ചൈനീസ് ജി 10 എംപിവി അടുത്തവര്‍ഷം ഇന്ത്യയിലെത്തും

By Web TeamFirst Published Jun 12, 2020, 3:40 PM IST
Highlights

ഈ എംപിവി അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിപണിയിലെത്തും

ചൈനീസ് വാഹന ബ്രാന്‍ഡായ സിയാക്കിന് കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോറിന്റെ ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹനം ജി10നെ 2020 ഓട്ടോ എക്സ്പോയിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഈ എംപിവി അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിപണിയിലെത്തും. ചൈനീസ് വിപണിയൽ മാക്സസ് G10 എന്ന് അറിയപ്പെടുന്ന G10 എംപിവിക്ക് ഒരു അപ്‌ഡേറ്റ് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് ഇന്ത്യയിലേക്ക് കമ്പനി കൊണ്ടുവരുന്നത്. 

സിയാക്ക് മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ മാക്‌സസ് ബ്രാന്‍ഡിലുള്ള ജി10 എംപിവിയാണ് എംജി മോട്ടോറിന്റെ ലോഗോയുമായി ഇന്ത്യയിലെത്തുന്നത്. ചൈനയിൽ 2023 ജൂലൈ 1 മുതൽ നിർബന്ധിതമാക്കുന്ന 6b എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിനുകളാണ് പുതുലമുറ എംജി G10 -ൽ നൽകിയിരിക്കുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റുകൾ ആണ് ഇപ്പോൾ കരുത്ത് പകരുന്നത്. 2.0 പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ (224 bhp കരുത്തും 345 Nm torque), ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (218 bhp കരുത്തും 350 Nm torque) എന്നിങ്ങനെയും 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 163 bhp കരുത്തും 375 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിന് ജോഡിയാവും.

7, 9 സീറ്റ് വിന്യാസങ്ങളില്‍ എംജി ജി10 ലഭിക്കും. 7 സീറ്റ് വേര്‍ഷനിലെ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കും. മാത്രമല്ല, 7 സീറ്റ് വകഭേദത്തിലെ രണ്ടും മൂന്നും നിര സീറ്റുകള്‍ നിരക്കിനീക്കാന്‍ കഴിയുന്നതായിരിക്കും. 3 ഭാഗങ്ങളായുള്ള പനോരമിക് സണ്‍റൂഫ്, പവര്‍ സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവ ചൈനയില്‍ വില്‍ക്കുന്ന മാക്‌സസ് ജി10 എംപിവിയിലെ ഫീച്ചറുകളാണ്. ഇന്ത്യാ സ്‌പെക് മോഡലില്‍ ഇതേ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. കൂടാതെ എംജിയുടെ ഐ-സ്മാര്‍ട്ട് എന്ന കണക്റ്റഡ് കാര്‍ സിസ്റ്റം കൂടി നല്‍കും.

ഇന്ത്യയില്‍ കിയ കാര്‍ണിവല്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയായിരിക്കും എതിരാളികള്‍. വലുപ്പത്തിന്റെ കാര്യത്തില്‍ എംജി ജി10, കിയ കാര്‍ണിവല്‍ മോഡലുകള്‍ സമാനമാണ്. എംജി ജി10 എംപിവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5,168 എംഎം, 1,980 എംഎം, 1,928 എംഎം എന്നിങ്ങനെയാണ്. 3,198 മില്ലി മീറ്ററാണ് വീല്‍ബേസ്. ഇന്ത്യയിലെ ഫുള്‍ സൈസ് എംപിവികള്‍ക്കിടയില്‍ എംജി ജി10 സ്ഥാനം പിടിക്കും. ഏഴ്, ഒമ്പത്-സീറ്റ് പതിപ്പുകൾക്ക് പുറമേ എട്ട് സീറ്റ് പതിപ്പിലും കമ്പനി ഇപ്പോൾ ചൈനയിൽ വാഹനം വിപണിയിൽ എത്തിക്കുന്നു. 2021 എം‌ജി G10 ന്റെ വില 1,39,800 ചൈനീസ് യുവാൻ (14.96 ലക്ഷം രൂപ)യിൽ ആരംഭിക്കുന്നു. 

click me!