചിനും മൈലേജും

മാരുതി സുസുക്കി വിക്ടോറിസിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. ആദ്യത്തേത് 103 എച്ച്പി പവർ നൽകുന്ന 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ്, രണ്ടാമത്തേത് 116 എച്ച്പി പവർ നൽകുന്ന 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണമാണ്, മൂന്നാമത്തേത് 89 എച്ച്പി പവർ നൽകുന്ന 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷനാണ്. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റിന് 5-സ്പീഡ് മാനുവൽ എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. വിക്ടോറിസിൽ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമാകും.

ഈ കാറിന്‍റെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, സ്ട്രോങ് ഹൈബ്രിഡ് ഇ-സിവിടി ലിറ്ററിന് 27.97 കിലോമീറ്ററും, മൈൽഡ് ഹൈബ്രിഡ് 5-സ്പീഡ് എംടി ലിറ്ററിന് 21.11 കിലോമീറ്ററും, മൈൽഡ് ഹൈബ്രിഡ് 6-സ്പീഡ് എടി ലിറ്ററിന് 20.58 കിലോമീറ്ററും, മൈൽഡ് ഹൈബ്രിഡ് 5-സ്പീഡ് എംടി ഓൾ ഗ്രിപ്പ് ലിറ്ററിന് 19.38 കിലോമീറ്ററും മൈലേജ് നൽകുന്നു. അതായത് വിക്ടോറിസ് ഫുൾ ടാങ്കിൽ 1200 കിലോമീറ്റർ മൈലേജ് നൽകുന്നു. ഗ്രാൻഡ് വിറ്റാരയും നൽകുന്നതുപോലെ. എങ്കിലും, കമ്പനി ഇതുവരെ ഔദ്യോഗിക മൈലേജ് കണക്കിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ