മൂന്നു ലക്ഷം പിന്നിട്ട് വാഗൺ ആർ സിഎൻജി

By Web TeamFirst Published Sep 27, 2020, 11:05 AM IST
Highlights

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ആറിന്റെ സിഎന്‍ജി വേരിയന്റ് മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് മുന്നേറുന്നു. 

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്ക് വാഗണ്‍ആറിന്റെ സിഎന്‍ജി വേരിയന്റ് മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് മുന്നേറുന്നു. രാജ്യത്തെ 2010-ലാണ് മാരുതി വാഗണ്‍ആറിന്റെ സി.എന്‍.ജി പതിപ്പ് അവതരിപ്പിക്കുന്നത്. 2019 ജനുവരയില്‍ അവതരിപ്പിച്ച പുതിയ വാഗണ്‍ ആറിന്‍റെ സിഎന്‍ജി വകഭേദത്തെ അതേവര്‍ഷം മാര്‍ച്ചിലാണ് കമ്പനി ആദ്യമായി വിപണിയിലെത്തിച്ചത്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

നാല് വര്‍ഷം കൊണ്ടാണ് ഈ വാഹനം ഒരു ലക്ഷം എന്ന നാഴികകല്ല് താണ്ടുന്നത്. പിന്നീട് 2017-ഓടെ വില്‍പ്പന രണ്ട് ലക്ഷത്തിലെത്തുകയായിരുന്നു. വാഗണ്‍ആറിന്റെ പുതുതലമുറ മോഡലിലും സി.എന്‍.ജി ഒരുങ്ങിയത് വില്‍പ്പനയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. മൂന്ന് ലക്ഷം എന്ന വില്‍പ്പന കഴിഞ്ഞ ദിവസമാണ് മാരുതി റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നാം തലമുറയിലേക്ക് എത്തിയ അഞ്ച് സീറ്റർ കാറിന് പുതിയ മാറ്റങ്ങൾ ലഭിച്ചിരുന്നു. 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിലാണ് അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകളുള്ള ഏറ്റവും പുതിയ വാഗൺആർ എത്തിയത്. വാഗണ്‍ആര്‍ LXi, LXi ഓപ്ഷണല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് സിഎന്‍ജി പതിപ്പ് വിപണിയിലെത്തിയിട്ടിള്ളത്. വാഗണ്‍ആറിന്റെ റഗുലര്‍ പെട്രോള്‍ വേരിയന്റിനെക്കാള്‍ 65,000 രൂപയോളം അധികമാണ് സി.എന്‍.ജിയുടെ വില.

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഡ്രൈവർ സൈഡ് എയർബാഗ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് വാർണിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളാണ് ഹാച്ച്ബാക്കിൽ ഉള്ളത്.

2020 ഫെബ്രുവരിയിലാണ് ബിഎസ് 6 പാലിക്കുന്ന സിഎന്‍ജി പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 5.32 ലക്ഷം രൂപയാണ് എസ്-സിഎന്‍ജി വേരിയന്റിന് ദില്ലി എക്‌സ് ഷോറൂം വില. മൂന്നാം തലമുറ വാഗണ്‍ആറിന്റെ എല്‍എക്‌സ്‌ഐ വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നത്. 

മാരുതി സുസുക്കിയുടെ എല്ലാ എസ്-സിഎന്‍ജി വാഹനങ്ങളിലേയും പോലെ ഈ മോഡലിലും രണ്ട് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും (ഇസിയു) ഇന്റലിജന്റ് ഇന്‍ജെക്ഷന്‍ സിസ്റ്റവും നല്‍കിയിരിക്കുന്നു. ഇതോടെ മികച്ച പെര്‍ഫോമന്‍സ്, മെച്ചപ്പെട്ട ഡ്രൈവബിലിറ്റി എന്നിവ ലഭിക്കും.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഗണ്‍ആര്‍ സിഎന്‍ജി വേരിയന്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ സിഎന്‍ജി മോഡില്‍ 58 ബിഎച്ച്പി കരുത്തും പെട്രോള്‍ മോഡില്‍ 81 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. പുറപ്പെടുവിക്കുന്ന ടോര്‍ക്ക് യഥാക്രമം 78 എന്‍എം, 113 എന്‍എം എന്നിങ്ങനെയാണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

മാരുതി സുസുക്കിയുടെ എസ്-സിഎന്‍ജി സാങ്കേതികവിദ്യ ലഭിക്കുന്ന മൂന്നാമത്തെ ബിഎസ് 6 മോഡലാണ് വാഗണ്‍ആര്‍. ആദ്യ രണ്ട് മോഡലുകള്‍ ഓള്‍ട്ടോ 800, എര്‍ട്ടിഗ എംപിവി എന്നിവയാണ്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്.  

click me!