മണിക്കൂറില്‍ 403 കിമീ; ഈ കാറിന്‍റെ വേഗരഹസ്യം പുറത്ത്!

By Web TeamFirst Published May 6, 2020, 10:09 AM IST
Highlights

ഏറ്റവും പുതിയ മക് ലാറന്‍ മോഡലായ സ്പീഡ്‌ടെയ്‌ലിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത്

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍റെ ഏറ്റവും പുതിയ മോഡലായ സ്പീഡ്‌ടെയ്‌ലിന്റെ പവര്‍ട്രെയ്ന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത്. ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ ഉപയോഗിക്കുന്ന സ്പീഡ്‌ടെയ്ല്‍ തങ്ങളുടെ എക്കാലത്തെയും ഏറ്റവും വേഗമേറിയ വാഹനമായിരിക്കുമെന്ന് കാര്‍ നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. അമേരിക്കയില്‍ നടത്തിയ വേഗ പരീക്ഷണത്തില്‍ മണിക്കൂറില്‍ 403 കിലോമീറ്ററെന്ന ഏറ്റവും ഉയര്‍ന്ന വേഗത മുപ്പതിലധികം തവണയാണ് കൈവരിച്ചത്.

മക് ലാറന്റെ 4.0 ലിറ്റര്‍, വി8 എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്ന എം840ടിക്യു ഹൈബ്രിഡ് പവര്‍ട്രെയ്‌നാണ് സ്പീഡ്‌ടെയ്ല്‍ ഉപയോഗിക്കുന്നത്. ആകെ 1035 ബിഎച്ച്പി കരുത്തും 1150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പി1 എന്ന മക് ലാറന്റെ ആദ്യ ഹൈബ്രിഡ് ഹൈപ്പര്‍കാറില്‍ നിന്ന് വികസിപ്പിച്ചതാണ് പുതിയ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍. പുതിയ ഭാരം കുറഞ്ഞ എയര്‍ ഇന്‍ടേക്ക് സിസ്റ്റം, മെച്ചപ്പെട്ട സിലിണ്ടര്‍ ഹെഡ് കൂളിംഗ്, പരിഷ്‌കരിച്ച പിസ്റ്റണ്‍ ഡിസൈന്‍ എന്നിവ വി8 എന്‍ജിന് ലഭിച്ചു.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഹൈബ്രിഡ് ഗ്രാന്‍ഡ് ടൂററിന് 12.8 സെക്കന്‍ഡ് മതി. പി1 ഹൈബ്രിഡ് ഹൈപ്പര്‍കാര്‍ 16.3 സെക്കന്‍ഡ് സമയമെടുക്കും. പി1 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പീഡ്‌ടെയ്ല്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ ഊര്‍ജ സാന്ദ്രത നാല് മടങ്ങ് അധികമാണ്.

മക് ലാറന്റെ ഏറ്റവും പുതിയ പതാകവാഹക മോഡല്‍ കൂടിയായ സ്പീഡ്‌ടെയ്ല്‍ 106 യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുന്നത്. ഇതിനകം മുഴുവന്‍ കാറുകളും വിറ്റുപോയി. 1.75 മില്യണ്‍ യൂറോയാണ് (ഏകദേശം 14.52 കോടി ഇന്ത്യന്‍ രൂപ) ഓരോന്നിനും വില.

മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഏഷ്യന്‍ വിപണികളിലേക്കെത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മക്‌ലാറന്‍ സിഇഒ മൈക്ക് ഫ്‌ളെവിറ്റ് ഡെട്രോയിറ്റില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ചൈനക്ക് പുറത്തെ ഏഷ്യന്‍ വിപണികളില്‍ ആവശ്യകത ശക്തമാണെന്നും ഏഷ്യയില്‍ കൂടുതല്‍ കാറുകള്‍ എത്തിക്കേണ്ടതുണ്ടെന്നും തങ്ങളുടെ അടുത്ത വലിയ വിപണികള്‍ ഇന്ത്യയും റഷ്യയുമാണെന്നും ഈ രണ്ട് വിപണികളിലും കമ്പനി ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്നും മൈക്ക് ഫ്‌ളെവിറ്റ് പറഞ്ഞിരുന്നു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളിലെ മക്‌ലാറന്‍ കാറുകള്‍ ഇറക്കുമതി ചെയ്‍തവയാണ്.

click me!