"വെള്ളത്തിലിറങ്ങരുതേ, പണി കിട്ടും.." 1.8 ലക്ഷം കാറുകളില്‍ ഈ തകരാറെന്ന് ഉടമകളോട് മാരുതി!

By Web TeamFirst Published Sep 4, 2021, 10:46 AM IST
Highlights

ഈ കാറുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും മാരുതി സുസുക്കി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 1,80,754 കാറുകൾ തിരിച്ചുവിളിക്കുന്നു. സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്, എക്സ്‍എൽ 6 എന്നീ മോഡലുകളുടെ പെട്രോൾ പതിപ്പാണ് തിരിച്ചുവിളിക്കുന്നതെന്നും മോ​ട്ടോർ ജനറേറ്റർ യൂനിറ്റ്​ (എം.ജി.യു) തകരാറാണ്​ തിരിച്ചുവിളിക്ക്​ കാരണം എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  

2018 മേയ് നാലിനും 2020 ഒക്ടോബർ 27-നും ഇടയിൽ നിർമിച്ച വാഹനങ്ങളുടെ മോട്ടോർ ജനറേറ്റർ യൂണിറ്റിലാണ് പ്രശ്‍നം കണ്ടെത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തിൽ ഇവ സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രശ്‍നമുള്ള വാഹന ഉടമയ്ക്ക് അടുത്തുള്ള അംഗീകൃത മാരുതി വർക്ക്‌ഷോപ്പുകളിൽനിന്ന് അറിയിപ്പ് ലഭിക്കും. 2021 നവംബർ മുതലായിരിക്കും തകരാറുള്ള ഘടകം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. തകരാർ പരിഹരിക്കുന്നതുവരെ ഈ പ്രത്യേക യൂണിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾക്ക് തകരാർ കാരണമാകുമെന്നാണ്​ മാരുതി എഞ്ചിനീയർമാർ കണ്ടെത്തിയിരിക്കുന്നത്​. തിരിച്ചുവിളിക്കൽ ഉത്തരവ് കമ്പനി സ്വമേധയാ പുറപ്പെടുവിക്കുകയായിരുന്നു. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അംഗീകൃത സർവ്വീസ്​ സെൻററുകളിൽ നിന്ന്​ ബന്ധപ്പെടും. മോട്ടോർ ജനറേറ്റർ യൂനിറ്റ് പരിശോധിക്കുകയും തകരാറുകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യും. ഉപഭോക്താവിന് യാതൊരു ചിലവുമില്ലാതെയാകും പ്രശ്​നം പരിഹരിക്കുക.

തങ്ങളുടെ വാഹനം തിരിച്ചുവിളിയിൽ ഭാഗമാണോ എന്ന് ഉടമകള്‍ക്ക് മാരുതി സുസുക്കി വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്​ത്​ പരിശോധിക്കാം. മോഡലിന്‍റെ ഷാസി നമ്പർ (MA3, അതിനുശേഷം 14 അക്ക ആൽഫ-സംഖ്യാ കോഡ്) നൽകിയാൽ വിവരം അറിയാം. 

സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള വാഹനങ്ങളുടെ തിരിച്ചുവിളി ലോകമെമ്പാടും സർവ്വസാധാരണമായ പ്രകിയയയാണ്. 

ചിത്രം - പ്രതീകാത്മകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!