ഫോര്‍ച്യൂണറിനും എന്‍ഡവറിനും ഭീഷണിയുമായി ചൈന!

By Web TeamFirst Published Feb 23, 2020, 8:45 PM IST
Highlights

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയായ ഗ്ലോസ്‌റ്റർ എസ്‌യുവിയെ ഈ വർഷം നവംബറോടെ വിപണിയിലെത്തിക്കും. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ്. കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയായ ഗ്ലോസ്‌റ്റർ എസ്‌യുവിയെ ഈ വർഷം നവംബറോടെ വിപണിയിലെത്തിക്കും. ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോർസ് വാഹനത്തെ അവതരിപ്പിച്ചിരുന്നു. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ.  ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകതളത്തിൽ 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും.

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഒാട്ടമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾകൊള്ളുന്ന സുരക്ഷാ സംവിധാനങ്ങൾ എം.ജി വഹാനത്തിൽ ഒരുക്കുന്നുണ്ട്.

എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്രൂറാസ് G4 എന്നീ മുൻനിര മോഡലുകളാണ് ഗ്ലോസ്റ്ററിന്‍റെ എതിരാളികള്‍. 

click me!