ഈ മിടുക്കന്‍റെ വില ഇന്നറിയാം, ആവര്‍ത്തിക്കുമോ ചൈനീസ് മാജിക്ക്?

By Web TeamFirst Published Oct 7, 2021, 8:38 AM IST
Highlights

രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക സവിശേഷതകൾ കോർത്തിണക്കിയ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി (SUV) വാഹനമായിരിക്കും ഇത്. 

പുതിയ മോഡലായ ആസ്റ്ററിന്‍റെ (Astor) വില ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് (MG Motors) ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക സവിശേഷതകൾ കോർത്തിണക്കിയ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി (SUV) വാഹനമായിരിക്കും ഇത്. ഇന്ത്യയിലെ എംജിയുടെ അഞ്ചാമത്തെ ഉൽപന്നമാണ് ആസ്റ്റർ (Astor). നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുന്നതോടെ ആയിരിക്കും ഓൺലൈനിലൂടെ വാഹനത്തിന്‍റെ ഫ്ലാഷ് സെയിലും (Flash Sale) തുടങ്ങുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എം‌ജി ആസ്റ്റർ, എട്ട് വകഭേദങ്ങളിലായി 20 വേരിയന്റുകളോളം അണിനിരത്തുമെന്നാണ് പ്രാഥമിക നിഗമനം. ധാരാളം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതോടെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും വാഹനം. അവയിൽ പലതും സെഗ്‌മെന്റ്-ഫസ്റ്റ് ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.   സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പുതിയ എംജി എസ്‌യുവി വരുമെന്നാണ് സൂചന.

ഇവി മോഡലായ ഇസഡ്എസിന്‍റെ പെട്രോൾ പവർ പതിപ്പാണ് ആസ്റ്റർ. ഹെക്ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസ്റ്റർ സ്ഥാനം പിടിക്കുക.  സാഗ്രിയ റെഡ്, ഐകോണിക് ഐവറി ഡ്യൂവൽ കളറുകളും ട്യൂക്‌സെഡോ ബ്ലാക്കുമടക്കം മൂന്നു തരം ഇൻറീരിയർ കളറുകളിൽ വാഹനം തെരെഞ്ഞെടുക്കാം.

ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിൽ അധിഷ്ടിതമായ പേഴ്‌സണൽ അസിസ്റ്റൻറ് വഴി ഉപഭോക്താവിന്റെ ശബ്ദ സന്ദേശത്തിന് അനുസരിച്ച് നിരവധി സൗകര്യങ്ങളാണ് എം.ജി ആസ്റ്ററിലുള്ളത്. ഹെഡ് ടർണർ, വിക്കിപീഡിയ, തമാശ, വാർത്ത, ഇമോജി, ചിറ്റ്ചാറ്റ്, നാവിഗേഷൻ, കാർ കൺട്രോളിംഗ് സംവിധാനം, കാർ സംബന്ധിയായ മുന്നറിയിപ്പ് തുടങ്ങീ 80 ഇൻറർനെറ്റ് ഫീച്ചറുകൾ കാറിലുണ്ട്. ജിയോ ഇ-സിം വഴി ബന്ധിപ്പിച്ചാണ് ഇത്തരം സൗകര്യങ്ങൾ നൽകുന്നത്. ഇതിനായി 10.1 ഇഞ്ച് ടെച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻറ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

ഏഴ് എയർബാഗുകൾ, ഹെഡ്‌ലാമ്പ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലൈൻ കീപ് അസിസ്റ്റ്, ഫോർവേഡ് കോളിഷൻ വാണിഗ് എന്നിങ്ങനെ 27 ഫീച്ചറുകളാണ് സുരക്ഷക്കായി ആസ്റ്ററിലുള്ളത്. എം.ജി ഗ്ലോസ്റ്റർ, മഹീന്ദ്ര എക്‌സ്.യു.വി700 എന്നിവയിലേത് പോലെ ആസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻറ് സിസ്റ്റം (അഡാസ്) ലെവൽ 2 സംവിധാനവുമുണ്ട്.

രണ്ട് പെട്രോൾ എൻജിൻ ഒപ്ഷനുകളാണ് ആസ്റ്ററിലുള്ളത്. ഒന്നാമത്തേത് ഒന്നര ലിറ്റർ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ്. 110 എച്ച്.പി പവറും 144 എൻ.എം ടോർക്കുമാണ് ഇതിനുള്ളത്. എട്ട് സ്‌റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സും മാന്വൽ ഗിയർബോക്‌സും ഇതിലുണ്ട്. 1.3 ലിറ്റർ ഡർബോ പെട്രോൾ എൻജിനാണ് രണ്ടാമത്തെ ഒപ്ഷൻ. 140 എച്ച്.പി പവറും 220 എൻ.എം ടോർക്കും ഈ എൻജിന്‍ ഉല്‍പ്പാദിപ്പിക്കും. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് ഒപ്ഷനിൽ മാത്രമാണ് ഈ മോഡല്‍ എത്തുക.

മൂന്നു തരം സ്റ്റിയറിംഗ് മോഡുകൾ ഈ എസ്.യു.വിയിലുണ്ടാകും. 90 ശതമാനം വരെ കവറേജുള്ള സ്‌കൈ റൂഫ്, മുന്നിലും പിന്നിലുമുള്ള യാത്രികർക്ക് ആംറെസ്റ്റ് എന്നിവ ആസ്റ്ററിന്റെ സവിശേഷതയാണ്. 4323 എം.എം ആണ് കാറിന്റെ മൊത്തം നീളം. 1650 എം.എം ഉയരവും 1809 എം.എം വീതിയുമാണ്.

ആസ്റ്റർ വിൽപ്പനയ്ക്ക് എത്തുന്നതോടെ വിതരണ ശൃംഖല സ്ഥിരമാകുമ്പോൾ പ്രതിമാസം 7,000 മുതൽ 8,000 യൂണിറ്റുകൾ വരെ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാകും ആസ്റ്റർ എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് സൂചന. ഈ വില ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ്, കിയ സെൽറ്റോസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെ ഇത് നേർക്കുനേർ മത്സരിക്കും. 
 

click me!