"രാജാക്കന്മാരുടെ രാജാവേ.." മാരുതി ഉടമകള്‍ ഇങ്ങനെ പാടുന്നതിന് കാരണം ഇതൊക്കെയാണ്!

By Web TeamFirst Published Sep 4, 2021, 1:01 PM IST
Highlights

എന്നത്തെയും പോലെ മാരുതി സുസുക്കിയാണ് പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ രാജാവ്

2021 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച പ്രകടനവുമായി രാജ്യത്തെ വാഹനവിപണി. 2.6 ലക്ഷം സ്വകാര്യ കാറുകളാണ് രാജ്യത്തെ പ്രമുഖ 15 കമ്പനികള്‍ ചേര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ വിറ്റത് എന്നാണ് കണക്കുകള്‍ എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓഗസ്റ്റില്‍ 2.34 ലക്ഷം കാറുകളായിരുന്നു വിപണിയില്‍ വിറ്റുപോയത്. ഒരു വര്‍ഷം മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്‍താല്‍ ഇത്തവണ 11 ശതമാനം വളര്‍ച്ചയാണ് ആകെ കാര്‍ വില്‍പ്പനയില്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

എന്നത്തെയും പോലെ മാരുതി സുസുക്കിയാണ് പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ രാജാവ്.  കഴിഞ്ഞമാസം 1.03 ലക്ഷം കാറുകള്‍ മാരുതി വിപണിയില്‍ വിറ്റു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ആണ് വില്‍പ്പനപ്പട്ടികയില്‍ രണ്ടാമത് .  46,866 യൂണിറ്റുകള്‍ ഹ്യുണ്ടായി വിറ്റു എന്നാണ് കണ്കകുകള്‍.

അതേസമയം മൂന്നാം സ്ഥാനത്തുള്ള ടാറ്റ 50 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് സ്വന്തമാക്കി. പോയമാസം 28,018 കാറുകളാണ് ടാറ്റ വിപണിയില്‍ വിറ്റത്. 2020 ഓഗസ്റ്റില്‍ ഇത് 18,583 യൂണിറ്റുകളായിരുന്നു. നെക്‌സോണ്‍, ആള്‍ട്രോസ്, ടിയാഗൊ, ഹാരിയര്‍, സഫാരി മോഡലുകളുടെ കൈപ്പിടിച്ചാണ് ടാറ്റയുടെ മുന്നേറ്റം. 

16,750 കാറുകളാണ് ഓഗസ്റ്റില്‍ കിയ ഇന്ത്യയില്‍ വിറ്റത്. സെല്‍റ്റോസ് എസ്‌യുവി 8,619 യൂണിറ്റുകളുടെ വില്‍പ്പന കിയയ്ക്ക് സമ്മാനിച്ചു. സോണറ്റ് 7,752 യൂണിറ്റുകളുടെ വില്‍പ്പനയും കാര്‍ണിവല്‍ 379 യൂണിറ്റുകളുടെ വില്‍പ്പനയുമാണ് ഓഗസ്റ്റില്‍ കണ്ടെത്തിയത്. 54.3 ശതമാനമാണ് കിയയുടെ വാര്‍ഷിക വളര്‍ച്ച.  

പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മഹീന്ദ്രയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 17.7 ശതമാനം വളര്‍ച്ച കുറിക്കുന്നു മഹീന്ദ്ര. പോയമാസം 15,786 യൂണിറ്റുകളാണ് മഹീന്ദ്ര വിപണിയില്‍ വിറ്റത്. നിലവില്‍ കമ്പനിക്ക് 6.1 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്.

ടൊയോട്ട, ഹോണ്ട, റെനോ എന്നിവരാണ് വില്‍പ്പനപ്പട്ടികയിലെ അടുത്ത കമ്പനികള്‍. ഒരു വര്‍ഷം മുന്‍പുള്ള ചിത്രം വെച്ച് നോക്കിയാല്‍ ടൊയോട്ട 129.9 ശതമാനവും റെനോ 20.4 ശതമാനവും വീതം മുന്നേറി. ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയും കുറിച്ചിട്ടുണ്ട് 48.6 ശതമാനം വാര്‍ഷിക വളര്‍ച്ച. 

ഓഗസ്റ്റിലെ വിവിധ കമ്പനികളുടെ കാര്‍ വില്‍പ്പന കണക്കുകള്‍ അറിയാം

മാരുതി സുസുക്കി - 1,03,187
ഹ്യുണ്ടായി - 46,866
ടാറ്റ മോട്ടോര്‍സ് - 28,018
കിയ - 16,750
മഹീന്ദ്ര - 15,973
ടൊയോട്ട - 12,772
ഹോണ്ട - 11,177
റെനോ - 9,703
എംജി മോട്ടോര്‍ - 4,315
സ്‌കോഡ - 3,829
നിസാന്‍ - 3,209
ഫോക്‌സ്‌വാഗണ്‍ - 1,631
ഫോര്‍ഡ് - 1,508
ജീപ്പ് - 1,173
സിട്രണ്‍ - 50

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!