മൈലേജ് 1000 കിമീ, പുത്തന്‍ കാറിന്‍റെ പണിപ്പുരയില്‍ ഈ കമ്പനി!

By Web TeamFirst Published Jul 25, 2021, 3:47 PM IST
Highlights

വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ 2022-ന് മുമ്പ് അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം

ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്‍താല്‍ 1000 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക്ക് കാറുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് എത്തുന്നതായി റിപ്പോര്‍ട്ട്. വിഷന്‍ EQXX എന്ന പേരിലാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ പുതിയ ഇലക്ട്രിക് കണ്‍സെപ്റ്റ് ഒരുങ്ങുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയില്‍ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ഇലക്ട്രിക് മോഡലിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉയര്‍ന്ന സ്‍പീഡില്‍ ഈ റേഞ്ച് ഉറപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ 2022-ന് മുമ്പ് അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. 

ഈ വാഹനത്തില്‍ ഒരുങ്ങുന്ന ബാറ്ററി പാക്കായിരിക്കും താരം. ഇതിന്റെ ശേഷിയെ ആശ്രയിച്ചായിരിക്കും റേഞ്ച് ലഭ്യമാകുക. മെഴ്‌സിഡീസ് അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് മോഡലായ EQC-യില്‍ നല്‍കിയിട്ടുള്ള ബാറ്ററിയെക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയായിരിക്കും പുതിയ മോഡലില്‍ നല്‍കുക. ഇത് 20 ശതമാനം അധിക ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

100 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കും 647 കിലോമീറ്റർ പരിധിയും വാഗ്ദാനം ചെയ്യുന്ന ടെസ്‌ല മോഡൽ എസ് പ്ലെയിഡാണ് നിലവില്‍ ഇവി വാഹനങ്ങളില്‍ ഏറ്റവും ദൈർഘ്യമേറിയത്. ലിഥിയം അയൺ സെല്ലുകളിൽ നിന്ന് കൂടുതൽ ഊർജ്ജം പുറത്തെടുക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമത വികസിപ്പിക്കാൻ മെഴ്‌സിഡസ് ബെൻസ് ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായി ബാറ്ററി പായ്ക്കിന്റെ വലുപ്പം കുറയ്ക്കും. അതുകൊണ്ടുതന്നെ ചാർജ് ചെയ്യാൻ സമയമെടുക്കുമെന്നും അത്രയും ഭാരം ഉണ്ടാകാതിരിക്കുമെന്നും കൂടുതൽ ദൂരം നൽകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡീസിന്റെ വാഹന വിദഗ്ധരുടെ വലിയ നിരയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡീസ് ബെന്‍സിന്റെ ഫോര്‍മുല വണ്‍ ഹൈ പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ എന്‍ജിനും മറ്റും വികസിപ്പിക്കുന്നവരാണ് ഈ സംഘത്തില്‍. 

സെഡാന്‍ ശ്രേണിയിലായിരിക്കും ഈ ഇലക്ട്രിക് വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ഡിസൈന്‍, ഫീച്ചര്‍ സംബന്ധിച്ച സൂചനകളെല്ലാം വൈകാതെ കമ്പനി വെളിപ്പെടുത്തിയേക്കും. അടുത്തിടെ എസ്‍യുവി ശ്രേണിയിലേക്ക് അവതരിപ്പിച്ച EQC-ആണ് മെഴ്‌സിഡീസ് വിപണിയില്‍ എത്തിച്ച ആദ്യ ഇലക്ട്രിക് വാഹനം.

അതേസമയം 2030ഓടെ സമ്പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക്​ മാറാനൊരുങ്ങുകയാണ് മെഴ്​സിഡസ്​ ബെൻസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 മുതൽ എല്ലാ മോഡലുകളിലും ബാറ്ററി-ഇലക്ട്രിക് വാഹന ഓപ്ഷനുകളും ബെൻസ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഭാവിയിൽ ഇലക്ട്രിക് കാറുകൾക്കായി മൂന്ന് ഇവി ഡിസൈൻ തീമുകളും കമ്പനി വികസിപ്പിക്കും. ഇതോടൊപ്പം ഇവി ബാറ്ററികൾ നിർമിക്കാൻ എട്ട്​ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നീക്കമുണ്ട്​. സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിന്​ എട്ട് ജിഗാഫാക്​ടറികൾ സ്ഥാപിക്കാനും മെഴ്‌സിഡസ് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിഗാഫാക്ടറികളില്‍ ഒരെണ്ണം അമേരിക്കയിലും നാലെണ്ണം ഫാക്ടറികൾ യൂറോപ്പിൽ മറ്റ്​ പങ്കാളികളുമായി ചേർന്നും സ്​ഥാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ ദശകത്തി​ന്‍റെ അവസാനത്തോടെ പൂർണമായും ഇലക്ട്രിക്ക് ആകുകയാണ് കമ്പനിയുടെ ലക്ഷ്യം. 

നാല് വർഷത്തിനുള്ളിൽ നിർമിക്കുന്ന ഓരോ മോഡലിനും സമാന്തരമായി ഇലക്​ട്രിക്​ വാഹനവും വാഗ്​ദാനം ചെയ്യുന്നു കമ്പനി. ഈ വർഷം അവസാനത്തോടെ മെഴ്‌സിഡസ് നാല് പൂർണ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കും. അടുത്ത വർഷത്തോടെ, മെഴ്‌സിഡസ് ഇക്യുഇ, ഇക്യുഎസ് എന്നിവയുടെ എസ്‌യുവി പതിപ്പുകളും അവതരിപ്പിക്കും. 2024 ഓടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് ജി ക്ലാസ് പുറത്തിറക്കും.

ലോകത്ത്​ ഇവി ഷിഫ്റ്റ് വേഗതത്തിൽ നടക്കുകയാണെന്നും പ്രത്യേകിച്ച് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടുന്ന ആഡംബര വിഭാഗത്തിൽ ഇതിന് വേഗത ഏറെയാണെന്നും ഡെയിംലർ എജിയുടെയും മെഴ്‌സിഡസ് ബെൻസ് എജിയുടെയും സിഇഒ ഓല കല്ലേനിയസ് പറയുന്നു. വിപണികൾ ഇലക്ട്രിക് മാത്രമായി മാറുമ്പോൾ തങ്ങളും തയ്യാറായിരിക്കുകയാണെന്നും വേഗത്തിലുള്ള പരിവർത്തനത്തിലൂടെ ബെൻസി​ന്‍റെ സ്ഥിരമായ വിജയം തങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!