Latest Videos

റെക്കോഡ് വില്‍പനയുമായി വാര്‍ഡ്‍വിസാര്‍ഡ്

By Web TeamFirst Published Oct 6, 2021, 4:34 PM IST
Highlights

രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ (Joy E-Bike) 2500 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വാര്‍ഡ്വിസാര്‍ഡ് (WardWizard) വിറ്റഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചി: ഉത്സവ സീസണായതോടെ 2021 സെപ്റ്റംബറില്‍ റെക്കോഡ് വില്‍പന രേഖപ്പെടുത്തി വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (WardWizard Innovation And Mobility). രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ (Joy E-Bike) 2500 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വാര്‍ഡ്വിസാര്‍ഡ് (WardWizard) വിറ്റഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2020 സെപ്റ്റംബറില്‍ 117 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്. 2021 ആഗസ്റ്റില്‍ 2001 യൂണിറ്റുകളുടെയും, ജൂലൈയില്‍ 945 യൂണിറ്റുകളുടെയും വില്‍പന നടന്നിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ആകെ വില്‍പന 5,446 യൂണിറ്റുകള്‍ കടന്നു.

ആദ്യപാദത്തിലെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 187 ശതമാനം വളര്‍ച്ചയാണ് വാര്‍ഡ്‍വിസാര്‍ഡ് നേടിയത്. 1893 യൂണിറ്റുകളാണ് 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദം വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 720 ശതമാനം വളര്‍ച്ച നേടാനും കമ്പനിക്ക് കഴിഞ്ഞു. 664 യൂണിറ്റുകളായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ വില്‍പന.

സെഗ്മെന്‍റുകളിലുടനീളമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുമ്പുള്ള തലത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും, ഉത്സവ സീസണ്‍ തിരക്ക് വരുന്നതിനാല്‍ തങ്ങളുടെ വില്‍പനയില്‍ മറ്റൊരു നാഴികക്കല്ല് കൈവരിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന വിപണി ആവശ്യം നിറവേറ്റുന്നതിനായി, ഒക്ടോബര്‍ മുതല്‍ വഡോദര നിര്‍മാണ പ്ലാന്‍റില്‍ പുതിയ ഓട്ടോമാറ്റിക് അസംബ്ലിലൈന്‍ കമ്പനി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഇതോടെ വാര്‍ഷിക ഉല്‍പാദന ശേഷി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷം യൂണിറ്റായി ഉയരുകയും ചെയ്‍തു എന്നും കമ്പനി പറയുന്നു. 

click me!