രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറിന് വില കൂടി

Published : Feb 01, 2025, 10:26 AM IST
രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറിന് വില കൂടി

Synopsis

എംജി മോട്ടോർ ഇന്ത്യ അതിൻ്റെ കോമറ്റ് ഇവി മോഡലിൻ്റെ വിലയിൽ വർദ്ധനവ് വരുത്തി. എൻട്രി ലെവൽ എക്‌സിക്യുട്ടീവ് ഒഴികെ മറ്റു വേരിയന്റുകളുടെ വില 12,000 രൂപ മുതൽ 19,000 രൂപ വരെ വർദ്ധിച്ചു.

ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ അതിൻ്റെ വാഹന നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ അല്ലെങ്കിൽ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോമറ്റ് ഇവിയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എക്‌സിക്യുട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, 100 വർഷത്തെ പതിപ്പ് എന്നിവ ഉൾപ്പെടുന്ന നാല് വേരിയൻ്റുകളിലാണ് കോമറ്റ് ഇവി എത്തുന്നത്. ഇതിൽ എൻട്രി ലെവൽ എക്‌സിക്യൂട്ടീവിൻ്റെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോപ്പ്-സ്പെക്ക് 100-ഇയർ എഡിഷനും ഫാസ്റ്റ് ചാർജറുള്ള എക്സ്ക്ലൂസീവ് വേരിയൻ്റും 19,000 രൂപ വർദ്ധിപ്പിച്ചു.

കോമറ്റിൻ്റെ എക്‌സ്‌ക്ലൂസീവ് വേരിയൻ്റിൻ്റെ (ഫാസ്റ്റ് ചാർജർ ഇല്ലാതെ) വില 14,000 രൂപ വർദ്ധിച്ചു. എക്സൈറ്റ് വേരിയൻ്റ് വാങ്ങുന്ന ഉപഭോക്താക്കൾ സ്റ്റാൻഡേർഡിന് 12,000 രൂപയും ഫാസ്റ്റ് ചാർജർ വേരിയൻ്റിന് 17,000 രൂപയും അധികമായി നൽകേണ്ടിവരും. എംജി കോമറ്റിൻ്റെ എക്‌സ് ഷോറൂം വില ഇപ്പോൾ 7 ലക്ഷം മുതൽ 9.84 ലക്ഷം രൂപ വരെയാണ്. ഈ രണ്ട്-വാതിലുകളുള്ള ഇലക്ട്രിക് വാഹനത്തിന് കരുത്ത് പകരാൻ, ഒരൊറ്റ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് 17.3kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് ഫുൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു.

വുളിംഗ് എയർ ഇവിക്ക് സമാനമാണ് ഇതിൻ്റെ ഡിസൈൻ. എംജി കോമറ്റ് ഇവി GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നഗര യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇത് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എങ്കിലും, ഒതുക്കമുള്ള വലിപ്പം കാരണം കാർ അൽപ്പം ദുർബലമായി കാണപ്പെടാം. 145/70 ടയർ വലിപ്പമുള്ള 12 ഇഞ്ച് വീലുകളാണുള്ളത്. മുന്നിൽ ഡിസ്ക് ബ്രേക്കുകൾ ലഭിക്കും, പിന്നിൽ ഡ്രം ബ്രേക്കുകൾ ലഭ്യമാണ്.

കോമറ്റ് ഇവിയുടെ നീളം 2974 എംഎം, വീതി 1505 എംഎം, ഉയരം 1640 എംഎം എന്നിങ്ങനെയാണ്.  2010 എംഎം ആണ് ഇതിൻ്റെ വീൽബേസ്. ടേണിംഗ് റേഡിയസ് വെറും 4.2 മീറ്ററാണ്, ഇത് തിരക്കേറിയ റോഡുകളിൽ വാഹനമോടിക്കുന്നതിനോ ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനോ ഒരു അനുഗ്രഹമാണ്. എംജി കോമറ്റ് ഇവിക്ക് അടച്ച ഫ്രണ്ട് ഗ്രിൽ, പൂർണ്ണ വീതിയുള്ള എൽഇഡി സ്ട്രിപ്പ്, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയും ഉണ്ട്. വലിയ വാതിലുകളും സ്പോർട്ടി അലോയി വീലുകളും പരന്ന പിൻഭാഗവും ഇതിനുണ്ട്.

10.25 ഇഞ്ച് സ്‌ക്രീനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഡിജിറ്റൽ ക്ലസ്റ്ററും ഇതിലുണ്ട്. വൈവിധ്യമാർന്ന ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ ജോടിയാക്കാനാകും. ഇത് സംഗീതത്തിൻ്റെ വിശദാംശങ്ങൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കാലാവസ്ഥാ വിവരങ്ങൾ, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ നൽകും. ബേ (നീല), സെറിനിറ്റി (പച്ച), സൺഡൗണർ (ഓറഞ്ച്), ഫ്ലെക്സ് (ചുവപ്പ്) എന്നീ 4 കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് എംജി കോമറ്റ് ഇവി വാങ്ങാൻ സാധിക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
ഡിഫൻഡർ ലുക്ക്, അവിശ്വസനീയമായ കരുത്ത്; ഈ ചൈനീസ് എസ്‍യുവി ഇന്ത്യയിലേക്ക്