ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കാന്‍ ബെന്‍സ്

By Web TeamFirst Published Jun 8, 2021, 9:37 PM IST
Highlights

ഇന്ത്യയിൽ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് പ്രഖ്യാപിച്ചതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിൽ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് പ്രഖ്യാപിച്ചതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിമുതല്‍ കമ്പനി നേരിട്ട് ഡീലര്‍ഷിപ്പുകളിലെ സ്‌റ്റോക്ക് സംബന്ധമായ ചെലവുകള്‍ വഹിക്കുമെന്നും കമ്പനി നേരിട്ടായിരിക്കും സ്റ്റോക്കിന്റെ ഉടമസ്ഥാവകാശം കൈകാര്യം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഡീലര്‍മാര്‍ക്ക് പകരം നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കും. 

സ്വന്തം വിപണി വികസിപ്പിക്കുക,  ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍ സൂക്ഷിക്കുക, കാറുകളുടെ വില്‍പ്പന സുഗമമാക്കുക എന്നീ കാര്യങ്ങള്‍ മാത്രമാണ് ഇനി മുതല്‍ ഡീലര്‍മാരുടെ പ്രാഥമിക ചുമതല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാറുകളുടെ വിലയുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിന് പുതിയ നടപടി മെഴ്‌സേഡസിനെ സഹായിക്കും. സ്‌റ്റോക്ക് ചെലവുകള്‍ തങ്ങള്‍ നേരിട്ട് വഹിക്കുന്നതോടെ ഡീലര്‍മാരുടെ ലാഭസാധ്യത വര്‍ധിക്കുമെന്ന് മെഴ്‌സേഡസ് അവകാശപ്പെട്ടു. പുതിയ തീരുമാനം രാജ്യമാകെ ഓരോ മോഡലും ഒരു നിശ്ചിത വിലയില്‍ വില്‍ക്കാന്‍ സാഹചര്യമൊരുക്കുമെന്നാണ് റിപ്പോർട്ടുകള്‍ ഉണ്ട്. 

വലിയ പരിവര്‍ത്തനമാണ് കമ്പനി റീട്ടെയ്ല്‍ ബിസിനസില്‍ കൊണ്ടുവരുന്നതെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ അധികൃതര്‍ പറയുന്നു. ഫ്രാഞ്ചൈസി പങ്കാളികള്‍ക്കും ഉപയോക്താക്കള്‍ക്കും ഇത് വിന്‍ വിന്‍ സാഹചര്യമാണെന്നും ഫ്രാഞ്ചൈസി പാര്‍ട്‍ണര്‍മാര്‍ ബ്രാന്‍ഡ് പ്രതിനിധികളായി തുടരുമെന്നും ഉപഭോക്താക്കളെ ശാക്തീകരിക്കാൻ പുതിയ വില്‍പ്പന രീതി സഹായിക്കുമെന്നുമാണ് കമ്പനി കണക്കുകൂട്ടുന്നത്. 2021 അവസാന പാദം മുതലാണ് പുതിയ വില്‍പ്പന രീതി നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!